തോരാമഴയിൽ തീരാദുരിതം... കനത്ത മഴ, കാറ്റ്: വ്യാപക നാശനഷ്ടം
കൽപറ്റ ∙ ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴക്കെടുതികളും രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ (23ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ) ജില്ലയിൽ ശരാശരി 71.52 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ മഴ
കൽപറ്റ ∙ ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴക്കെടുതികളും രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ (23ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ) ജില്ലയിൽ ശരാശരി 71.52 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ മഴ
കൽപറ്റ ∙ ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴക്കെടുതികളും രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ (23ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ) ജില്ലയിൽ ശരാശരി 71.52 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ മഴ
കൽപറ്റ ∙ ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴക്കെടുതികളും രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ (23ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ) ജില്ലയിൽ ശരാശരി 71.52 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ലക്കിടിയിലാണ്–171.2 മില്ലിമീറ്റർ. കുറവ് മഴ ലഭിച്ചത് മുള്ളൻകൊല്ലി മേഖലയിലാണ്–15 മില്ലിമീറ്റർ. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് വെങ്ങപ്പള്ളി ചാമുണ്ടി കോളനിയിലെ 14 കുടുംബങ്ങളിലെ 66 പേരെ തെക്കുംതറ അമ്മസഹായം യുപി സ്‌കൂളിലേയ്ക്ക് മാറ്റിപാർപ്പിച്ചു.
വെങ്ങപ്പള്ളി കരിക്കിലോട് കോളനിയിലെ 4 കുടുംബങ്ങളിലെ 24 പേർ ബന്ധു വീടുകളിലേക്ക് മാറി. മരം വീണ് വീട് തകർന്നതിനെ തുടർന്ന് മാനന്തവാടി വാളാട് പോരൂർകുന്നിലെ ഒരു കുടുംബത്തെ സമീപത്തെ ക്ലബ് കെട്ടിടത്തിലേക്ക് മാറ്റി. വെള്ളം കയറിയതിനെ തുടർന്നു കോട്ടത്തറ പാലപ്പൊയിൽ കോളനിയിലെ 20 കുടുംബങ്ങളെ കരിങ്കുറ്റി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് മാറ്റി.
വെള്ളം കയറിയതിനെ തുടർന്നു ഒറ്റപ്പെട്ട പുത്തൂർവയൽ ചെങ്കുറ്റി കോളനിയിലെ 15 കുടുംബങ്ങളെ കോട്ടനാട് ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
പനമരം
വെള്ളം കയറി ഒറ്റപ്പെട്ട കോട്ടത്തറ പഞ്ചായത്തിലെ കരിങ്കുറ്റി പാലപ്പൊയിൽ കോളനിയിലെ 18 കുടുംബങ്ങളിലെ എൺപതോളം പേരെ ഇന്നലെ വൈകിട്ട് കരിങ്കുറ്റി സ്കൂളിലേ താൽക്കാലിക ക്യാംപിലേക്ക് മാറ്റി പാർപ്പിച്ചു. മഴ ഇനിയും കനത്താൽ വിവിധ പുഴകളോടു ചേർന്നുള്ള കോളനി വീടുകൾ അടക്കം വെള്ളത്തിനടിയിലാകും. മഴക്കെടുതി നേരിടാൻ പല പഞ്ചായത്തുകളിലും വാർഡ് തലത്തിൽ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിനും പൂർണമായും വെള്ളത്തിനടിയിലാകുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി അതിലേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു.
പനമരം, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളിലാണ് പുഴയോടും തോടുകളോടും ചേർന്നുള്ള താഴ്ന്ന കൂടുതൽ പ്രദേശങ്ങൾ ഇന്നലെ വൈകിട്ടോടെ വെള്ളത്തിനടിയിലായത്. പനമരം പഞ്ചായത്തിലെ കൈപ്പട്ടുകുന്ന്, ചാളക്കരവയൽ, നീരട്ടാടി, കുടിയോംവയൽ, മാത്തൂർ, അങ്ങാടിവയൽ, മലങ്കര, വിളമ്പുകണ്ടം, നെല്ലാറാട്ടുകുന്ന്, മേച്ചേരി പ്രദേശങ്ങളും കണിയാമ്പറ്റ പഞ്ചായത്തിലെ കാവടം, വരദൂർ കോട്ടത്തറ പഞ്ചായത്തിലെ കുറുമണി, വലിയകുന്ന്, പുഴയ്ക്കംവയൽ, വെണ്ണിയോട് അടക്കമുള്ള കൂടുതൽ താഴ്ന്ന പ്രദേശങ്ങൾ ഇന്നലെ വെള്ളത്തിനടിയിലായി.
