ജോസഫ് അലക്സും ഭരത് ചന്ദ്രനും ആകണോ? നേടാം സിവിൽ സർവീസ്
സിവില്‍ സര്‍വീസ് 2019 അടുത്തെത്താറായി. രാജ്യം ഉറ്റുനോക്കുന്ന പരീക്ഷ എന്നതിനപ്പുറം വൈവിധ്യമാര്‍ന്ന മേഖലകളില്‍ അധികാരത്തോടെ പ്രവര്‍ത്തിക്കാമെന്നതും തീര്‍ത്തും സാധാരണക്കാരിലേക്കു വിശ്വാസ്യതയോടെ ഇറങ്ങിച്ചെല്ലാം എന്നതുമാണു യുവതയെ സിവില്‍ സര്‍വീസിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പക്ഷെ എങ്ങനെ തുടങ്ങണം എങ്ങനെ പഠിക്കണം തുടങ്ങി നൂറു കൂട്ടം സംശയങ്ങളും ആ പരീക്ഷ സ്വപ്നം കാണുന്നവര്‍ക്കുണ്ടാകും. അതിനൊരു ഉത്തരം നല്‍കുകയാണ് ആദ്യ ശ്രമത്തില്‍ തന്നെ 158ാം റാങ്കോടെ സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ ജി. ജയ്ദേവ്് ഐപിഎസ്. തിരുവനന്തപുരം ഡിസിപിയായി മികച്ച സേവനം കാഴ്ചവച്ച ശേഷം കോഴിക്കോട് റൂറല്‍ എസ്പിയായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.
എഞ്ചിനീയറിങ്ങില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക്
സ്കൂള്‍ കാലത്ത് ക്വിസ് മത്സരങ്ങളോടു താല്പര്യമായിരുന്നു. അങ്ങനെയാണു സിവില്‍ സര്‍വീസ് മനസ്സില്‍ കയറുന്നത്. പക്ഷേ സ്കൂള്‍ കാലത്തൊന്നും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. അതു മറന്നുപോയി എന്നു തന്നെ പറയാം. തിരുവനന്തപുരം സിഇടിയിലായിരുന്നു ബിടെക് പഠനം. എഞ്ചിനീയറിങ്ങിനോടു വലിയ പാഷന് തോന്നിയിരുന്നില്ല. എന്‍ട്രന്‍സ് എഴുതി കിട്ടിയപ്പോള്‍ പഠനത്തിനു ചേര്‍ന്നുവെന്നേയുള്ളൂ. ക്യാംപസ് സെലക്ഷനില്‍ ജോലി കിട്ടിയെങ്കിലും ഒരു വര്‍ഷമേ അവിടെയുണ്ടാകൂ എന്നുറപ്പിച്ചിട്ടാണു ജോയിന്‍ ചെയ്തത്. അതുപോലെ തന്നെ ചെയ്തു. ജോലി ഉപേക്ഷിച്ച്, സിവില്‍ സര്‍വീസ് പഠനം തുടങ്ങുകയാണ് എന്നു പറഞ്ഞപ്പോള്‍ വീട്ടില്‍ സ്വന്തം ഇഷ്ടത്തിനു മതി എന്നു പറഞ്ഞു. തിരുവനന്തപുരം സിസിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു പഠനം തുടങ്ങിയത്.
