മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് പദ്ധതി: ഗുണഭോക്തൃപട്ടികയെ ചൊല്ലി വ്യാപക പരാതി; ആരോപണം
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ എല്ലാ ദുരന്തബാധിതരെയും ഉൾപ്പെടുത്തണമെന്ന ആവശ്യമുയരുന്നു.നിശ്ചയിച്ചതിലും ഒരുമാസത്തിലധികം വൈകിയാണു മേപ്പാടി പഞ്ചായത്ത് ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക തയാറാക്കിയത്. ഇതിൽനിന്ന് അർഹരായ പലരും ഒഴിവാക്കപ്പെട്ടതായി വ്യാപക പരാതി ഉയർന്നു.

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ എല്ലാ ദുരന്തബാധിതരെയും ഉൾപ്പെടുത്തണമെന്ന ആവശ്യമുയരുന്നു. നിശ്ചയിച്ചതിലും ഒരുമാസത്തിലധികം വൈകിയാണു മേപ്പാടി പഞ്ചായത്ത് ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക തയാറാക്കിയത്. ഇതിൽനിന്ന് അർഹരായ പലരും ഒഴിവാക്കപ്പെട്ടതായി വ്യാപക പരാതി ഉയർന്നു. സർവകക്ഷിയോഗം ചേർന്നു പിഴവുകൾ പരിഹരിച്ചു പട്ടിക കലക്ടർക്കു കൈമാറാനാണു നീക്കം. ചൂരൽമല വാർഡിലെ പടവെട്ടിക്കുന്ന് പ്രദേശത്തെ വാസയോഗ്യമല്ലാതായ 45 വീടുകൾ പട്ടികയിൽനിന്ന് ഒഴിവായി. ലൈഫ് ഭവനപദ്ധതിയിൽ വീടിനു തറ കെട്ടിയവരിൽ പലരെയും ഉൾപ്പെടുത്തിയിട്ടില്ല.
നിർമാണത്തിലിരിക്കുന്ന വീടുകൾ തകർന്നുപോയവരും വീട്ടുനമ്പർ ഇല്ലാത്തതിനാൽ പട്ടികയ്ക്കു പുറത്തായി. പാടികളിൽ താമസിക്കുന്നവരെയും ഷെഡിൽ താമസിക്കുന്നവരെയും ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നു. ദുരന്തബാധിതരെ നിശ്ചയിക്കുന്നതിൽ സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ജോൺ മത്തായി സമിതി റിപ്പോർട്ടിലെ ശുപാർശയനുസരിച്ചുള്ള സുരക്ഷിതസ്ഥാനങ്ങൾക്കു പുറത്തെ വീടുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
ആദ്യം 30 മീറ്റർ ദൂരപരിധിയാണു നിശ്ചയിച്ചതെങ്കിലും പിന്നീട് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം 50 മീറ്ററാക്കി ഉയർത്തിയെന്നും അധികൃതർ പറയുന്നു. എന്നാൽ, എല്ലാ ദുരന്തബാധിതരെയും ഉൾപ്പെടുത്തി പട്ടിക തയാറാക്കാനാണ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടതെന്നാണ് റവന്യു വകുപ്പ് വിശദീകരണം. ടൗൺഷിപ് പദ്ധതിയിൽ അർഹരായവരുടെ പട്ടിക ഇതിനോടകം തന്നെ റവന്യുവകുപ്പ് തയാറാക്കിയിട്ടുണ്ട്.
പ്രാദേശിക സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ വേണം കുറ്റമറ്റരീതിയിൽ പട്ടിക തയാറാക്കാനെന്നതിനാലാണ് പഞ്ചായത്തിന്റെ സഹകരണം ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ടൗൺഷിപ് പദ്ധതിയിൽനിന്ന് ആരെയും ഒഴിവാക്കില്ലെന്നും വീടു നഷ്ടപ്പെട്ടവരെയും അർഹരായവരെയും പുനരധിവസിപ്പിക്കുമെന്നും അധികൃതർ പറയുന്നു. അതേസമയം, ജനപ്രതിനിധികളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി ഗുണഭോക്താക്കളെ നിശ്ചയിച്ചതാണ് അപാകതയ്ക്കിടയാക്കിയതെന്നാണു പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ പറയുന്നത്.
ഉദ്യോഗസ്ഥസംഘം അറിയിച്ചതനുസരിച്ച് കൃത്യമായ പട്ടിക വാർഡ് തലത്തിൽനിന്നു നൽകിയിട്ടും ചിലതെല്ലാം ഒഴിവായിപ്പോയെന്നും അവർ പറയുന്നു. കൃത്യമായ മാനദണ്ഡം നിശ്ചയിച്ചു നൽകാതെ കണക്കെടുപ്പ് നടത്തിയതിനാലാണു ദുരന്തബാധിതരെല്ലാം പട്ടികയിൽ ഉൾപ്പെടാതിരുന്നതെന്നും അഭിപ്രായമുയരുന്നുണ്ട്. പുനരധിവാസം മനഃപൂർവം വൈകിപ്പിക്കുന്നുവെന്നു മാത്രമല്ല പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമവും ഊർജിതമായി നടക്കുന്നുണ്ടെന്നു ദുരന്തബാധിതർ ആരോപിക്കുന്നു. മുണ്ടക്കൈ ഭാഗത്ത് ഉരുൾജലം ഒലിച്ചെത്തിയതിന് 50 മീറ്ററും ചൂരൽമല ഭാഗത്ത് 30 മീറ്ററും മാറിയുള്ള പ്രദേശങ്ങൾ വാസയോഗ്യമാണെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനു തെളിവാണെന്നാണ് ആരോപണം.
1043 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്. ഗുണഭോക്തൃപട്ടികയ്ക്കു പ്രാദേശിക തലത്തിലുള്ള സർവകക്ഷി യോഗത്തിന്റെ അംഗീകാരം തേടാൻ ജില്ലാഭരണകൂടം മുൻകൈയെടുക്കാത്തതു നടപടികൾ വൈകിപ്പിക്കുകയാണെന്നു ദുരന്തബാധിതർ ആരോപിക്കുന്നു.ഗുണഭോക്തൃപട്ടിക എത്രയും വേഗം പുറത്തുവിട്ടാൽ മാത്രമേ ആക്ഷേപങ്ങളിൽ സമയബന്ധിതമായി തീരുമാനമെടുക്കാനാകൂ. ആവശ്യമുള്ള ഭേദഗതി വരുത്തി പട്ടിക അന്തിമമാക്കി സർക്കാരിനു നൽകുകയും വേണം.