കാശു തടസ്സമായില്ല; സ്വപ്നങ്ങളിലേക്കു പറക്കാൻ

‘ഞാൻ സാധാരണക്കാരിയാണ്, എന്റെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. സാധാരണക്കാർക്കും വലിയ സ്വപ്നങ്ങൾ കാണാം, അത് എത്തിപ്പിടിക്കാം എന്നു പഠിപ്പിച്ചത് അച്ഛനാണ്,’ മിസ് കേരള ഫസ്റ്റ് റണ്ണർ അപ് കിരീടമണിഞ്ഞ് തലയുയർത്തി നിന്നു, വിബിത വിജയൻ. തിളങ്ങുന്ന വേദിയിൽ മകളോടു ചേർന്നു നിന്നു കണ്ണു തുടച്ചു അച്ഛൻ വിജയനും അമ്മ കൃഷ്ണവേണിയും. സന്തോഷത്തിന്റെ, അഭിമാനത്തിന്റെ, ആത്മവിശ്വാസത്തിന്റെ നിറകൺചിരി. ഉണ്ണിയപ്പത്തിന്റെ മധുരമുള്ള ചിരി. 

സന്തോഷത്തിന്റെ ‘ഉണ്ണിയപ്പം’
കൃഷ്ണവേണിയുണ്ടാക്കുന്ന ഉണ്ണിയപ്പങ്ങളുമായി, ‘ഉണ്ണിയപ്പം’ എന്ന തന്റെ  ഓട്ടോയിൽ വിജയൻ എന്നും പാലക്കാട് ടൗണിലെത്തും. ഓട്ടോ ഓടിച്ചും ഉണ്ണിയപ്പം വിറ്റുമാണു മൂന്നു മക്കളെ ‘പറക്കാൻ’ ഒരുക്കിയെടുത്തത്, സ്വപ്നങ്ങളിലേക്കു പറക്കാൻ. എത്ര കഷ്ടപ്പാടിലും തളർന്നില്ല, വീട്ടിലെ സന്തോഷം കെടാൻ അനുവദിച്ചില്ല, കാശില്ല എന്നു പറഞ്ഞു മക്കളുടെ സ്വപ്നങ്ങൾക്ക് അതിരിട്ടുമില്ല. അവർക്കു നല്ല വിദ്യാഭ്യാസം കിട്ടാൻ ഫീസ് നോക്കാതെ മികച്ച സ്കൂളിൽ തന്നെ ചേർത്തു. വിജയേട്ടന്റെ മുഖത്ത് എപ്പോഴും ചിരിയുണ്ടാകും, അത് അതേപടി കിട്ടിയിട്ടുണ്ട് വിബിതയ്ക്കെന്നു സുഹൃത്തുക്കൾ. 

ഫീസുമായി ആ കുടുംബം
ഒരിക്കൽ മാസങ്ങളോളം സ്കൂളിലെ ഫീസ് കൊടുക്കാനായില്ല. കുട്ടികളെ പുറത്താക്കുന്ന അവസ്ഥ. എങ്കിലും എന്നും രാവിലെ യൂണിഫോം ധരിപ്പിച്ച് അവരെ ഒരുക്കി നിർത്തി അച്ഛനും അമ്മയും. പിന്നെ വീട്ടിൽ നിന്നു പുറത്തിറക്കുന്നതു വൈകിട്ടു മാത്രം. മറ്റൊന്നിനുമല്ല, മക്കൾ സ്കൂളിൽ പോകുന്നില്ലെന്നു മറ്റുള്ളവർ അറിയാതിരിക്കാൻ. 

മിസ് കേരള വേദിയിൽ വിബിതയ്ക്കൊപ്പം അച്ഛനും അമ്മയും. ചിത്രം: റോബർട്ട് വിനോദ്

പക്ഷേ, ഒരു നാൾ മൂത്തമകൻ വിബിന്റെ സഹപാഠിയുടെ അച്ഛനുമമ്മയും വിവരം അറിഞ്ഞു. അവർ ഫീസ് മുഴുവൻ അടച്ചു. വിബിതയുടെ നേട്ടത്തിൽ സന്തോഷമറിയിച്ച് ആദ്യം വിളിച്ചതും ആ കുടുംബമാണ്.

