ഈ കാത്തിരിപ്പ് എന്നു തീരും? കാത്‌ലാബ് ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും പ്രവർത്തനം തുടങ്ങിയില്ല
Mail This Article
മാനന്തവാടി ∙ കാത്‌ലാബ് ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും യന്ത്രസംവിധാനങ്ങൾ പോലും എത്തിക്കാത്തതും കാർഡിയോളജസ്റ്റിനെ നിയമിക്കാത്തതും കടുത്ത വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 7 നില കെട്ടിടത്തിന്റെ അവശേഷിക്കുന്ന ജോലികൾ തീർത്ത് ഇനിയും ആശുപത്രി അധികൃതർക്കു കൈമാറിയിട്ടില്ല. മെഡിക്കൽ കോളജിലെ കാത് ലാബ് എന്നു പ്രവർത്തനം തുടങ്ങുമെന്ന് ഉറപ്പിച്ചു പറയാൻ ഇപ്പോഴും അധികാരികൾക്കു കഴിയുന്നില്ല. പുതിയ ബഹുനില കെട്ടിടത്തിന്റെ കാര്യത്തിലും ഇതു തന്നെയാണു സ്ഥിതി. ഉപകരണങ്ങൾ എത്തുന്നതിനാണു കാത്തിരിപ്പ്. കഴിഞ്ഞ ദിവസം നടന്ന എച്ച്ഡിസി എക്സിക്യൂട്ടീവ് യോഗത്തിൽ കാത് ലാബിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ധാരണയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞു 2 മാസം പിന്നിട്ടിട്ടും മുഴുവൻ യന്ത്രസംവിധാനങ്ങൾ എത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല.
ഒരുക്കങ്ങൾ പൂർത്തീകരിച്ച ശേഷം മതിയായിരുന്നില്ലെ ഉദ്ഘാടന മാമാങ്കം എന്ന ചോദ്യത്തിന് അധികാരികൾക്ക് മറുപടിയില്ല. 5 വർഷം മുൻപു പ്രഖ്യാപിക്കുകയും 2 മാസം മുൻപു മുഖ്യമന്ത്രി തന്നെ നേരിട്ടു വന്ന് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിട്ടും കാത്‌ലാബ് നോക്കുകുത്തിയായി തുടരുന്നതു പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. കാത്‌ലാബിന്റെ പണി ഓഗസ്റ്റിൽ പൂർത്തിയാക്കി നൽകുമെന്നാണ് കെഎംസിഎൽ മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചിട്ടുള്ളത്. ഇനിയും വലിയ യന്ത്രസംവിധാനങ്ങൾ സ്ഥാപിക്കേണ്ട ജോലികൾ നടത്തേണ്ടതുണ്ട്. ഇതിനു മേൽനോട്ടം വഹിക്കാനായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 2 സീനിയർ റസിഡന്റുമാരെ ഇവിടേയ്ക്കു താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.
2 സീനിയർ റസിഡന്റുമാരെ ലഭിച്ചതു കൊണ്ട് മാത്രം കാര്യമില്ലെന്നും ഹൃദ്രോഗ വിഭാഗം ഒപി എത്രയും വേഗം തുടങ്ങുന്നതിനും കാത്‌ലാബിന്റെ പ്രവർത്തനം തുടങ്ങുന്നതിനും ഹൃദ്രോഗ വിദഗ്ധരുടെ സേവനം ഉറപ്പ് വരുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. ജില്ലയിൽ ഒരു സർക്കാർ ആശുപത്രിയിലും ഹൃദ്രോഗ വിദഗ്ധന്റെ സേവനമില്ലാത്തതിനാൽ ഹൃദയ സംബന്ധമായ അസുഖവുമായി എത്തുന്നവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയാണ് പതിവ്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിലും ഹൃദ്രോഗ വിഭാഗം ഒപി നടത്താമെന്ന നിർദേശമാണ് ഉയരുന്നത്. കണ്ണൂരിനും വയനാടിനും ഒരേ ദിവസമാണ് കാത്‌ലാബ് പ്രഖ്യാപിച്ചത്. കണ്ണൂരിൽ 600ൽ ഏറെ രോഗികൾക്ക് ഇതിനകം കാത്‌ലാബിന്റെ സേവനം പ്രയോജനപ്പെട്ടു.
