ADVERTISEMENT

കൽപറ്റ ∙ വയനാട്ടിൽ ആദ്യത്തെ കാലാവസ്ഥാ ഉച്ചകോടിയുമായി ജില്ലാ പഞ്ചായത്ത്. ഫെബ്രുവരി 23 മുതൽ 3 ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വയനാട്ടിലെ കൃഷിമേഖലയിലുണ്ടായ മാറ്റവും അതിജീവനമാർഗങ്ങളും ചർച്ചയാകും. രാജ്യത്ത് ആദ്യമായി ഒരു ജില്ലയുടെ കാർബൺ എമിഷന്റെ അളവു കണ്ടെത്തി തയാറാക്കിയ വയനാട് കാർബൺ നോട്ട് റിപ്പോർട്ടിന്റെ പ്രകാശനം ഉച്ചകോടിയിൽ നടക്കും. മീനങ്ങാടിയാണ് ഉച്ചകോടിക്കു വേദിയാകുക. കൃഷിമേഖല, കാലാവസ്ഥ വ്യതിയാനം എന്നിവ സംബന്ധിച്ചു വിദഗ്ധർ നടത്തുന്ന സെമിനാറുകളും സ്റ്റുഡന്റ്സ് കോൺഫറൻസും  തനതു കലാരൂപങ്ങളുടെ പ്രദർശനവുമുണ്ടാകും.  കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ജില്ലയിലും കേരളത്തിലും കേരളത്തിനു പുറത്തുമുള്ള കർഷകരുടെ ഉൽപന്നങ്ങളുടെ പ്രദർശനവും കർഷകർക്ക് ആവശ്യമായ വിത്തുകളുടെയും തൈകളുടെയും വിൽപനയും സംഘടിപ്പിക്കും.

തദ്ദേശസ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, കൃഷിമേഖലയിലെ കൂട്ടായ്മകൾ, രാഷ്ട്രീയ പ്രതിനിധികൾ, കർഷകസംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ഉച്ചകോടി നടത്തുക. മീനങ്ങാടിയിൽ ചേർന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കൺവീനറുമായി സംഘാടക സമിതിയും 3 സബ് കമ്മിറ്റികളും രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഇ.വിനയൻ, ഇ.കെ. രേണുക, മിനി പ്രകാശൻ, ഷീല പുഞ്ചവയൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഉഷ തമ്പി, സീത വിജയൻ, അംഗങ്ങളായ സുരേഷ് താളൂർ, ബീന ജോസ്, സിന്ധു ശ്രീധരൻ, ബിന്ദു പ്രകാശ്, അമൽ ജോയ്, ബിഎംസി കൺവീനർ ടി.കെ.ജോസ്, പാരമ്പര്യ നെൽ കർഷകൻ ചെറുവയൽ രാമൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com