ബ്ലോഗിലൂടെ മാസം മൂന്നര ലക്ഷം രൂപ !

മൈക്രോസോഫ്റ്റ് എക്‌സലിനെക്കുറിച്ചു നമ്മില്‍ പലര്‍ക്കുമറിയാം. കണക്കു കൂട്ടാനും ചാര്‍ട്ട് തയാറാക്കാനും ഡേറ്റ അവതരിപ്പിക്കാനുമൊക്കെ എക്‌സല്‍ ഉപയോഗിച്ചിട്ടുമുണ്ടാകാം. എന്നാല്‍ ഇതേ എക്‌സല്‍ ഉപയോഗിച്ച‌ു തന്റെ ജീവിതത്തിന്റെ ചാര്‍ട്ട് മാറ്റി വരച്ചിട്ട ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാം; ഗ്വാളിയര്‍ സ്വദേശി സുമിത് ബന്‍സാല്‍. ഐഐടി ഡല്‍ഹിയിലെ പഠനമൊക്കെ കഴിഞ്ഞ് ഐബിഎമ്മില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലി ചെയ്യവേ 2013 ലാണു സുമിത് ബ്ലോഗിങ്ങിലേക്കു കടന്നു വരുന്നത്. 

സുഹൃത്തുക്കളില്‍ പലരും എക്‌സലിനെക്കുറിച്ചു ചോദിച്ച സംശയങ്ങളാണ് അതിനെപ്പറ്റി ബ്ലോഗ് എഴുതാന്‍ സുമിതിനെ പ്രേരിപ്പിച്ചത്. അങ്ങനെ ട്രംപ്എക്‌സല്‍ എന്ന ബ്ലോഗ് പേജ് പിറന്നു. പക്ഷേ ആദ്യ പോസ്റ്റിനു ലഭിച്ച ആദ്യ പ്രതികരണം നിരാശാജനകമായിരുന്നു. ഇതൊക്കെ ഷെയര്‍ ചെയ്യാന്‍ മാത്രം എന്താ എന്ന മനം മടുപ്പിക്കുന്ന കമന്റാണ് ആദ്യം കിട്ടിയത്. പോസ്റ്റ് ഡിലീറ്റ് ചെയ്തു കളഞ്ഞാലോ എന്ന് ആദ്യം ആലോചിച്ചു. പക്ഷേ, ആ കമന്റ് ഇട്ട ഒരാളല്ല വെബ് ലോകം എന്ന തിരിച്ചറിവില്‍ നിരാശ മാറ്റിവച്ചു. എന്നിട്ടു തുടര്‍ച്ചയായി എഴുതാന്‍ തുടങ്ങി. എക്‌സലിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചായിരുന്നു പോസ്റ്റുകള്‍. 

അഞ്ചു വര്‍ഷത്തിനിപ്പുറം ഈ ബ്ലോഗില്‍നിന്നു സുമിത് സമ്പാദിക്കുന്നത് പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപ. 22000 ല്‍ അധികം ഇമെയില്‍ സബ്‌സ്‌ക്രൈബര്‍മാര്‍. പ്രതിമാസം നാലര ലക്ഷത്തിലധികം പേജ് വ്യൂകള്‍. പക്ഷേ, ഒരു സുപ്രഭാതം കൊണ്ടല്ല, പടിപടിയായിട്ടായിരുന്നു ബ്ലോഗിന്റെ വളര്‍ച്ച. ആദ്യ ഒന്നര വര്‍ഷം ബ്ലോഗില്‍നിന്നു പണമൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. എഴുതിയ ബ്ലോഗ് പോസ്റ്റുകള്‍ സുഹൃത്തുക്കള്‍ക്കും സാമൂഹിക മാധ്യമങ്ങളിലും സുമിത് പങ്കുവച്ചു. ഇതിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഫോളോവേഴ്‌സിനെയും ബ്ലോഗിനു വരിക്കാരെയും ലഭിച്ചു. 

2014 നവംബറില്‍ ഓണ്‍ലൈനായി കോഴ്‌സുകള്‍ ആരംഭിച്ചു. ഇതിനിടെ എക്‌സല്‍ ഗുരുവിനെ തേടി മൈക്രോസോഫ്റ്റിന്റെ അംഗീകാരവുമെത്തി. മൈക്രോസോഫ്റ്റിന്റെ എക്‌സലിലെ മോസ്റ്റ് വാല്യുബിള്‍ പ്രഫഷനല്‍ എന്ന പദവിയാണ് 2014ല്‍ സുമിത്തിനു ലഭിച്ചത്. ബ്ലോഗില്‍നിന്നു നല്ല വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ 2015 ല്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ ബ്ലോഗറായി. ആഡ്‌സെന്‍സിലൂടെയും ഓണ്‍ലൈന്‍ കോഴ്‌സുകളിലൂടെയുമാണ് പ്രധാനമായും വരുമാനമുണ്ടാക്കുന്നത്. യൂട്യൂബ് വിഡിയോകളും പരസ്യ വരുമാനം വർധിപ്പിക്കുന്നു. 

ബ്ലോഗ് വായനക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഒരുപാടു സമയം ചര്‍ച്ചാ ഫോറങ്ങളില്‍ പങ്കെടുക്കാറുണ്ട്. വായനക്കാരുടെ യഥാർഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിന് അനുസരിച്ചുള്ള ബ്ലോഗുകള്‍ സൃഷ്ടിക്കും. മറ്റ് എക്‌സല്‍ വിദഗ്ധരുമായി ബന്ധപ്പെട്ട് അവരുടെ കോഴ്‌സുകളും തന്റെ മെയിലിങ് ലിസ്റ്റിലുള്ളവര്‍ക്ക് ലഭ്യമാക്കാന്‍ സുമിത് ശ്രമിക്കാറുണ്ട്. ബ്ലോഗിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാം എന്നതിനെ സംബന്ധിച്ച സുമിതിന്റെ പോസ്റ്റ് https://blogprofits.co/trump-excel/ എന്ന ലിങ്കില്‍ വായിക്കാം.

More Success Stories >>