തൃശൂരിന്റെ പൈതൃകം, നമ്മുടെ പാക്കിങ്: ഇതാകട്ടെ നമ്മുടെ സ്റ്റാൻഡ്
Mail This Article
തൃശൂർ ∙ ആരോ ആർക്കോ വേണ്ടി നിർമിക്കുകയല്ല, നമ്മൾ തന്നെ നമുക്കു വേണ്ടി നിർമിക്കുക എന്ന ആശയത്തിന്റെ തുടക്കമാകും പുതിയ കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്ന് പി.ബാലചന്ദ്രൻ എംഎൽഎ. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ആധുനിക സൗകര്യങ്ങളോടെ പുനർനിർമിക്കുന്നതിനായി രൂപകൽപന ക്ഷണിച്ചുകൊണ്ട് മലയാള മനോരമയും ബിൽഡേഴ്സ് അസോസിയേഷനും ചേർന്ന് ഒരുക്കുന്ന ‘ലൈറ്റ്സ് സ്റ്റാൻഡ് ടുഗെദർ’ പരിപാടിയുടെ ഭാഗമായി സൈറ്റ് സന്ദർശിക്കാൻ എത്തിയ വിവിധ എൻജിനീയറിങ് കോളജ് വിദ്യാർഥികളോടും ആർക്കിടെക്ടുകളോടും സംസാരിക്കുകയായിരുന്നു എംഎൽഎ.
വലിയ കെട്ടിടം ഉണ്ടാക്കുന്നതിനല്ല, യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾക്കാണ് സ്റ്റാൻഡ് രൂപകൽപന ചെയ്യുമ്പോൾ പ്രാഥമിക പരിഗണന കൊടുക്കേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. തൃശൂരിന്റെ പൈതൃകം പ്രകടമാക്കുന്ന ഒന്നായിരിക്കണം സ്റ്റാൻഡ്. ഭാവിയിൽ റെയിൽവേ സ്റ്റേഷനെയും കെഎസ്ആർടിസിയെയും ബന്ധിപ്പിക്കേണ്ടതായി വരും. അതിനുള്ള വഴികൾ കൂടി രൂപകൽപന ചെയ്യുന്നവർ കണ്ടുവയ്ക്കണം. –എംഎൽഎ പറഞ്ഞു. കേരളത്തിന്റെ മധ്യഭാഗത്ത് ഒട്ടേറെ യാത്രക്കാർ വന്നുപോകുന്ന നഗരത്തിൽ അതനുസരിച്ചുള്ള സൗകര്യങ്ങളോടെ വേണം സ്റ്റാൻഡ് എന്ന് ഡപ്യൂട്ടി മേയർ എം.എൽ.റോസി പറഞ്ഞു.
താമസമില്ലാതെ തന്നെ നിർമാണം തുടങ്ങാനുള്ള ശ്രമങ്ങൾ എംഎൽഎ ഉറപ്പു നൽകിയതായും അവർ പറഞ്ഞു. സെൻട്രൽ സോൺ ട്രാൻസ്പോർട്ട് ഓഫിസർ ടി.എ.ഉബൈദ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു നൽകി. തുടർന്ന് വിദ്യാർഥികൾ രണ്ടു മണിക്കൂറോളം സമയമെടുത്ത് കെഎസ്ആർടിസി ഉദ്യോഗസ്ഥരുമൊത്ത് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് സംശയനിവാരണം നടത്തി. വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നു രൂപരേഖ സ്വീകരിച്ച് മികച്ചവയെ അവലംബിച്ചാകും പുതിയ കെഎസ്ആർടിസി സ്റ്റാൻഡ് സമുച്ചയം നിർമിക്കുക എന്ന് എംഎൽഎ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്, മനോരമയും ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) തൃശൂർ സെന്ററും ചേർന്ന് രൂപരേഖ വരയ്ക്കുന്നവർക്ക് സൈറ്റ് കാണുന്നതിന് ഇന്നലെ അവസരമൊരുക്കിയത്.
ചിറ്റിലപ്പള്ളി ഐഇഎസ് കോളജ് ഓഫ് എൻജിനീയറിങ്, ഐഇഎസ് കോളജ് ഓഫ് ആർക്കിടെക്ചർ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ്, തലക്കോട്ടുകര വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊടകര സഹൃദയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നീ കോളജുകൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുത്തു. ലാൻഡ് സ്കെച്ച് സെന്റർ ചെയർമാൻ കെ.കെ.ജോയിക്ക് എംഎൽഎ കൈമാറി. മലയാള മനോരമ വായനക്കാർ നൽകിയ നിർദേശങ്ങൾ സ്ഥാപന പ്രതിനിധികൾക്ക് ചടങ്ങിൽ വച്ച് നൽകി. സ്റ്റേറ്റ് ചെയർമാൻ പി.എൻ.സുരേഷ്, സെക്രട്ടറി മിജോയ് മാമു എന്നിവരും വിദ്യാർഥികളുമായി ആശയങ്ങൾ പങ്കുവയ്ക്കുകയും സാങ്കേതിക സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. മലയാള മനോരമ ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛൻ, പ്രോജക്ട് കൺവീനർ എൻ.ഐ.വർഗീസ്, ബിഎഐ സെന്റർ സെക്രട്ടറി വിൽസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.