ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ വാക്സീൻ വികസിപ്പിക്കും: മന്ത്രി

Mail This Article
മാനന്തവാടി ∙ സംസ്ഥാനത്ത് ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ വാക്സീൻ വികസിപ്പിക്കുമെന്നും കാൻസർ ചികിത്സയ്ക്കായി 24 ആശുപത്രികൾ വികേന്ദ്രീകരിച്ചതായും മന്ത്രി വീണാ ജോർജ്. നല്ലൂർനാട് കാൻസർ സെന്ററിൽ സ്ഥാപിച്ച സിടി സിമുലേറ്റർ സ്‌കാൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നല്ലൂർനാട് കാൻസർ കെയർ സെന്ററിൽ ഒരു വർഷം 5500 കീമോതെറപ്പിയും 600 റേഡിയേഷനുമാണ് ചെയ്യുന്നത്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന 150 ലേറെ രോഗികൾക്കും ചികിത്സാ സൗകര്യം ഒരുക്കുന്നുണ്ട്. സിടി സിമുലേറ്റർ പ്രവർത്തന സജ്ജമാകുന്നതോടെ റേഡിയോതെറപ്പിയിൽ കൃത്യതയോടെ ചികിത്സ സാധ്യമാകും. 7.21 കോടി രൂപ വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് സിടി സ്‌കാൻ പൂർത്തീകരിച്ചത്.
മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കുത്തിവയ്പ് ബ്ലോക്ക്, തരിയോട്, പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തൽ, പാക്കം, മുള്ളൻകൊല്ലി, കാപ്പുംകുന്ന്, ചുള്ളിയോട്, വരദൂർ, കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തൽ, ജില്ലയിലെ 55 ആരോഗ്യ ഉപ കേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തൽ എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചു.
മന്ത്രി ഒ.ആർ.കേളു അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ.രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.