ADVERTISEMENT

കൽപറ്റ ∙ വയനാട് ചുരത്തിൽ തകരാറായി കുടുങ്ങുന്ന വാഹനങ്ങൾ എടുത്തുമാറ്റാൻ ക്രെയിൻ സൗകര്യമൊരുക്കുമെന്ന വയനാട്– കോഴിക്കോട് ജില്ലാ ഭരണകൂടങ്ങളുടെ പ്രഖ്യാപനം നടപ്പായില്ല. ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 22നാണ്, ലക്കിടിയിലും അടിവാരത്തും ക്രെയിൻ സംവിധാനമൊരുക്കുമെന്ന് വയനാട്- കോഴിക്കോട് കലക്ടർമാർ നടത്തിയ ചർച്ചയിൽ പ്രഖ്യാപിച്ചത്. ചുരത്തിൽ സ്ഥിരമായി പൊലീസിനെ നിയോഗിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും തുടർനടപടികൾ വൈകുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാഹനങ്ങളുടെ തിരക്കും വാഹനങ്ങൾ റോഡിൽ കുടുങ്ങിയും ചുരം റോഡിൽ ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്.

വയനാട്ടിൽ നിന്നുള്ള രോഗികളെയും കൊണ്ടു പായുന്ന ആംബുലൻസുകൾ പോലും ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടുന്നു. താമരശ്ശേരി പൊലീസും ചുരംസംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തു ക്യാംപ് ചെയ്താണു പലപ്പോഴും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടോടെ ചുരം 8–ാം വളവിൽ ലോറി കേടായി കുടുങ്ങിയതിനെ തുടർന്നു മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. രാത്രി പതിനൊന്നോടെ ലോറി സ്ഥലത്തു നിന്നു മാറ്റിയപ്പോഴേക്കും ചുരത്തിനു മുകളിൽ വൈത്തിരി വരെയും താഴെ അടിവാരം വരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.

wayanad-thamarassery-churam-road-3

ചുരത്തിൽ വാഹനങ്ങൾ കേടായി കുടുങ്ങുന്നതാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണം. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് എടുത്തുമാറ്റാനുള്ള സംവിധാനം നിലവിൽ ഇല്ല. എവിടെനിന്നാണോ ക്രെയിൻ എത്തിക്കാൻ എളുപ്പമെന്ന് നോക്കി എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് ലക്കിടിയിലും അടിവാരത്തും ചുരം അതിർത്തിയിൽ ക്രെയിൻ സൗകര്യം ഒരുക്കണമെന്ന ആവശ്യമുയർന്നത്. വലിയ ചരക്കുമായി വരുന്ന ടോറസ് ലോറികളും മൾട്ടി അക്‌സൽ ബസുകളും ചുരത്തിൽ കുടുങ്ങുന്നത് പതിവാണ്. അവധിക്കാലമായതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ഒരു ദിവസം പോലുമില്ലെന്നതാണ് യാഥാർഥ്യം. വിദേശത്തേക്കും മറ്റും പോകുന്നവർ ഗതാഗതക്കുരുക്ക് മറികടക്കാൻ നേരത്തെ പോകേണ്ട സാഹചര്യമാണ്.

kozhikode-wayanad-churam-road

വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവായതോടെ സമയത്തിനെത്താനാവാതെ ട്രെയിൻ യാത്രക്കാരും ദുരിതത്തിലായി. ദിവസേന ക്വാറി ഉൽപന്നങ്ങളുമായി ടിപ്പർ ലോറികൾ ചുരം കയറി വയനാട്ടിലേക്കെത്തുന്നുണ്ട്. ഇത്തരം ലോറികളും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ചുരം വളവുകളിൽ കുരുങ്ങിപ്പോകുന്ന ലോറികൾക്കു പിന്നാലെയെത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെടാറാണ് പതിവ്. വർഷങ്ങൾക്കു മുൻപു വലിയ ചരക്കുവാഹനങ്ങളുടെ യാത്രയ്ക്കു ചുരത്തിൽ സമയ നിയന്ത്രണമേർപ്പെടുത്തിയിരുന്നെങ്കിലും അധികൃതരുടെ അലംഭാവം കാരണം തുടക്കത്തിൽ തന്നെ പാളിയിരുന്നു. അവധി ദിനങ്ങളിലും ചുരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. വിനോദസഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ ചുരം വ്യൂ പോയിന്റിൽ നിർത്തിയിടുന്നത് പതിവുകാഴ്ചയാണ്. ഇതും ഗതാഗത തടസ്സത്തിനുള്ള കാരണമാണ്.

വയനാട് ചുരത്തിൽ ഇന്നലെ ടിപ്പറും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടം.
വയനാട് ചുരത്തിൽ ഇന്നലെ ടിപ്പറും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടം.

എവിടെ ബദൽപാത ? 

വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായുള്ള നിർദിഷ്ട അടിവാരം-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് പദ്ധതി എങ്ങുമെത്തിയിട്ടില്ല. കാൽനൂറ്റാണ്ട് കാലത്തെ മുറവിളിയുടെ ഫലമായി 2 തവണ സർവേ നടത്തി പ്ലാൻ തയാറാക്കിയത് മാത്രമാണ് ഇതു സംബന്ധിച്ചുണ്ടായ ഏക നടപടി. ഹെയർപിൻ വളവുകളില്ലാതെ 14.5 കിലോമീറ്റർ ദൂരത്തിൽ തളിപ്പുഴയിൽ എത്തിച്ചേരുന്നതാണു നിർദിഷ്ട ബൈപാസ്. പുതുതായി നിർമിച്ച തുഷാരഗിരി റോഡ് ഉപയോഗിച്ചാൽ 2 കിലോമീറ്റർ ദൂരം വീണ്ടും കുറയും. റോഡ് വികസനത്തിനായി കോഴിക്കോട് ജില്ലയിലെ വനം അതിർത്തിവരെയുള്ള സ്ഥലങ്ങൾ സൗജന്യമായി ലഭിക്കും. തുടർന്നു രണ്ടര കിലോമീറ്റർ  മാത്രമാണ് വനഭൂമിയുള്ളത്. ഇതിനോടു ചേർന്നു ജില്ലയിൽ ഇഎഫ്എൽ വനഭൂമിയിൽ നിലവിലുള്ള കൂപ്പ് റോഡ് വിപുലീകരിച്ചാൽ ബൈപാസ് റോഡ് വേഗത്തിൽ യാഥാർഥ്യമാക്കാം. വനഭൂമി വിട്ടുകിട്ടുന്നതിൽ കാലതാമസം നേരിടുകയാണെങ്കിൽ വനത്തിലൂടെ തുരങ്കപ്പാതയും പരിഗണിക്കാവുന്നതാണ്. എന്നാൽ, അധികൃതർ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com