പഠിച്ചതു കൊണ്ടു നഷ്ടമില്ല
അനിശ്ചിതത്വം ഏറെയുള്ള പരീക്ഷയാണു സിവില്‍ സര്‍വീസ്. മൂന്നു ഘട്ടങ്ങളിലായി വലിയ സിലബസിന്റെ അടിസ്ഥാനമാക്കി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷ. പക്ഷേ ഏതു ഡിഗ്രി ഉള്ള ആള്‍ക്കും എഴുതി എടുക്കാനാകുന്ന പരീക്ഷയാണ് ഇതെന്നു എനിക്കുറപ്പിച്ചു പറയാനാകും. ക്ഷമയും നന്നായി ശ്രമിച്ചു പഠിക്കാനുള്ള മനസ്സും വേണം എന്നു മാത്രം. ഞാന്‍ ആദ്യ ശ്രമത്തില്‍ തന്നെ പരീക്ഷ ജയിച്ച ആളാണ്. അങ്ങനെ സാധിക്കും എന്നു വിചാരിച്ചിരുന്നില്ല. പക്ഷേ സിലബസു നന്നായി മനസ്സിലാക്കി, ആദ്യ ശ്രമത്തില്‍ തന്നെ ജയിക്കണം എന്ന ചിന്തയോടെ വേണം തുടങ്ങാന്‍. അങ്ങനെ സാധിച്ചില്ലെങ്കിലും വീണ്ടും പരിശ്രമിക്കാനുള്ള മനസ്സു വേണം. ചിലര്‍ പ്രിലിമിനറി പരാജയപ്പെടുമ്പോഴേ ശ്രമം ഉപേക്ഷിക്കും. മറ്റു ചിലര്‍ മെയിന്‍സിലും ചിലര്‍ അഭിമുഖത്തില്‍ ഒരു വട്ടം പരാജയപ്പെട്ടതോടെ മടുത്തു നിര്‍ത്തും. നമ്മള് ഏതു ഘട്ടത്തിലും പരാജയപ്പെടാം. പക്ഷേ വീണ്ടും അവസരമുണ്ടെങ്കില്‍ മുന്‍പത്തെ പരാജയ കാരണം മനസ്സിലാക്കി ആവേശത്തോടെ പഠിച്ചാല്‍ ജയം ഉറപ്പാണ്. നമ്മുടെ അറിവു കൂടുകയേയുളളൂ. അതു മാത്രമല്ല, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പഠിക്കുന്നുവെന്നാല് മറ്റ് അനേകം മികച്ച പരീക്ഷകള്‍ക്കു കൂടിയുള്ള തയ്യാറെടുപ്പാണ്. അതുകൊണ്ടു പഠിച്ചതു കൊണ്ടു ആ സമയം ഒരിക്കലും പാഴായി പോകില്ല.
എന്തുകൊണ്ട് ഐപിഎസ്
ഐഎഫ്എസ്, ഐഎഎസ് എന്നീ ഓപ്ഷനുകള്‍ക്കു ശേഷമാണ് ഐപിഎസ് കൊടുത്തത്. പക്ഷേ ആദ്യത്തേതു രണ്ടും കിട്ടാനുള്ള റാങ്ക് ഉണ്ടായിരുന്നില്ല. രണ്ടാമതു വീണ്ടും പരീക്ഷ എഴുതാനുള്ള മനസ്സും വന്നില്ല. കാരണം, ഐപിഎസ് ലിസ്റ്റില്‍ ഏകദേശം ആദ്യ റാങ്ക് വന്നിരുന്നു. അപ്പോള്‍ കേരള കേഡര്‍ കിട്ടാന്‍ ചാന്‍സ് ഉണ്ടെന്നു തോന്നി. നാട്ടില്‍ നില്ക്കാം എന്ന ചിന്ത കൂടി വന്നപ്പോള്‍ ഇതു തന്നെ മതി എന്നു തീരുമാനിച്ചു. പിന്നെ ഇതില്‍ എല്ലാ സര്‍വീസും ഒരുപോലെ പ്രധാനപ്പെട്ടതും പ്രവര്‍ത്തന മേഖല വൈവിധ്യമുള്ളതുമാണ്.
