വിളയ്ക്കു വില കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാടാണു നമ്മുടേത്. 750 കിലോ ഉള്ളിക്കു വെറും 1064 രൂപ ലഭിച്ച കര്‍ഷകന്‍ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു പ്രതിഷേധിച്ചതും ഈയിടെ വാര്‍ത്തയായിരുന്നു. അങ്ങനെയുള്ള ഇന്ത്യ മഹാരാജ്യത്ത് ഒരു ഐടി എന്‍ജിനീയര്‍ തന്റെ ജോലി ഉപേക്ഷിച്ചു കൃഷിയിലേക്ക് ഇറങ്ങിയെന്നു കേട്ടാലോ, അതും വര്‍ഷം ആറര ലക്ഷം രൂപ ശമ്പളമുള്ള നല്ല ഒന്നാന്തരം ജോലി. ഇവനെന്താ തലയ്ക്ക് ഓളമാണോ എന്ന് ആരും ചോദിച്ചു പോകും.
രണ്ടു വര്‍ഷം മുന്‍പു മഹാരാഷ്ട്ര സ്വദേശി അനൂപ് പാട്ടീലിനോടും നാട്ടുകാര്‍ ഇതേ ചോദ്യം ചോദിച്ചു. എന്നാല്‍ ഇന്നു കൃഷിയിലൂടെ പ്രതിവര്‍ഷം 20 ലക്ഷം രൂപയ്ക്കു മേല്‍ ആദായമുണ്ടാക്കി വിമര്‍ശകരുടെ വായടപ്പിക്കുകയാണ് ഈ 28 കാരന്‍. 12 ഏക്കര്‍ ഫാമില്‍ 15 ഓളം തൊഴിലാളികളുമുണ്ട് ഈ നവ കര്‍ഷകന്.
നാലു വര്‍ഷത്തോളം ചെയ്ത ഐടി ജോലിയോടു സലാം പറഞ്ഞാണ് അനൂപ് പാടത്തേക്ക് ഇറങ്ങുന്നത്. ജോലി ചെയ്യാന്‍ ആകെയുള്ള പ്രചോദനം ആഴ്ചാവസാനം വരുന്ന അവധിയാണെന്നു തിരിച്ചറിവുണ്ടായപ്പോള്‍ ഒരു ദിവസം രാജിക്കത്തും നല്‍കി അനൂപ് പുണെയിലെ തന്റെ ഫ്‌ളാറ്റിലെത്തി. തൊഴില്‍രഹിതനായ കാര്യം മൂന്നു മാസത്തേക്ക് അനൂപ് ആരോടും പറഞ്ഞില്ല.
ഗുജറാത്തിലെയും കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും കര്‍ഷകരെ സന്ദര്‍ശിക്കലായിരുന്നു ഇക്കാലയളവിലെ പ്രധാന പരിപാടി. ഈ സമയം വിപണിയെക്കുറിച്ചു ഗവേഷണം നടത്താനും കൃഷിയെക്കുറിച്ചു പറ്റാവുന്ന വിവരങ്ങളെല്ലാം ശേഖരിക്കാനും വിനിയോഗിച്ചു. എന്നിട്ടു നേരെ മഹാരാഷ്ട്രയിലെ സാങ്ക്‌ലി ജില്ലയിലുള്ള തന്റെ ഗ്രാമമമായ നഗ്‌റേലിലെത്തി. കൃഷി ചെയ്യാനുള്ള സമഗ്ര പദ്ധതിയുമായിട്ടായിരുന്നു വരവ്.
