ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി, സക്കര്‍ബര്‍ഗിനെ പിന്നിലാക്കി കയ്‌ലി ജെന്നർ
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വീരഗാഥ നമുക്ക് തൽക്കാലം മാറ്റി വയ്ക്കാം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടത്തിന് ഇതാ പുതിയ അവകാശി. കയ്‌ലി ജെന്നര്‍ എന്ന യുവതിയാണ് ഇപ്പോള്‍ ഫോബ്സ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യനയര്‍.
സക്കര്‍ബര്‍ഗ് 23 വയസ്സിലാണ് ബില്യനയര്‍ ആയതെങ്കില്‍ കയ്‌ലി തന്റെ 21-ാം വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. സക്കര്‍ബര്‍ഗിന്റെ ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ സമർഥമായി ഉപയോഗപ്പെടുത്തിയാണു കയ്‌ലി ശതകോടീശ്വര പട്ടികയിലേക്കു നടന്നു കയറിയത്.
അമേരിക്കയിലെ ലൊസാഞ്ചലസ് സ്വദേശി കയ്‌ലി ആരംഭിച്ച കയ്‌ലി കോസ്‌മെറ്റിക്‌സിന്റെ മൂല്യം 900 മില്യൻ ഡോളറാണ്. പണം കൊയ്യുന്ന ഈ ബിസിനസ്സില്‍നിന്നു ലാഭവിഹിതമായി എടുത്ത തുകയും കൂട്ടിയാണു കയ്‌ലി 1 ബില്യൻ (100 കോടി) ഡോളര്‍ കടന്നത്.
2015ല്‍ ആരംഭിച്ച കയ്‌ലി കോസ്‌മെറ്റിക്‌സില്‍ ആകെയുള്ളത് 12 ജീവനക്കാരാണ്. അതില്‍തന്നെ ഫുള്‍ ടൈം ജീവനക്കാര്‍ വെറും ഏഴ്. വിരലില്‍ എണ്ണാവുന്ന ജീവനക്കാരുമായി എങ്ങനെ ശതകോടീശ്വരിയായി എന്ന് അദ്ഭുതപ്പെടുന്നവരോട്, ഇതു സമൂഹമാധ്യമത്തിന്റെ ശക്തിയാണു കാണിച്ചു തരുന്നതെന്നു കയ്‌ലി പറയും.
കോസ്‌മെറ്റിക്‌സിന്റെ നിര്‍മാണവും പാക്കേജിങ്ങും സീഡ് ബ്യൂട്ടി എന്ന കമ്പനിക്ക് ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുന്നു. വില്‍പനയും ഡെലിവറിയുമെല്ലാം ഓണ്‍ലൈന്‍ മര്‍ച്ചന്റ് സൈറ്റായ ഷോപിഫൈ കൈകാര്യം ചെയ്യുന്നു. സാമ്പത്തിക മാനേജ്‌മെന്റും പബ്ലിക് റിലേഷന്‍സും അമ്മയും മെന്ററുമായ ക്രിസ് ജെന്നര്‍ വക. മാര്‍ക്കറ്റിങ് ആകട്ടെ, ജെന്നറിനു കോടിക്കണക്കിന് ആരാധകരുള്ള സമൂഹ മാധ്യമം വഴി. പുതിയ ഉൽപന്ന ലോഞ്ചും പ്രിവ്യൂകളും ഉള്‍പ്പെടെയുള്ള സകല വിപണനവും നടത്താന്‍ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളെയാണ് ജെന്നര്‍ ഉപയോഗപ്പെടുത്തുന്നത്.
1976ലെ ഒളിംപിക്‌സ് ഡെക്കാത്തലണ്‍ വിജയി ബ്രൂസ് ജെന്നറുടെയും ടിവി താരം ക്രിസ് ജെന്നറിന്റെയും മകളായി 1997 ലാണ് കയ്‌ലിയുടെ ജനനം. കയ്‌ലിക്ക് കെന്‍ഡാല്‍ എന്ന ഒരു മൂത്ത സഹോദരി കൂടിയുണ്ട്.
സ്വന്തം പ്രയത്‌നത്താല്‍ ശതകോടീശ്വരിയായി മാറിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്നാണ് ഫോബ്സ് കയ്‌ലിയെ വിശേഷിപ്പിക്കുന്നത്. പക്ഷേ, ഇതിനെപ്പറ്റി വിവാദങ്ങളും ഉയരുന്നുണ്ട്. കയ്‌ലിയുടെ സമ്പന്ന കുടുംബ പശ്ചാത്തലം തന്നെയാണു വിവാദങ്ങള്‍ക്ക് പിന്നില്‍.
കയ്‌ലിയുടെ കുടുംബത്തിലുള്ളവര്‍ ചേര്‍ന്ന് അഭിനയിച്ച കീപ്പിങ് അപ്പ് വിത്ത് ദ് കര്‍ദാഷിയന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണു കയ്‌ലി പ്രശസ്തിയിലേക്ക് ഉയരുന്നത്. എന്നാല്‍ വിവാദങ്ങളെ കയ്‌ലിയും ഫോബ്സും തള്ളിക്കളയുന്നു. കയ്‌ലിയുടെ കുടുംബം സമ്പന്നമാണെങ്കിലും കയ്‌ലി കോസ്‌മെറ്റിക്‌സ് പരമ്പരാഗതമായി കൈമാറപ്പെട്ടതല്ലെന്നും അതു കയ്‌ലിയുടെ സ്വന്തം ശ്രമഫലമാണെന്നും ഫോബ്സ് ചൂണ്ടിക്കാട്ടുന്നു.