കാറ്റിലും മഴയിലും വ്യാപക കൃഷിനാശം; 1500 വാഴകൾ പൂർണമായും നശിച്ചു - ചിത്രങ്ങൾ
Mail This Article
മാനന്തവാടി ∙ 2 ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം. വിളവെടുപ്പിന് പാകമായ നൂറുകണക്കിന് നേന്ത്രവാഴകളാണ് നിലം പൊത്തിയത്. തൃശ്ശിലേരി കാറ്റാടി കവലയിൽ പളാച്ചിക്കാട്ടിൽ സതി, അത്തിയാടി അരുൺ എന്നിവരുടെ 1500 വാഴകൾ പൂർണമായും നശിച്ചു. പാട്ടത്തിനെടുത്ത സ്ഥലത്ത് ബാങ്ക് വായ്പ, കുടുംബശ്രീ വായ്പ എന്നിവയെല്ലാമെടുത്താണ് ഇവർ 2000 വാഴകൾ നട്ടത്.
വാഴക്കുല കൊത്താൻ പാകമായപ്പോഴാണ് കാറ്റ് വില്ലനായത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുനത്. തവിഞ്ഞാൽ പഞ്ചായത്തിലെ മുതിരേരിയിൽ കഴുക്കോട്ടൂർ അരുൺ പുത്തൻപുരക്കലിന്റെ 1500 കുലച്ച നേന്ത്ര വാഴകളും കാറ്റിൽ നശിച്ചു. ബാങ്കിൽ നിന്നും വ്യക്തികളിൽ നിന്നു കടം വാങ്ങി കൃഷി ചെയ്ത യുവ കർഷകനാണ് കൃഷി നശിച്ചതോടെ പ്രതിസന്ധിയിലായത്.
മുതിരേരി, കുളത്താട പ്രദേശങ്ങളിലെ ഒട്ടേറെ കർഷകർക്ക് കാലവർഷത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 2 പ്രളയത്തിലും കൃഷിനാശം ഉണ്ടായ പല കർഷകർക്കും ഇതുവരെയും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കൃഷിയിൽ നിന്ന് ഉൽപാദന ചെലവ് പോലും ലഭിക്കാതെ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.