തീരുമാനം ഉറച്ചതാകണം
ഞാന്‍ 2010ല്‍ ഡിഗ്രി കഴിഞ്ഞ് 2012ല്‍ ആണ് സിവില്‍ സര്‍വീസ് എഴുതുന്നത്. ആ സമയത്ത് രണ്ടു ഓപ്ഷനുകള്‍ വേണമായിരുന്നു. അതുപോലെ പ്രിലിമിനറിയില്‍ സിസാറ്റ് പേപ്പര്‍ മാര്‍ക്കു കൂടി പരിഗണിക്കുമായിരുന്നു. ഇപ്പോള്‍ ഒരു ഓപ്ഷന് മതി. അതുപോലെ സിസാറ്റിനു നിശ്ചിത മാര്‍ക്കു നേടിയാലും മതി. എന്തുതന്നെയായാലും പരീക്ഷയുടെ കാഠിന്യത്തിനു കുറവില്ല. നമുക്കു വേണ്ടുന്ന മെറ്റീരിയലുകള്‍ മാത്രം കണ്ടെത്തുക എന്നതാണ് ആദ്യത്തെ ജോലി. ഓരോരുത്തരുടെയും കംഫര്‍ട് അനുസരിച്ചാകും അത്. വലിച്ചു വാരി പഠിക്കരുത്. ഒരേ മെറ്റീരിയില്‍ തന്നെ പിന്തുടരുന്നതു നന്നായിരിക്കും. ഇന്നാണെങ്കില്‍ യുട്യൂബ് വിഡിയോകളിലൊക്കെ എന്തൊക്കെ ബുക്ക് വാങ്ങണം, എവിടന്നു വാങ്ങണം എന്നതു പോലും മുന്‍ ജേതാക്കള്‍ പറഞ്ഞു തരുന്നുണ്ട്. അതൊക്കെ കേള്‍ക്കുന്നത് ഒരുപാട് ഉപകാരപ്പെടും.
രണ്ടാമത്തേത് മെയിന്‍സിലെ വിഷയങ്ങള്‍ ഏതൊക്കെയെന്നു തീരുമാനിക്കലാണ്. ചിലര്‍ രണ്ടു മൂന്നു പ്രാവശ്യം വിഷയങ്ങള്‍ മാറ്റും. ഒരു വട്ടം ചെയ്യുന്നത് ഓക്കെയാണ്. പക്ഷേ പിന്നെയും തീരുമാനം മാറ്റിയാല്‍ നമുക്കു മെയിന്‍സ് പഠിച്ചു തീര്‍ക്കാനാകില്ല. ഏതു വിഷയത്തിലാണു താല്പര്യം എന്നതു പോലെ ഏതാണു നമുക്കു ചേരുന്നത് എന്നതു കൂടി നോക്കി വേണം വിഷയം തീരുമാനിക്കാന്‍. എനിക്കു ജ്യോഗ്രഫി ഒരുപാട് ഇഷ്ടമായിരുന്നു. ഒരുപാടുണ്ട് അതില്‍ പഠിക്കാന്‍. രണ്ടാം സബ്ജക്ട് പബ്ലിക് അഡ്മിനിസ്ട്രേഷന് ആയിരുന്നു. രണ്ടും തീരുമാനിച്ചതില്‍ പിന്നെ മാറ്റിയില്ല.
ജനറല്‍ സ്റ്റഡീസ് വളരെ പ്രധാനപ്പെട്ടതാണ്. മെറ്റീരിയലുകള്‍ കണ്ടെത്തുന്നതിലെ യുക്തി ജനറല്‍ സ്റ്റഡീസ് പഠനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എഴുതി പഠിക്കാനും ശ്രദ്ധിക്കണം. പ്രിലിമിനറി കഴിഞ്ഞിട്ട് ഐച്ഛിക വിഷയങ്ങള്‍ കണ്ടെത്തി പഠിക്കാം എന്ന തീരുമാനം മണ്ടത്തരമാണ്. പഠിച്ചു തീര്‍ക്കാന്‍ ബുദ്ധിമുട്ടാകും. എല്ലാ വിഷയങ്ങള്‍ക്കും ചെറിയ രീതിയിലെങ്കിലും നോട്സ് തയ്യാറാക്കുന്നത് നല്ലതാണ്. റിവിഷന്‍ സമയത്ത് ഉപകാരപ്പെടും. എല്ലാത്തിനുമുപരിയായി ഒപ്പം മത്സരിച്ചു പഠിക്കാന്‍ നല്ല സുഹൃത്തുക്കള്‍ ഉള്ളത് ഉപകാരപ്പെടും. എനിക്ക് അത്തരം നല്ലൊരു സുഹൃത് വലയം അന്ന് കിട്ടിയിരുന്നു. ചര്‍ച്ച ചെയ്തു പഠിക്കുന്നതൊക്കെ ഓര്‍മയില്‍ നില്ക്കും. മിക്കവര്‍ക്കും എങ്ങനെ പഠിച്ചു തുടങ്ങണം എന്നൊരു പ്രശ്നമുണ്ടാകാം. ആ സ്റ്റാര്‍ട്ടിങ് ട്രബിള്‍ ഇല്ലാതാക്കാന്‍ കൂട്ടുകാരൊത്തുള്ള പഠനം ഉപകരിക്കും.
