‘കറങ്ങാനിറങ്ങിയതാ..’: നുണയിൽ പിടിച്ചുനിന്നത് അഞ്ചര മണിക്കൂർ! പൊളിഞ്ഞത് പുലർച്ചെ അഞ്ചരയോടെ
Mail This Article
തൃശൂർ ∙ പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്ന കേസിൽ തൃശൂർ വരന്തരപ്പിള്ളി അരങ്ങൻമൂല കളിയങ്കാറ സജിത് കുമാർ (മണി – 36), കണ്ണൂർ പാട്യം സ്വദേശികളായ പത്തയംകുന്ന് ശ്രീരാജിൽ നിഖിൽ രാജ് (35), ആശാരിക്കണ്ടിയിൽ പ്രബിൻ (29), കോക്കൂർ എളവള്ളി കോറത്തിൽ നിഖിൽ (33) എന്നിവർ അറസ്റ്റിലായി. കവർച്ചയ്ക്കു ശേഷം പെരിന്തൽമണ്ണയിൽ നിന്നു പോയ ഇവർ കാറിന്റെ നമ്പർപ്ലേറ്റ് മാറ്റി യാത്ര തുടരുന്നതിനിടെ തൃശൂർ ഈസ്റ്റ് പൊലീസ് വാഹനം തടഞ്ഞു പിടികൂടുകയായിരുന്നു. സംഘത്തിലെ മറ്റു 4 പേർ ഷൊർണൂരിലെത്തിയപ്പോൾ സ്വർണവുമായി കാറിൽ നിന്നിറങ്ങിയെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്.
പെരിന്തൽമണ്ണയിലെ കെഎം ജ്വല്ലറിയുടെ ഉടമസ്ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെയാണു കാറിലെത്തിയ എട്ടംഗ കവർച്ച സംഘം സ്കൂട്ടറിൽ ഇടിച്ച് ആക്രമിച്ചത്. ജ്വല്ലറി പൂട്ടി രണ്ടരക്കോടി രൂപയുടെ സ്വർണവുമായി വീട്ടിലേക്കു മടങ്ങുകയായിരുന്നു യൂസഫും ഷാനവാസും. കണ്ണിൽ കുരുമുളകു സ്പ്രേ പ്രയോഗിച്ച ശേഷം ഇടിച്ചു വീഴ്ത്തി സ്വർണവുമായി ഇവർ കടന്നു. ഷൊർണൂരിലെത്തിയ ശേഷം സംഘം രണ്ടായി വേർപിരിഞ്ഞു. തൃശൂർ ദിശയിലേക്കാണു കാറിന്റെ യാത്രയെന്ന വിവരം മലപ്പുറം പൊലീസിൽ നിന്നു തൃശൂർ സിറ്റി കമ്മിഷണർ ആർ. ഇളങ്കോയ്ക്കു കൈമാറി. കാറിന്റെ നമ്പർ തിരിച്ചറിഞ്ഞു പൊലീസ് പിടികൂടാനിടയുണ്ടെന്നു മനസ്സിലാക്കി പ്രതികൾ വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ചു.
എന്നാൽ, ഈ സാധ്യതയും സിറ്റി പൊലീസ് മുന്നിൽക്കണ്ടിരുന്നു. കവർച്ചയുടെ ദൃശ്യങ്ങളിൽ കണ്ട ബ്രാൻഡിലെ എല്ലാ കാറുകളും നിർബന്ധമായി തടഞ്ഞുനിർത്തി പരിശോധിക്കാൻ എസിപി സലീഷ് എൻ. ശങ്കരൻ മുഴുവൻ സ്റ്റേഷനുകൾക്കും നിർദേശം നൽകി. രാത്രി 12 മണിയോടെ കിഴക്കേക്കോട്ടയിലെത്തിയ കാർ ഈസ്റ്റ് എസ്എച്ച്ഒ എം.ജെ. ജിജോ, എസ്ഐ ജിനോ പീറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടയാൻ ശ്രമിച്ചു. എന്നാൽ,കാർ നിർlത്തിയില്ല. 2 കിലോമീറ്ററോളം പിന്തുടർന്നാണു ഇവരെ പിടികൂടിയത്. പ്രതികളെ പെരിന്തൽമണ്ണ പൊലീസിനു കൈമാറി. സിപിഒമാരായ പ്രദീപ്, സൂരജ് എന്നിവരും പൊലീസ് സംഘത്തിലുൾപ്പെട്ടു.
‘കറങ്ങാനിറങ്ങിയതാ..’ നുണയിൽ പിടിച്ചുനിന്നത് അഞ്ചര മണിക്കൂർ!
കിഴക്കേക്കോട്ടയിൽ ഈസ്റ്റ് പൊലീസ് പിന്തുടർന്നു പിടികൂടിയപ്പോൾ കവർച്ചാസംഘം നുണകൾ പറഞ്ഞു പിടിച്ചുനിൽക്കാൻ ശ്രമിച്ചത് അഞ്ചര മണിക്കൂറോളം. ‘വെറുതെ കറങ്ങാനിറങ്ങിയതാണ്, വണ്ടിയിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്നു നോക്കിക്കോളൂ’ തുടങ്ങിയ ന്യായങ്ങളാണ് ആദ്യം പ്രതികൾ പറഞ്ഞത്. ചോദ്യം ചെയ്യൽ തുടർന്നപ്പോൾ ‘പെരുമ്പാവൂർ വരെ’ സ്വകാര്യ യാത്ര പോകുകയാണെന്ന ന്യായം വന്നു.
പെരിന്തൽമണ്ണയിൽ കവർച്ച നടത്തി കടന്നുകളഞ്ഞ കാറിന്റെ നമ്പറല്ല പിടികൂടിയ കാറിൽ എന്നതിനാൽ പൊലീസിന് ഇവർ പ്രതികളാണെന്നുറപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവന്നു. പ്രതികൾ താമസിച്ച ലോഡ്ജിലെ സിസിടിവി ദൃശ്യമടക്കം പരിശോധിച്ച ശേഷം ഇവർ തന്നെയാണു പ്രതികൾ എന്നുറപ്പിച്ചപ്പോഴേക്കും പുലർച്ചെ അഞ്ചരയായി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴേക്കും പ്രതികളുടെ ചെറുത്തുനിൽപ് അവസാനിച്ചു.