ത്രില്ലടിപ്പിക്കുന്ന പിഎസ്‌സി വിജയകഥ

മൻസൂറലി  വെറും പുലിയല്ല, പുപ്പുലിയാണ്. ആറു വർഷത്തിനിടെ 50 പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ, 36 നിയമനശുപാർശ. വേണ്ടെന്നു വച്ച സർക്കാർ ജോലികൾ  മുപ്പതിലധികം. ഒരു കോച്ചിങ് സ്ഥാപനത്തിലും പോകാതെ സ്വന്തമായി അധ്വാനിച്ച് നേടിയ അറിവുമായാണ് ഒാരോ പിഎസ്‌സി റാങ്ക് ലിസ്റ്റിലും അദ്ദേഹം സ്വന്തം പേര് എഴുതിച്ചേർത്തത്. എംഎ ഹിസ്റ്ററി, ബിഎഡ്, ഹിസ്റ്ററിയിലും പൊളിറ്റിക്കൽ സയൻസിലും സെറ്റ്, നെറ്റ്, സി‌ടിഇടി, കെടിഇടി യോഗ്യതകൾ നേടിയ മൻസൂർ ഇപ്പോൾ കാസർകോട് ജയിൽ സൂപ്രണ്ടാണ്.  

പിഎസ്‌സി വഴി സർക്കാർ ജോലി തേടുന്നവർക്കു പാഠപുസ്തകമാക്കാവുന്നതാണ് മൻസൂറലിയുടെ ജീവിതം. സർക്കാർ ജോലി ലഭിച്ചാൽ ഒതുങ്ങിക്കൂടി സ്വന്തം കാര്യം സിന്ദാബാദ് എന്ന മട്ടിൽ പോകുന്നവർ  ഇദ്ദേഹത്തെ കണ്ടു പഠിക്കണം. താൻ നേടിയ അറിവുകൾ മറ്റുള്ളവർക്കു പങ്കുവയ്ക്കുകയാണ്  മൻസൂർ. ധാരാളം ഫോളോവേഴ്സുള്ള “പിഎസ്‌സി ത്രില്ലർ” എന്ന ഫെയ്സ്ബുക് പേജ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പിഎസ്‌സി നടത്തുന്ന വിവിധ പരീക്ഷകളുടെ സോൾവ്ഡ് പേപ്പറുകൾ, പരീക്ഷാ ടിപ്സ്, കോഡ് ഉപയോഗിച്ചുള്ള പരീക്ഷാ പരിശീലനം അങ്ങനെ വൈവിധ്യമാർന്ന രീതികളിലൂടെ ഉദ്യോഗാർഥികൾക്കു പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഇടംപിടിക്കാനുള്ള എല്ലാ വിദ്യകളും ഈ ഫെയ്സ്ബുക് പേജിലൂടെ അദ്ദേഹം പറഞ്ഞുതരുന്നു. നല്ലൊരു കായികതാരം കൂടിയായ മൻസൂർ ദീർഘദൂര ഒാട്ടമൽസരത്തിൽ കാലിക്കറ്റ് സർവകലാശാലയെ ദേശീയതലത്തിൽ മൂന്നാമതെത്തിച്ചിട്ടുണ്ട്. 

സ്വന്തം കാലിൽ നിൽക്കാൻ ഉറപ്പുള്ള  സർക്കാർ ജോലി വേണം എന്ന ചിന്തയാണ് പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്തേക്കിറങ്ങാൻ മൻസൂറലിയെ പ്രേരിപ്പിച്ചത്. കോച്ചിങ് സെന്ററിൽ പോയി പഠിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാതിരുന്നതിനാൽ സ്വന്തമായി പഠനം ആരംഭിച്ചു. പരീക്ഷാ പരിശീലനത്തിനു തൊഴിൽവീഥിയെ ആശ്രയിച്ചിരുന്നു.  സോൾവ്ഡ് പേപ്പറുകളും മുൻ ചോദ്യപേപ്പറുകളുമാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. തൊഴിൽവീഥിയുടെ പരീക്ഷാപരിശീലന പേജുകൾ ബൈൻഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഇത്തരം എണ്ണൂറിലധികം പേജുകൾ   തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വിവിധ വിഷയങ്ങളിലെ സംശയങ്ങൾ തീർക്കാൻ ഇത്  ഉപയോഗിക്കാറുണ്ട്. 

സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, പൊലീസ് കോൺസ്റ്റബിൾ, ഹൈസ്കൂൾ അസിസ്റ്റന്റ്, എൽഡിസി, ലാസ്റ്റ് ഗ്രേ‍ഡ് സർവന്റ്സ്, വില്ലേജ്മാൻ, വിഇഒ, എൽപിഎസ്എ, യുപിഎസ്എ തുടങ്ങി 50 ലിസ്റ്റുകളിൽ മൻസൂറലി ഉൾപ്പെട്ടിട്ടുണ്ട്. പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലാണ് ആദ്യം ഉൾപ്പെട്ടത്. ഇതിൽ നിന്ന് അഡ്വൈസ് മെമ്മോ ലഭിച്ചെങ്കിലും ജോലിയിൽ പ്രവേശിച്ചില്ല. ഇന്ത്യാ റിസർവ് ബറ്റാലിയൻ (റഗുലർ വിഭാഗം)   പൊലീസ് കോൺസ്റ്റബിൾ തസ്തികയിലെ ജോലിയാണ് ആദ്യം തിരഞ്ഞെടുത്തത്. ഇതിലേക്കുള്ള ട്രെയിനിങ് അഞ്ചുമാസം പൂർത്തിയായപ്പോഴേക്കും ഈ ജോലി ഉപേക്ഷിച്ചു. ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ തസ്തികയിലായിരുന്നു പിന്നീട് നിയമനം ലഭിച്ചത്. ഈ ലിസ്റ്റിൽ രണ്ടാം ജേതാവായിരുന്നു മൻസൂർ. പാലക്കാട് സ്പെഷൽ സബ് ജയിലിലായിരുന്നു നിയമനം. പിന്നീട് പ്രമോഷൻ നേടി കാസർകോട് ജയിൽ സൂപ്രണ്ടായി. 

പാലക്കാട് വട്ടമണ്ണപ്പുറം സ്വദേശിയായ മൻസൂറലിക്ക് കോളജ് അധ്യാപകനാകാനാണു താൽപര്യം. നെന്മാറ എൻഎസ്എസ് കോളജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്.  കോളജ് അധ്യാപക തസ്തികയിലേക്കുള്ള പിഎസ്‌സി വിജ്ഞാപനം കാത്തിരിക്കുകയാണ്. ആറു വർഷത്തിനിടെ 50  റാങ്ക് ലിസ്റ്റുകളിൽ  ഉൾപ്പെട്ട മൻസൂറിന് ഇത് നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളൂ.  സ്കൂൾ അധ്യാപിക ഫിദയാണ് മൻസൂറിന്റെ ഭാര്യ. അഞ്ചുമാസം പ്രായമായ  ദമിൻ ഏകമകനാണ്.    

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം