മുർഷിദ് വധം: പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
Mail This Article
മേപ്പാടി ∙ പുതുവത്സര പുലർച്ചെ വാക്തർക്കത്തിനിടെ എരുമക്കൊല്ലി കുന്നമംഗലം വയൽ കാവുണ്ടത്ത് മുഹമ്മദലിയുടെ മകൻ മുർഷിദിനെ (23) കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി എരുമക്കൊല്ലി കർപ്പൂരക്കാട് എരുമത്തടത്തിൽ പടിക്കൽ വീട്ടിൽ രൂപേഷ് എന്ന വാവിയെ (39) സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മേപ്പാടി സിഐ എ.ബി. വിപിന്റെ നേതൃത്വത്തിലാണു തെളിവെടുപ്പ് നടത്തിയത്.
ഇതു 2–ാം തവണയാണു പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നത്. കഴിഞ്ഞ 2ന് നടത്തിയ തെളിവെടുപ്പിനിടെ, പ്രതി കുത്താൻ ഉപയോഗിച്ചിരുന്ന കത്തി പൊലീസ് കണ്ടെടുത്തിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണു പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് വീണ്ടും തെളിവെടുപ്പിനെത്തിച്ചത്. ആക്രമണത്തിൽ മുർഷിദിന്റെ സുഹൃത്ത് കുന്നമ്പറ്റ സ്വദേശി നിഷാദിനു (25) പരുക്കേറ്റിരുന്നു.
കഴിഞ്ഞ ജനുവരി ഒന്നിനു പുലർച്ചെയോടെ എരുമക്കൊല്ലി-ചെമ്പ്ര പീക്ക് റോഡിൽ കർപ്പൂരക്കാടിനു സമീപമാണ് സംഭവം. പുലർച്ചെ പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങിയ ഒരു സംഘം യുവാക്കൾ കർപ്പൂരക്കാടുള്ള കടയ്ക്കു മുന്നിൽ ബൈക്ക് നിർത്തി സംസാരിച്ചു ഇരിക്കുകയായിരുന്നു. ഈ സമയം ഇവിടേക്ക് എത്തിയ പ്രതി രൂപേഷും സംഘവും യുവാക്കളുമായി വാക്തർക്കത്തിലായി.
ഇതിനിടെ പ്രതി രൂപേഷ് കത്തിയുമായി മുർഷിദിനെയും നിഷാദിനെയും അക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മുർഷിദ് വഴിമധ്യേ മരിച്ചു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതി രൂപേഷിനെ ഒന്നിനു രാവിലെയോടെ കർപ്പൂരക്കാട്ടെ വീട്ടിൽ നിന്നു പൊലീസ് പിടികൂടിയിരുന്നു.