അഭിമുഖത്തെ പേടിക്കേണ്ട!
എല്ലാവരില്‍ നിന്നും കേട്ടത് അനുസരിച്ച് ചെറിയൊരു ടെന്‍ഷനോടെയാണ് അഭിമുഖത്തിന് എത്തിയത്. പക്ഷേ അതിന്റെ ഒരു ആവശ്യവുമില്ലെന്നു കഴിഞ്ഞപ്പോള്‍ മനസ്സിലായി. ഒരിക്കലും നമ്മുടെ അറിവു പരീക്ഷക്കലല്ല അവിടെ നടക്കുന്നത്. ഓരോ ചോദ്യത്തേയും നമ്മള് എങ്ങനെ നേരിടുന്നു എന്നതാണ് അറിയാമോ അറിയില്ലയോ എന്നതില്‍ എന്നതിനേക്കള്‍ പ്രധാനം. അറിയില്ലെങ്കില്‍ അറിയില്ല എന്നു തന്നെ പറയണം. എന്നോട് അധികവും ചോദിച്ചത് കേരളത്തെ കുറിച്ചു തന്നെയായിരുന്നു. ആ സമയത്തായിരുന്നു ബിനാലെ വന്നത്. ബിനാലെയെ കുറിച്ചു ചോദ്യം വന്നിരുന്നു. അങ്ങനെയൊരു സംഭവം നടക്കുന്നുവെന്ന് അറിയാമായിരുന്നുവെങ്കിലും ഞാന്‍ പോയിട്ടില്ലായിരുന്നു. അതുകൊണ്ട് പോയിട്ടില്ല എന്നു തന്നെ മറുപടി പറഞ്ഞു. നമ്മുടെ ചുറ്റുപാടുകളെ കുറിച്ച് അറിഞ്ഞ് സത്യസന്ധമായി ഉത്തരം പറയുകയേ വേണ്ടൂ. അഭിമുഖത്തിനു പ്രതീക്ഷിച്ചതിനേക്കാളേറെ മാര്‍ക്കുണ്ടായിരുന്നു. 235 മാര്‍ക്കായിരുന്നു അഭിമുഖത്തിന് ലഭിച്ചത്. 240യോ മറ്റോ ആയിരുന്നു ഏറ്റവും ഉയര്‍ന്ന സ്കോര്്.
ഐപിഎസ് ജീവിതം
െട്രയിനിങ് കാലങ്ങള്‍ എന്നു പറയുന്നത് എല്ലാവര്ക്കും അവിസ്മരണീയമായിരിക്കും. മാനസികമായും ശാരീരികമായും നമ്മള് മുന്‍പൊരിക്കലും അറിഞ്ഞിട്ടില്ലാത്തൊരു തലത്തിലേക്കു കൊണ്ടുപോകുന്ന ജീവിതമാണ് അത്. നമുക്കൊട്ടും സ്ട്രെസ് തരാതെ, എന്നാല്‍ സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ പരിശീലിപ്പിച്ചു കൊണ്ടുള്ള പരിശീലനം.