മാനന്തവാടിയിലെ കാത്‌ലാബ് ജനുവരിയോടെ പ്രവർത്തന സജ്ജമാക്കുമെന്ന് 2022 നവംബർ 17ന് ആരോഗ്യമന്ത്രി പറഞ്ഞതാണ്. എന്നാൽ ഹൃദ്രോഗ വിദഗ്ധരെയോ കാത്‌ലാബ് ടെക്നിഷ്യന്മാരെയോ ഇവിടേക്ക് നിയമിച്ചിട്ടില്ല. കാത്‌ലാബുമായി ബന്ധപ്പെട്ട് 6 നഴ്സുമാർക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ 12 ദിവസത്തെ പരിശീലനം നൽകിയിരുന്നു. മറ്റു കാര്യങ്ങളിൽ മെല്ലെപ്പോക്കു നയം തുടരുകയാണ്. 9 മാസം മുൻപ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്ത ശിശുരോഗവിഭാഗം ഐസിയുവും ഇതുവരെ പ്രവർത്തന സജ്ജമായില്ല. 2023 ഏപ്രിൽ 2ന് ആരോഗ്യമന്ത്രി ‘കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നവജാതശിശു വിഭാഗം ഐസിയുമായി ബന്ധിപ്പിച്ച് ടെലിമെഡിസിൻ ഐസിയു സംവിധാനം കൊണ്ടുവരും’ എന്നും പ്രഖ്യാപിച്ചിരുന്നു. ശിശുരോഗ വിഭാഗം ഐസിയുവിന്റെ പ്രവർത്തനം ഇതുവരെ തുടങ്ങാത്തതിനു കാരണം ജനറേറ്റർ സ്ഥാപിക്കാത്തതാണ്. ഉദ്ഘാടനം ചെയ്ത അന്നുമുതൽ ഇതു പൂട്ടിയിട്ടിരിക്കുകയാണ്.
ശിശുരോഗവിഭാഗം, സ്ത്രീരോഗ വിഭാഗം, ഓക്സിജൻ വിതരണം എന്നിവയ്ക്കായി 250 കെവി ജനറേറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥല പരിശോധനയും പ്രാരംഭ ജോലികളും നടന്നു. എന്നാൽ ജനറേറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി അനന്തമായി നീളുകയാണ്. എമർജൻസി കോവിഡ് റെസ്പോൺസ് പാക്കേജിന്റെ ഭാഗമായാണ് മെഡിക്കൽ കോളജിൽ പീഡിയാട്രിക് ഓക്സിജൻ ബെഡ് ഐസിയു തയാറാക്കിയത്. നാഷനൽ ഹെൽത്ത് മിഷന് അനുവദിച്ച 138.58 ലക്ഷം രൂപയിൽ നിന്ന് 59.4 ലക്ഷം രൂപയാണ് മെഡിക്കൽ കോളജിൽ ശിശുരോഗ വിഭാഗം ഐസിയുവിനായി ചെലവഴിച്ചത്. 30 ഓക്സിജൻ സപ്പോർട്ടഡ് ബെഡ്, 8 ബെഡ് എച്ച്ഡിയു (ഹൈ ഡിപ്പെൻഡസി യൂണിറ്റ്) 4 ബെഡ് ഐസിയു എന്നിവയാണ് ഒരുക്കിയത്. പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും മുറയ്ക്ക് നടക്കുന്നതിനിടയിലും ഹൃദ്രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കാതെ കോഴിക്കോട് മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ടി വരികയാണ്.