യന്ത്രത്തകരാർ: വള്ളം കടലിൽ കുടുങ്ങി; 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Mail This Article
അഴീക്കോട് ∙ യന്ത്രത്തകരാർ മൂലം കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും 40 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി. അഴീക്കോട് ഫിഷ് ലാൻഡിങ് സെന്ററിൽ നിന്നു മീൻ പിടിക്കാൻ പോയ എറിയാട് പോണത്ത് അജയന്റെ ‘ശ്രീകൃഷ്ണ പ്രസാദം’ ഇൻബോർഡ് എൻജിൻ വള്ളമാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ അഞ്ചിനു കരയിൽ നിന്നു 16 നോട്ടിക്കൽ മൈൽ (ഏകദേശം 30 കിലോമീറ്റർ) അകലെ പൊക്ലായ് വടക്ക് – പടിഞ്ഞാറ് ഭാഗത്താണ് എൻജിൻ നിലച്ചു വള്ളം കടലിൽ കുടുങ്ങിയത്. വിവരം അറിഞ്ഞ ഉടൻ ഫിഷറീസ് വകുപ്പിന്റെ റസ്ക്യു ബോട്ട് രക്ഷാപ്രവർത്തനം നടത്തി.
എറിയാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്.പോൾ, മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ് വിങ് ഓഫിസർമാരായ വി.എം.ഷൈജു, വി.എൻ.പ്രശാന്ത് കുമാർ, ഇ.ആർ.ഷിനിൽ കുമാർ, റസ്‌ക്യൂ ഗാർഡുമാരായ പ്രസാദ്, വിബിൻ, ബോട്ട് സ്രാങ്ക് റസാക്ക് മുനക്കകടവ്, എൻജിൻ ഡ്രൈവർ റഷീദ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.