മാനന്തവാടിയിൽ കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ
Mail This Article
മാനന്തവാടി ∙ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനുള്ള കെഎസ്ആർടിസിയുടെ നവീന പദ്ധതികളുടെ ഭാഗമായുള്ള ഡ്രൈവിങ് സ്‌കൂളിന് മാനന്തവാടിയിലെ ഗാരജ് ഒരുങ്ങി. ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം 25 ന് രാവിലെ 10ന് മന്ത്രി ഒ.ആർ.കേളു നിർവഹിക്കും. ആദ്യ ഘട്ടത്തിൽ വലിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പരിശീലനവും ലൈസൻസ് നേടിയവർക്ക് റോഡ് പരിശീലനവുമാണ് നടക്കുക.വരും ദിവസങ്ങളിൽ ലൈറ്റ് മോട്ടർ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കുള്ള തിയറി, പ്രാക്ടിക്കൽ പരിശീലനവും ആരംഭിക്കും.സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഡ്രൈവിങ് പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലയിൽ ആദ്യമായി പ്രവർത്തനം ആരംഭിക്കുന്ന കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളിന്റെ പ്രവർത്തനം മാനന്തവാടി മൈസൂരു റോഡിലെ ഗാരേജിലാണ് ആരംഭിക്കുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ക്ലാസ് റൂമുകൾ, യന്ത്രഭാഗങ്ങൾ പരിചയപ്പെടുത്താനുള്ള സ്ഥലം എന്നിവ ഇവിടെ ഒരുക്കി. മോട്ടർ വാഹന വകുപ്പിന്റെ സഹകരണത്തോടെ കെഎസ്ആർടിസിയുടെ താഴെയങ്ങാടിയിലെ സ്ഥലത്ത് തന്നെ ടെസ്റ്റുകൾക്കുള്ള സൗകര്യവും ഭാവിയിൽ ഒരുക്കും.
ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം നൽകുക. 30 ദിവസമാണ് ക്ലാസ് ഉണ്ടാകുക. ഇതിൽ 2 ദിവസം തിയറി, ഒരു ദിവസം പ്രാക്ടിക്കൽ, ഒരു ദിവസം എംവിഐ, ഡോക്ടർ, പൊലീസ് അധികാരികൾ എന്നിവരുടെ ക്ലാസുകളും ഉണ്ടാകും. T എടുക്കുന്നതിന് 6 ദിവസമാണ് പരിശീലനം. ബസ് ഓടിച്ച് T വരച്ച ശേഷം 20 ദിവസം പ്രതിദിനം 10 കിലോമീറ്റർ അല്ലെങ്കിൽ അര മണിക്കൂർ വീതം റോഡിൽ പരിശീലനം നൽകും. ഇതിനായി കെഎസ്ആർടിസിയുടെ കോഴിക്കോട് റീജനൽ വർക് ഷോപ്പിൽ നിന്ന് പ്രത്യേക സജീകരണങ്ങൾ ഒരുക്കിയ ബസ് കഴിഞ്ഞ ദിവസം മാനന്തവാടിയിൽ എത്തി. മോട്ടർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നതിനുള്ള ലൈസൻസും മാനന്തവാടി ഡിപ്പോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡ്രൈവിങ് പരിശീലനം നൽകാൻ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റുള്ള മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ ഇൻസ്ട്രക്ടർ സി.എ.ഷജിനാണ് നടത്തിപ്പ് ചുമതല.
തിരുവനന്തപുരത്ത് വച്ച് ഇവർക്ക് കെഎസ്ആർടിസിയുടെ പ്രത്യേക പരിശീലനവും നൽകി. വലിയ വാഹനങ്ങൾക്കും ലൈറ്റ് മോട്ടർ വാഹനങ്ങൾക്കും 9000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 3500 രൂപയാണ് ഫീസ്. ഗോത്ര വിഭാഗങ്ങൾക്ക് ഫീസിൽ 20 ശതമാനം ഇളവുണ്ടാകും. സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകൾ അമിത ഫീസ് ഈടാക്കുന്നു എന്ന പരാതികൾക്കും കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുന്നതോടെ പരിഹാരമാകും.ആന വണ്ടിയിൽ ഡ്രൈവിങ് പഠിക്കാൻ നിരവധി പേരാണ് എത്തുന്നത്.