ഏഴു പരിശ്രമങ്ങൾ; ഒടുവില്‍ ഐഎഎസ്സിലേക്ക്

ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണു സിവില്‍ സര്‍വീസ് പരീക്ഷ. ഈ പരീക്ഷ ആറു തവണ എഴുതി വിവിധ ഘട്ടങ്ങളിലായി ആറു വട്ടവും പരാജയപ്പെടുക. ഇതില്‍ രണ്ടു തവണ റാങ്ക് നഷ്ടപ്പെടുന്നതു കപ്പിനും ചുണ്ടിനും ഇടയില്‍ അഭിമുഖഘട്ടത്തില്‍. ഇതിനിടെ പ്രോത്സാഹന സമ്മാനമെന്നവണ്ണം ഇന്റലിജന്‍സ് ബ്യൂറോയിലേക്കുള്ള പരീക്ഷയില്‍ വിജയം. ആരാണെങ്കിലും ഉള്ളതാവട്ടെ എന്നു പറഞ്ഞ് കിട്ടിയ ഐബി ജോലി സംശയമില്ലാതെ എടുത്തേനെ. പക്ഷേ, തമിഴ്‌നാട്ടുകാരന്‍ കെ. ജയഗണേഷ് അത്തരം ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലായിരുന്നു. 

ചുറ്റുപാട് മോശമായിരുന്നു. കടുത്ത ദാരിദ്ര്യമുണ്ടായിരുന്നു. പഠനച്ചെലവ് കണ്ടെത്താന്‍ കാന്റീനിലെ വെയ്റ്ററായും മറ്റും ജോലി ചെയ്യേണ്ടിയും വന്നിട്ടുണ്ട്. എന്നിട്ടും പഠിച്ചു നേടിയ ഈ സര്‍ക്കാര്‍ ജോലിക്ക് ചേരാതെ ജയഗണേഷ് വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തു. തന്റെ ഏഴാമത്തേതും അവസാനത്തേതുമായ ചാന്‍സില്‍ പരീക്ഷയെഴുതി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 156-ാം റാങ്കോടെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കാണ് അത്തവണ ജയഗണേഷ് നടന്നു കയറിയത്. അന്തിമ വിജയം ഇടയ്ക്ക് വച്ച് ഇട്ടിട്ടു പോകുന്നവര്‍ക്കല്ല മറിച്ച് സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കുന്നവര്‍ക്കാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് 2008ലെ ഈ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ്. 

മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ നിന്ന് തുടക്കം

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ വിനവമംഗലം ഗ്രാമത്തില്‍ നിന്നുള്ള ജയഗണേഷിന് കുട്ടിക്കാലം ഇല്ലായ്മകളുടേതായിരുന്നു. തുകല്‍ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായിരുന്നു പിതാവ്. ഇദ്ദേഹത്തിന് ലഭിക്കുന്ന 4500 രൂപ പ്രതിമാസ വേതനം കൊണ്ടു വേണമായിരുന്നു ജയഗണേഷ് ഉള്‍പ്പെടുന്ന ആറംഗ കുടുംബത്തിന് കഴിയാന്‍. പത്താം ക്ലാസിനു ശേഷം ജയഗണേഷിനു പോളിടെക്‌നിക്ക് കോളജില്‍ പ്രവേശനം ലഭിച്ചു. ഗ്രാമത്തിലെ കൂട്ടുകാരില്‍ പലരും പത്തില്‍ തോറ്റ് ഓട്ടോ ഓടിച്ചും കൂലിവേല ചെയ്തും നടന്നപ്പോള്‍ ജയഗണേഷ് പതറാതെ പഠിച്ചു. 91 ശതമാനം മാര്‍ക്കോടെ വിജയിച്ചു തന്തൈ പെരിയാര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് പ്രവേശനം നേടി. 

2000ല്‍ ബിരുദം നേടി പുറത്തിറങ്ങി നേരെ വിട്ടതു ബെംഗളൂരുവിലേക്ക്. ഇന്‍ഡസ്ട്രിയല്‍ ടൂള്‍സ് വില്‍ക്കുന്ന കമ്പനിയില്‍ ജോലി ലഭിച്ചെങ്കിലും ശമ്പളം വളരെ തുച്ഛമായിരുന്നു. അങ്ങനെയാണ് മറ്റു സാധ്യതകളെ കുറിച്ച് ആലോചിക്കുന്നത്. തന്റെ ഗ്രാമത്തിലെ കുട്ടികളുടെ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സിവില്‍ സര്‍വീസ് വഴി സാധിക്കുമെന്ന വിശ്വാസം ഐഎഎസ് എന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചു. അങ്ങനെ ജോലി രാജിവച്ച് സിവില്‍ സര്‍വീസ് പരിശീലനത്തിനു നാട്ടില്‍ തിരികെയെത്തി. സ്വപ്‌നത്തിനു കൈത്താങ്ങായി കഷ്ടപ്പാടുകള്‍ക്കിടയിലും പിതാവെത്തി. ഫാക്ടറിയില്‍ നിന്ന് ബോണസായി കിട്ടിയ 6500 രൂപ കൊണ്ട് പഠന സാമഗ്രികളും ചെന്നൈയിലെ കോച്ചിങ് സെന്ററുകളിലെ നോട്ടുകളും വാങ്ങി. 

More Success Stories >>