ADVERTISEMENT

അപകടങ്ങളും മറ്റ് അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ അത്യാസന്ന നിലയിലുള്ള രോഗികളുമായി ചുരമിറങ്ങുന്ന ആംബുലൻസുകളുടെ പാച്ചിലിന് പതിയെയെങ്കിലും അറുതി വരുമെന്ന വലിയ പ്രതീക്ഷയോടെയാണ് മെഡിക്കൽ കോളജ് ആശുപത്രി പ്രഖ്യാപനത്തെ ജില്ല വരവേറ്റത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്ത കാത്ത് ലാബും കാഴ്ച്ചവസ്തുവായ ബഹുനില കെട്ടിടവും മാത്രമായി വയനാട് മെഡിക്കൽ കോളജ് ആശുപത്രി മാറുന്നു. ആരോഗ്യ–ചികിത്സാ രംഗത്ത് ഏറെ പരിമിതികളുള്ള വയനാടിനോട് ഇനിയും അവഗണനയെന്തിന്? മനോരമ പരമ്പര ഇന്നുമുതൽ 

കാത്ത് ലാബിന്റെയും ബഹുനില കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കവേ 2023 ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്: ‘മെഡിക്കൽ കോളജ് വിപുലീകരിക്കും, മാസ്റ്റർപ്ലാൻ പരിഗണനയിൽ: 2 വർഷം മുൻപ് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തി. എന്നാൽ മെഡിക്കൽ കോളജിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ തുടർ നടപടികൾ ആയില്ല. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ മെഡിക്കൽ കോളജിന് കെട്ടിടങ്ങൾ നിർമിക്കുന്നതിനായി 65 ഏക്കർ സ്ഥലം ആരോഗ്യ വകുപ്പിനു കൈമാറി. എന്നാൽ തറക്കല്ല് ഇടാൻ പോലും ഇനിയും കഴിഞ്ഞിട്ടില്ല. മെഡിക്കൽ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നാഷനൽ മെഡിക്കൽ കമ്മിഷൻ പരിശോധന നടത്തിയിരുന്നു. ഇവർ നിർദേശിച്ച തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. മെഡിക്കൽ കോളജിനുള്ള അംഗീകാരവും  ഇനിയും ലഭിച്ചിട്ടില്ല.

മെഡിക്കൽ കോളജിലെ ലാബിൽ നിന്നു നൽകിയ പരിശോധനാ ഫലം. ഇപ്പോഴും ജില്ലാ ആശുപത്രി എന്ന് ചേർത്തിരിക്കുന്നതു കാണാം.

മാനന്തവാടി ∙ മെഡിക്കൽ കോളജ് പ്രഖ്യാപനവും ഉദ്ഘാടനവും കഴിഞ്ഞു 2 വർഷം പിന്നിടുമ്പോഴും ചികിത്സാരംഗത്ത് നാടിന്റെ പ്രതീക്ഷകൾ ഇനിയും പൂവണിഞ്ഞിട്ടില്ല. പപ്പടം ചുടുന്ന ലാഘവത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ സാധ്യമല്ലെന്നു വാദിക്കാമെങ്കിലും ഒരു സാധാരണ സർക്കാർ ആശുപത്രിയിൽ കിട്ടേണ്ട ചികിത്സാ സൗകര്യങ്ങളെങ്കിലും മെഡിക്കൽ കോളജിൽ വേണ്ടതല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. വയനാടിന് പുറമേ കർണാടകയിലെ കുട്ട, ബൈരക്കുപ്പ പ്രദേശങ്ങളിലുള്ളവരും കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലുള്ളവരും ചികിത്സ തേടി എത്തിയിരുന്നത് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയതോടെ രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇന്നലെ മാത്രം ഒപിയിൽ എത്തിയത് 1800ലേറെ രോഗികളാണ്. രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സൗകര്യങ്ങൾ കൂടാത്തതാണു പ്രതീക്ഷകളെ നിരാശയിലേക്കു തള്ളി വിടുന്നത്. 