ഗ്രാമീണ റോഡുകളിൽ പലതും കോട്ടത്തറ വണ്ടിയാമ്പറ്റ അടക്കമുള്ള ചില പ്രധാന റോഡുകളും വെള്ളത്തിനടിയിലായതോടെ ഗതാഗതം നിലച്ചിരിക്കുകയാണ്. പനമരം ചെറിയ പുഴ കരകവിഞ്ഞതോടെ ചില കെട്ടിടങ്ങൾ വെള്ളത്തിനടിയിലായി. കൂടാതെ മാത്തൂർ ഭാഗത്ത് പുഴയോരത്തായി തളളിയ മാലിന്യങ്ങൾ ഒഴുകി തുടങ്ങി. ഇനിയും വെള്ളം ഉയർന്നാൽ മാലിന്യങ്ങൾ വീടുകളിലേക്കു കയറും. മഴയ്ക്കൊപ്പം ശക്തമായ കാറ്റടിക്കുന്നത് നാശനഷ്ടം വർധിപ്പിക്കുന്നുണ്ട്.
പടിഞ്ഞാറത്തറ
മഴ ശക്തമായി തുടർന്നതോടെ വെള്ളം കയറി കുപ്പാടിത്തറ കരിയാട്ടുകുന്ന് പ്രദേശം ഒറ്റപ്പെട്ടു. ഇവിടേക്കുള്ള താളിപ്പാറ-കൊറ്റുകുളം റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെയാണു പ്രദേശം ഒറ്റപ്പെട്ടത്. 26 കുടുംബങ്ങളാണ് കരിയാട്ടുകുന്നിൽ താമസിക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് പുറം ലോകത്ത് എത്താൻ തോണി സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴ, കാറ്റ്: വ്യാപക നാശനഷ്ടം
താലൂക്കിലെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. തവിഞ്ഞാൽ പഞ്ചായത്തിലെ പേരിയയിൽ വാഴത്തോട്ടങ്ങൾ വെള്ളത്തിൽ മുങ്ങി. പലയിടത്തും വാഴകൾ കാറ്റിൽ നിലംപൊത്തിയിട്ടുണ്ട്. വാളാട് ചിറക്കൊല്ലി കോളനിയിലെ ഉഷയുടെ വീട് മരം വീണ് തകർന്നു. വാളാട് റെസ്ക്യൂ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ മരം മുറിച്ച് നീക്കി. വീട് വാസയോഗ്യം അല്ലാത്തതിനാൽ കുടുംബത്തെ സമീപത്തെ പൂർണിമ ക്ലബ്ബിലെ താൽക്കാലിക ക്യാംപിലേക്ക് മാറ്റി പാർപ്പിച്ചു. തഹസിൽദാർ എം.ജെ. അഗസ്റ്റിന്റെ നേതൃത്വത്തിൽ റവന്യു സംഘം സ്ഥലത്തെത്തി.
മുതിരേരി വീട്ടിച്ചുവടിൽ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ കെഎസ്ഇബിയുടെ വൈദ്യുതി തൂണും തകർന്നു. ശനിയാഴ്ച രാത്രി 10:30 ഓടെയാണ് സംഭവം. തുടർന്ന് ഫയർഫോഴ്സും പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകട ഭീഷണിയായ ഈ മരം മുറിക്കാൻ അപേക്ഷയുമായി മുൻപ് നാട്ടുകാർ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. റോഡരികിൽ മറ്റൊരു മരവും ഇവിടെ അപകട ഭീഷണിയായി നിൽക്കുന്നുണ്ട്. ഇത് എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാലവർഷം സജീവമായതോടെ ചുറ്റിലും വെള്ളം കയറി പേരിയ വട്ടോളി കാരക്കോട്ട് കോളനിയും പരിസരവും പൂർണമായും ഒറ്റപ്പെട്ടു. 45 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പേരിയ ടൗണുമായി ബന്ധപ്പെടുന്ന വട്ടോളി ഭാഗവും വാളാടുമായി ബന്ധപ്പെടാൻ സാധിക്കുന്ന കാരംക്കോട്ട് ഭാഗവും ഉള്ള റോഡുകൾ വെള്ളത്തിനടിയിലാണ്.
അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ
∙ടോൾ ഫ്രീ നമ്പർ-1077
∙കൺട്രോൾ റൂം- 04936 204151, 9562804151, 8078409770.
∙ബത്തേരി താലൂക്ക്-04936 223355, 6238461385.
∙മാനന്തവാടി താലൂക്ക്-04935 241111, 9446637748.
∙വൈത്തിരി താലൂക്ക്-04936 256100, 8590842965.