എന്‍ജിനീയറായി നല്ല ശമ്പളത്തില്‍ അടിച്ചു പൊളിച്ചു നടന്ന പയ്യനു ദുരിതം നിറഞ്ഞ കര്‍ഷക ജീവിതം താങ്ങാനാവില്ലെന്നു പറഞ്ഞു പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ, പിന്മാറാന്‍ അനൂപ് തയാറല്ലായിരുന്നു. പരമ്പരാഗത കരിമ്പു കൃഷിയിലായിരുന്നു അനൂപിന്റെ തുടക്കം. സബ്‌സിഡിക്കു വേണ്ടി അപേക്ഷിച്ച ശേഷം അതുവഴി ലഭിച്ച തുക കൊണ്ട് ഒരു പോളി ഹൗസും ഫാമില്‍ നിര്‍മിച്ചു. അതില്‍ നിറമുള്ള കാപ്‌സിക്കം വളര്‍ത്താന്‍ തുടങ്ങി. ആദ്യം വാങ്ങിവച്ച 7000 ചെടികളില്‍ ആയിരമെണ്ണം നശിച്ചു പോയി. പക്ഷേ, പ്രതീക്ഷ കൈവിടാതെ, നശിച്ച ചെടികളുടെ സ്ഥാനത്ത് ആയിരം എണ്ണം കൂടി അനൂപ് വാങ്ങി വച്ചു. ആ ഗ്രാമത്തിലാരും അതിനു മുന്‍പ് അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നിരുന്നില്ല.
പക്ഷേ അനൂപിന്റെ വിപണനതന്ത്രം ആദ്യ വര്‍ഷം തന്നെ ലാഭം നേടിക്കൊടുത്തു. കാപ്‌സിക്കം നടുന്നതിനു മുന്‍പുതന്നെ വിലയുടെയും എണ്ണത്തിന്റെയും കാര്യത്തില്‍ വാങ്ങുന്നവരുമായി ധാരണയുണ്ടാക്കിയിരുന്നു. ധാരണയുണ്ടാക്കിയ കച്ചവടക്കാര്‍ക്ക് എ-ഗ്രേഡ് വിള തന്നെ നല്‍കി. കുറഞ്ഞ നിലവാരമുള്ളവ പ്രാദേശിക മാര്‍ക്കറ്റിലെത്തിച്ചു. അടുത്തതായി കൈവച്ചതു പൂക്കൃഷിയിലാണ്. എന്നാല്‍ വിളവെടുപ്പിന്റെ സമയത്തു വിപണി മൊത്തത്തില്‍ നഷ്ടത്തിലായിരുന്നതു കൊണ്ടു കുറഞ്ഞ വിലയില്‍ വിറ്റതിനാൽ നഷ്ടം സംഭവിച്ചു. എന്നാലും അനൂപ് പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ല.
നാലേക്കറില്‍ പിന്നീടു ജമന്തിപ്പൂ വളര്‍ത്തി നല്ല ലാഭത്തില്‍ വിറ്റു. ഒപ്പും മധുര ചോളവും കാപ്‌സിക്കവും വളര്‍ത്തി. ഫാമില്‍ ഒരിടത്തു സ്ഥിരമായി വെള്ളക്കെട്ടുണ്ടായപ്പോള്‍ അവിടെ മീന്‍ വളര്‍ത്തലും ആരംഭിച്ചു. കൂടെ എല്ലാത്തിനും പിന്തുണയുമായി ബിരുദാനന്തരബിരുദധാരിയായ ഭാര്യയുമുണ്ട്.
എല്ലാവരില്‍നിന്നും എന്തെങ്കിലും പഠിക്കാനുണ്ടാകും എന്നതാണു അനൂപിന്റെ പക്ഷം. ചെറിയ കര്‍ഷകര്‍ക്കു പോലും എന്തെങ്കിലും ഉപയോഗപ്രദമായ കാര്യം പഠിപ്പിക്കാനുണ്ടാകും. അറിവിനു വേണ്ടിയുള്ള ആര്‍ത്തിയാണു തന്റെ വിജയരഹസ്യമെന്നും അനൂപ് പറയുന്നു. കൂടുതല്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ കൃഷിയിലേക്കു കടന്നു വരണമെന്നും അതിന്റെ വിപണന വ്യവസായിക സാധ്യതകള്‍ കണ്ടെത്തണമെന്നും ഈ യുവകര്‍ഷകന്‍ അഭിപ്രായപ്പെടുന്നു. അനൂപിന്റെ കൃഷിരീതികളെക്കുറിച്ചു കൂടുതല്‍ അറിയേണ്ടവർക്ക് mail2patilanup@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.
Job Tips >>