കാറിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം: നാടാകെ പ്രതിഷേധം; നടപടി വേണം
Mail This Article
മാനന്തവാടി ∙ പയ്യംപള്ളി കുടൽകടവിൽ ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടൽകടവ് ചെമ്മാട് മാതനെ അര കിലോമീറ്ററോളം റോഡിലൂടെ കാറിൽ വലിച്ചിഴച്ചത്. കാറിൽ ഉണ്ടായിരുന്നവർക്ക് എതിരെ കൊല കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് എം.സി.സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഖിൽ പദ്മനാഭൻ, പി.വിൻസന്റ്, എസ്.സൗമ്യ, ജെസ്മൽ അമീർ, കെ.ബി.അജേഷ് എന്നിവർ പ്രസംഗിച്ചു.
ഉന്നതതല അന്വേഷണം വേണം: ബിജെപി
മാനന്തവാടി ∙ കൂടൽകടവിനു സമീപം മാതൻ എന്ന ആദിവാസിയെ അര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവം അതീവ ഗൗരവത്തോടെ കാണണമെന്നും ഉന്നത തല അന്വേഷണം വേണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട്ടിലെ ആദിവാസി സമൂഹത്തോടുള്ള ഇടതു സർക്കാരിന്റെ നയം വ്യക്തമാക്കണം. ആദിവാസികൾക്കു നേരെ നിരന്തരമുള്ള അവഹേളനവും പീഡനങ്ങളും അരങ്ങേറിയിട്ടും ശക്തമായിട്ടുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആഴ്ചകൾക്കു മുൻപാണു കയ്യേറ്റത്തിന്റെ പേരിൽ 3 ഗോത്ര കുടുംബങ്ങളെ കുടിയിറക്കിയത്. അവർ ഇന്നും താൽക്കാലിക ഷെഡിൽ ആണു താമസം. കണ്ണൻ കണിയാരം അധ്യക്ഷത വഹിച്ചു. ഗിരീഷ് കട്ടക്കളം, കെ.മോഹൻദാസ്, കെ.ജയചന്ദ്രൻ, അഖിൽ കേളോത്ത്, കെ.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ചികിത്സയിൽ കഴിയുന്ന മാതനെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ അടക്കമുള്ള നേതാക്കൾ സന്ദർശിച്ചു.
അഴിഞ്ഞാടാനുള്ളതല്ല വയനാട്: ഇ.ജെ.ബാബു
കൽപറ്റ ∙ വിനോദ സഞ്ചാരത്തിന്റെ മറവിൽ സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള ഇടമല്ല വയനാടെന്നു സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു. മാതനെ മർദിച്ചവർക്കെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുക്കണം. മനുഷത്വത്തിനു നേരെയുള്ള ക്രൂരതയ്ക്കാണു മാതൻ ഇരയായിരിക്കുന്നത്. പ്രതികളെ മാതൃകാ പരമായി ശിക്ഷിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആളുകൾക്ക് സുരക്ഷ ഒരുക്കാൻ പൊലീസ്, ഡിടിപി സി അധികൃതർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപടി വേണം ആദിവാസി മഹാ സഭ
കൽപറ്റ ∙ മാതനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ ആദിവാസി മഹാ സഭ ആവശ്യപ്പെട്ടു. ആദിവാസികൾക്ക് എതിരെയുള്ള അതിക്രമങ്ങളും, ചൂഷണങ്ങളും വർധിച്ചു വരികയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ജില്ലാ പ്രസിഡന്റ് ടി.മണി അധ്യക്ഷത വഹിച്ചു.
അന്വേഷണം വേണം: പി.കെ. ജയലക്ഷ്മി
മാനന്തവാടി ∙ പയ്യംപള്ളി കൂടൽക്കടവിൽ പട്ടിക വർഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതനെ സന്ദർശിക്കുകയും ചെയ്തു.
മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു
കൽപറ്റ ∙ മാനന്തവാടി കുടൽകടവിൽ സഞ്ചാരികളുടെ പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ മർദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.