ഒരുപാടു രസകരമായ രീതിയിലൊരു പരിവര്‍ത്തനം. എല്ലാത്തരം കായിക പരിശീലനവും അവിടെ നല്കപ്പെടും. അതുകഴിഞ്ഞ് ഓഫിസര്‍ എന്ന നിലയിലേക്ക് എത്തുമ്പോള്‍ ഓരോ ദിവസവും തീര്‍ത്തും അപ്രതീക്ഷിതമായിരിക്കും. അതാണ് ഏറ്റവും വലിയ പ്രത്യേകത. തീര്‍ച്ചയായും സമ്മര്‍ദ്ദമുള്ള ജോലിയാണ്. അതില്‍ തന്നെ വളരെ പോസിറ്റിവ് ആയ സമ്മര്‍ദ്ദം മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളൂ. തിരുവനന്തപുരം ഡിസിപി ആയിരുന്ന സമയത്താണ് ഓഖി ദുരന്തമൊക്കെ വരുന്നത്. പിന്നെ ആറ്റുകാല്‍ പൊങ്കാല, സെക്രട്ടറിയേറ്റ് സമരം ഉള്‍പ്പെടെ നിരവധി സുരക്ഷാ ചുമതലകളും. ആദ്യമായി ഒരു ജില്ലയുടെ മേധാവിയാകുന്നത് കോഴിക്കോട് റൂറലില്‍ ആണ്. ആദ്യ മാസങ്ങളിലായിരുന്നു നിപ്പ വൈറസ് ബാധ കോഴിക്കോട് വരുന്നത്. അതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേണ ചുമതലയുണ്ടായിരുന്നു. നമ്മള് നേരിടുന്ന വിഷയങ്ങളും ആളുകളും ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ജീവിതത്തില്‍ ഒരിക്കലും അഭിമുഖീകരിക്കേണ്ടി വരില്ല എന്നു ചിന്തിക്കുന്നവയായിരിക്കും അത്.
ആരാധന വേണ്ട
ഐഎഎസ്– ഐപിഎസ് ആരാധനയോട് യോജിപ്പില്ല. എല്ലാ മേഖലയിലുള്ളവരും ഒരുപോലെ പ്രധാനപ്പെട്ടവരാണ്. അത് അധ്യാപകരായാലും രാഷ്ട്രീയക്കാരായാലും ഡോക്ടര്‍മാരായാലും ഒക്കെ സമൂഹത്തില്‍ അവരുടേതായ ഇടം അര്‍ഹിക്കുന്നവരാണ്. പക്ഷേ സിവില്‍ സര്‍വീസ് നല്കുന്ന അധികാരം, തീര്‍ത്തും സാധാരണക്കാരുമായുള്ള നിരന്തരമായ ഇടപെടല്‍, ക്രമസമാധാന പ്രശ്നങ്ങളിലെ ഇടപെടല്‍ എന്നിവയിലൊക്കെ ഏറ്റവുമധികം പങ്കാളികളാകുന്നതു കൊണ്ടാകാം ഐഎഎസ്-ഐപിഎസുകാര്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ അതൊരു ആരാധനയുടെ തലത്തിലേക്കു പോകുന്നതിനോടു യോജിപ്പില്ലെന്നു മാത്രം.
ജോലിക്ക് അപ്പുറം
വായന ശീലം ഉണ്ടായിരുന്നു. ഇപ്പോള്‍ ജോലിയും തിരക്കുമായി സമയം കണ്ടെത്താനാകില്ല. അഥവാ കിട്ടിയാലും കുടുംബത്തോടൊപ്പമോ സിനിമ കണ്ടോ ചിലവിടും. സിവില്‍ സര്‍വീസ് അല്ലായിരുന്നുവെങ്കില്‍ എഞ്ചിനീയറിങ് മേഖലയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ജോലിയിലേക്കോ പോയേനെ.