ലക്ഷങ്ങൾ കുടിശിക: ലാബ്  പരിശോധന പുറത്തേക്ക്

രോഗനിർണയത്തിന് ഒഴിച്ചു കൂടാനാകത്ത ലാബ് പരിശോധനയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾ. ലാബിലേക്ക് വേണ്ട സാധനസാമഗ്രികൾ വിതരണം ചെയ്യുന്ന ഏജൻസികൾക്ക് 60 ലക്ഷത്തിലേറെ രൂപ കുടിശികയായതോടെ അവർ വിതരണം നിർ‌ത്തിയതാണു പ്രതിസന്ധിക്ക് കാരണം. കിഡ്നി രോഗികൾക്ക് വേണ്ട യൂറിയ ക്രിയാറ്റിൻ പരിശോധന, ആശുപത്രിയിൽ പ്രസവം നടക്കുമ്പോൾ നവജാത ശിശുക്കൾക്ക് നിർബന്ധമായും ചെയ്യേണ്ട തൈറോയിഡ് ടെസ്റ്റ്, ഹൃദ്രോഗവുമായി ബന്ധപ്പെട്ട ട്രോപ്പോറിൻ, മഞ്ഞപ്പിത്ത നിർണയം, കാൻസർ രോഗവുമായി ബന്ധപ്പെട്ട വിവിധ പരിശോധനകൾ എന്നിവയെല്ലാം പുറമേ നിന്ന് ചെയ്യേണ്ടി വരുന്നുണ്ട്. പ്രതിദിനം നൂറുകണക്കിനു നിർധന രോഗികളാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നത്.

മെഡിക്കൽ കോളജിൽ ഇല്ലാത്ത ടെസ്റ്റുകൾ അടിയന്തര സാഹചര്യത്തിൽ ടൗണിലെ ഒരു സ്വകാര്യ ലാബിൽ ചെയ്യുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിന് അടിയന്തര സ്വഭാവമുള്ള കേസാണ് ഇതെന്ന് ഡോക്ടർ എഴുതി നൽകണം. തുടർന്ന് മെഡിക്കൽ കോളജിലെ ലാബിൽ ചീട്ട് കാണിച്ച് പരിശോധന ഇവിടെ ലഭ്യമല്ലെന്ന സീൽ പതിക്കണം. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ നിന്നുള്ള സീലും വച്ച് വേണം സ്വകാര്യ ലാബിലേക്ക് പോകാൻ. എന്നാൽ ഇവിടെ രാത്രി പരിശോധനയില്ല എന്നതും പ്രയാസം ഉണ്ടാക്കുന്നുണ്ട്.

നോക്കുകുത്തിയായി കിടക്കുന്ന ബഹുനില കെട്ടിടവും ഉദ്ഘാടനം ചെയ്തിട്ടും യന്ത്രങ്ങൾ പോലും എത്താത്ത കാത് ലാബും പോലെതന്നെ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടതാണ് ലാബിന്റെ ദയനീയ അവസ്ഥയും. ബ്ലഡ് ബാങ്കിലേക്ക് വേണ്ട കിറ്റുകൾ ലഭിക്കാത്തതിനാൽ രക്തദാന ക്യാംപുകൾ പോലും നടത്താനാകാത്ത സ്ഥിതിയാണുള്ളത്. നിരന്തര ഇടപെടലുകളിലൂടെയാണ് അടിയന്തര സാഹചര്യത്തിന് വേണ്ട കിറ്റുകൾ എത്തിച്ചത്.

ബോർഡിൽ ഒതുങ്ങി മെഡിക്കൽ കോളജ് 

പ്രഖ്യാപനം കഴി‍ഞ്ഞു വർഷം 2 പിന്നിടുമ്പോളും ലാബിലടക്കം പല രേഖകളിലും ഇന്നും ജില്ലാ ആശുപത്രി എന്ന് തന്നെയാണു തുടരുന്നത്. ജില്ലാ ആശുപത്രി ആയിരിക്കവേ ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭിച്ചിരുന്നത് മെഡിക്കകൽ കോളജായതോടെ ഇല്ലാതാവുകയും  ചെയ്തു. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാമ്പത്തിക ഞെരുക്കം സാരമായി ബാധിക്കുന്നുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com