മിടുമിടുക്കരായി മക്കൾ
പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കുമ്പോൾ നാടകം, മിമിക്രി തുടങ്ങി എല്ലാറ്റിനും മുന്നിലായിരുന്നു വിബിത.  കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ മികച്ച നടിയായി. ‘ കലയായാലും പഠനമായാലും അച്ഛനും അമ്മയും ഫുൾ സപ്പോർട്ട്. പഠിക്ക്, പഠിക്ക് എന്ന് ഒരിക്കലും നിർബന്ധിച്ചിട്ടില്ല. ഞങ്ങളുടെ  ഇഷ്ടങ്ങൾക്കായി ജീവിക്കുന്ന അവർക്കു വേണ്ടി പെട്ടെന്നു ജോലി തേടണമെന്നു തോന്നി. ബിരുദം കഴിഞ്ഞയുടൻ സിൻഡിക്കറ്റ് ബാങ്കിൽ ജോലി സ്വന്തമാക്കിയത് അങ്ങനെയാണ്, ’ വിബിത പറയുന്നു. എല്ലാറ്റിനും പ്രചോദനം ഹിമാചലിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ചേട്ടൻ വിബിനാണെന്നും. വിബിതയും ചിറ്റൂർ കോളജിലെ ബിരുദ വിദ്യാർഥിയായ അനിയത്തി വിബിനയും മികച്ച ടെന്നിസ് താരങ്ങൾ കൂടിയാണ്. സംസ്ഥാന‍തല മൽസരങ്ങളിൽ അടക്കം പങ്കെടുത്തു. കളി ഉപകരണങ്ങൾ വാങ്ങാനുള്ള ശേഷിയില്ലായിരുന്നു വിജയന്. എങ്കിലും വിലയറിയാൻ പരിചയക്കാരന്റെ  കടയിലെത്തി. ‘കാശ് എപ്പഴേലും തന്നാൽ മതി വിജയേട്ടൻ ആദ്യമിത് കൊണ്ടുപോ’ എന്നായിരുന്നു കടയുടമയുടെ വാക്കുകൾ. ഇന്നും വിബിനയുടെ പരിശീലനത്തിന് ആവശ്യമായ സാധനങ്ങൾക്ക് ഈ കടയിലെത്തുകയേ വേണ്ടൂ. വിബിൻ മികച്ച ഫുട്ബോൾ താരമായിരുന്നു. കൊച്ചിയിലെ അക്കാദമിയിൽ സിലക്‌ഷൻ കിട്ടിയെങ്കിലും കളിക്കൊപ്പം പഠനത്തിനു പ്രാധാന്യം കിട്ടുന്നില്ലെന്നറിഞ്ഞ് ഉപേക്ഷിച്ചു. കായികതാരമായിട്ടല്ല ജോലിയിൽ പ്രവേശിച്ചതെങ്കിലും ഇപ്പോൾ എയർഫോഴ്സിലെ മികച്ച താരങ്ങളിൽ ഒരാൾ.  കൊച്ചുവീടിനു പകരം പാലക്കാട് കുന്നത്തൂർമേട്ടിൽ പുതിയ വീടുണ്ടാക്കിയതു വിബിനു ജോലി കിട്ടിയപ്പോഴാണ്.

അച്ഛനെന്ന ശക്തി
‘മിസ് കേരള മൽസരത്തിൽ പങ്കെടുക്കുന്നവരുടെ പ്രൊഫൈലുകൾ കണ്ടപ്പോൾ എല്ലാവരും വലിയ ആളുകൾ. തിരികെ പോകാം എന്നു തോന്നിയതാണ്. അച്ഛൻ വിലക്കി. വലുതും ചെറുതുമൊന്നുമില്ലെന്നും ധൈര്യമായി വേദിയിൽ കയറാനും പറഞ്ഞു. അതായിരുന്നു എന്റെ ശക്തി വിജയാരവങ്ങൾക്കിടയിൽ നിന്നപ്പോൾ എന്നെ ഞാനാക്കിയ കുടുംബത്തെക്കുറിച്ചു പറയണമെന്നു തോന്നി. അവർ കൂടി വേദിയിലെത്തിയപ്പോഴാണു സന്തോഷം പൂർണമായത്,’ വിബിതയുടെ വാക്കുകൾ. ഇത്തരം മൽസരങ്ങളും മോഡലിങ്ങുമെല്ലാം ആത്മവിശ്വാസമുണ്ടെങ്കിൽ ആർക്കും എത്തിപ്പിടിക്കാനാകും. ഭാവിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ല, അതെന്തായാലും കഷ്ടപ്പെട്ടു നേടിയ ജോലി ഉപേക്ഷിച്ചിട്ടാകില്ലെന്നും വിബിത. ഇപ്പോഴും വിജയൻ രാവിലെ ഓട്ടോയുമായി ടൗണിലെത്തും. ഇനി വിശ്രമിക്കാൻ മക്കൾ സ്നേഹപൂർവം നിർബന്ധിക്കുമെങ്കിലും ഇപ്പോഴാണ് ‘ഏറ്റവും സന്തോഷത്തോടെ’ ഓട്ടോ ഓടിക്കുന്നതെന്നു പറഞ്ഞു ചിരിച്ചൊഴിയും വിജയൻ.

More Success Stories >>