24 മണിക്കൂറിനിടെ വയനാട്ടിൽ പെയ്തത് 90.15 മില്ലിമീറ്റർ മഴ
Mail This Article
കൽപറ്റ ∙ തോരാമഴയിൽ വിറങ്ങലിച്ച് വയനാട്. കഴിഞ്ഞ 3 ദിവസമായി തുടരുന്ന മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വിവിധതാലൂക്കുകളിലായി ഏക്കർ കണക്കിനു കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. മലയോര മേഖലകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ (22ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ) ജില്ലയിൽ ശരാശരി 90.15 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 141 മഴമാപിനികളിൽ നിന്നായി ശേഖരിച്ച കണക്കുകളാണിത്. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ബാണാസുര കൺട്രോൾ ഷാഫ്റ്റിലാണ്–262 മില്ലിമീറ്റർ. കുറവ് മഴ രേഖപ്പെടുത്തിയത് പുൽപള്ളി കൊളവള്ളി മേഖലയിലാണ്– 20 മില്ലിമീറ്റർ. കുഞ്ഞോത്ത് 217 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പേരിയ 34ൽ 208 മില്ലിമീറ്ററും പടിഞ്ഞാറത്തറ കാപ്പിക്കളത്തു 202.4 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തി.
പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
പനമരം∙ മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പനമരം, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പുഴകളും തോടുകളും കരകവിഞ്ഞ് പലയിടങ്ങളിലും ഗ്രാമീണ റോഡുകളും ചില പ്രധാന റോഡുകളും വെള്ളത്തിനടിയിലാണ്. ഗതാഗതം മുടങ്ങിയതിനു പുറമേ ഒട്ടേറെ വാഴക്കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. കോട്ടത്തറ പഞ്ചായത്തിൽ വലിയ പുഴ കരകവിഞ്ഞതോടെ ഈരംകൊല്ലി ഐശ്വര്യ കവലയ്ക്കു സമീപത്തെ പ്രധാന റോഡായ കോട്ടത്തറ വണ്ടിയാമ്പറ്റ മണിയങ്ങോട് റോഡ് വെള്ളത്തിനടിയിലായി.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. മെച്ചന, കുറുമണി, പുതുശ്ശേരിക്കുന്ന് ഉൾപ്പെടെയുള്ള പുഴയോടു ചേർന്ന താഴ്ന്ന പ്രദേശത്തെ പാടശേഖരങ്ങൾ എല്ലാം തന്നെ വെള്ളത്തിനടിയിലാണ്. വെണ്ണിയോട് ടൗണിനോട് ചേർന്ന ചെറുപുഴ കരകവിഞ്ഞ് പുഴക്കംവയൽ, ഒടിയോട്ടിൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മഴ ശക്തമായി തുടർന്നാൽ പ്രദേശത്തെ വലിയകുന്ന്, മാങ്ങോട്ട്കുന്ന് പുതിയിടത്തുകുന്ന്, പന്നിയണകുന്ന്, ചെറിയമൊട്ടക്കുന്ന് തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെടും.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നായ വെണ്ണിയോട് ഓരോ മഴക്കാലത്തും ദിവസങ്ങളോളം വെള്ളത്തിനടിയിലാവുക പതിവാണ്. ഈ മഴക്കാലം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് വെണ്ണിയോട് ടൗണിനോട് ചേർന്ന ഭാഗത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നത്. വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി കണ്ട് താഴ്ന്ന പ്രദേശത്തെ കുടുംബങ്ങളിൽ പലരും ബന്ധുവീടുകളിലേക്കും മറ്റും മാറാനുള്ള നടപടി ആരംഭിച്ചു.
കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂർ പുഴ കരകവിഞ്ഞ് കാവടം വയൽപ്രദേശവും വെള്ളത്തിനടിയിലാണ്. പനമരം പഞ്ചായത്തിലെ മാത്തൂർ വയലിൽ ഇന്നലെ ഉച്ചയോടെ വെളളം കയറിത്തുടങ്ങി. പ്രദേശത്തെ ഇഷ്ടികക്കളങ്ങളും പഴയ നടവയൽ റോഡും വെള്ളത്തിനടിയിലാണ്. കൂടാതെ നീരിട്ടാടി, കൈപ്പാട്ടുകുന്ന്, മലങ്കര, നെല്ലാറാട്ടുകുന്ന്, മേച്ചേരി, അങ്ങാടിവയൽ എന്നീ മേഖലകളെല്ലാം മഴ കനത്താൽ വെള്ളത്തിനടിയിലാകും. കഴിഞ്ഞ ദിവസം വിത്തു വിതച്ച ചില പാടങ്ങളിൽ വെള്ളം കയറിയതോടെ നെൽവിത്ത് നശിക്കാൻ ഇടയാകുമെന്ന് കർഷകർ പറയുന്നു. വെള്ളം കയറി ഒറ്റപ്പെടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാനുള്ള നടപടി അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയുടെ അളവ് മില്ലിമീറ്ററിൽ
ബാണാസുര കൺട്രോൾ ഷാഫ്റ്റ് 262
കുഞ്ഞോ 217
പേര 34–208
കാപ്പിക്കളം 202.4
കോറോം 192
പേരിയ അയനിക്ക 191
പൊഴുതന മേൽമുറി 186
മക്കിയാട് 186
നിരവിൽപു 183
വാളാംതോട് മട്ടിലയം 176
തേറ്റമല 170
സുഗന്ധഗിരി 169.2
ലക്കിടി 168.8
എളമ്പിലേരി 168.4
വെള്ളമ്പാടി 165
വെള്ളമുണ്ട മംഗലശ്ശേരി 161.2
പാലവയ 159
ചെമ്പ്ര ബംഗ്ലാവ 156
പുത്തുമല 151.4
കൽപറ്റ ഓണിവയൽ 83
കൊളവള്ള 20
വാഴക്കുലകളും വെള്ളത്തിൽ
വെണ്ണിയോട്∙ കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായതോടെ വാഴക്കർഷകരിൽ പലരും ദുരിതത്തിലായി. പുഴയോടു ചേർന്ന വയലുകളിൽ വാഴക്കൃഷിയിറക്കിയ കർഷകരിൽ ചിലർ കഴിഞ്ഞ ദിവസം വിൽപനയ്ക്കായി വാഴക്കുലകൾ വെട്ടി വയ്ക്കുകയും വാഴക്കന്നുകൾ പറിച്ചു വയ്ക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ കൃഷിയിടത്തിൽ നിന്ന് ഇവ റോഡിലേക്ക് മാറ്റുന്നതിനായി തൊഴിലാളികളുമായി എത്തുമ്പോൾ വാഴക്കുലകളും വാഴക്കന്നുകളും വെള്ളത്തിനടിയിലായിരുന്നു. വെള്ളംകയറി പ്രദേശത്തെ റോഡുകൾ പൂർണമായും മൂടിയതോടെ ഉൽപന്നങ്ങൾ റോഡിലേക്ക് എത്തിക്കുക പ്രയാസമായി.
കൂടുതൽ വാഴക്കുല വെട്ടിവച്ച കച്ചവടക്കാരിൽ ഒരാൾ ഇന്നലെ ഉച്ചയോടെ തൊഴിലാളികളെയും കോളനിക്കാരെയും കൂട്ടി വെള്ളത്തിനടിയിലായ കൃഷിയിടത്തിൽ തോണി എത്തിച്ചാണ് വിളവെടുത്ത വാഴക്കുലകൾ വാഹനം എത്തുന്ന സ്ഥലത്തെത്തിച്ചത്. വാഴക്കന്ന് പറിച്ചു വച്ച കർഷകർ കന്നുകൾ ചാക്കിലാക്കി തൊഴിലാളികളെ കൂട്ടി വെള്ളത്തിലൂടെ വലിച്ചുകൊണ്ടു വന്നാണ് കരയ്ക്ക് എത്തിച്ചത്. ജില്ലയിൽ നേന്ത്രവാഴക്കർഷകർ ഏറെയുള്ള സ്ഥലങ്ങളിൽ ഒന്നാണ് കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് പ്രദേശം. വാഴക്കുല മൊത്തമായി കച്ചവടം ഉറപ്പിച്ച് വെട്ടിവച്ചവർ പെട്ടെന്ന് വെള്ളം കയറുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ തോണി എത്തിക്കുന്നതിനും മറ്റുമായി വൻതുക മുടക്കേണ്ടി വന്നു.