സാധാരണ പരീക്ഷയ്ക്ക് ഉയർന്ന റാങ്ക് നേടുന്ന വിദ്യാർഥികൾ തങ്ങളുടെ മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ഭാര്യയ്ക്കും ഭർത്താവിനുമൊക്കെയാണു നന്ദി പറയാറുള്ളത്. എന്നാൽ ഇത്തവണ സിവിൽ സർവീസ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയ കനിഷ്ക് കടാരിയ അക്കാര്യത്തിലും അൽപമൊന്നു വ്യത്യസ്തനായി. മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം തന്റെ കാമുകിക്കും കൂടി നന്ദി പറഞ്ഞു കൊണ്ടാണു കനിഷ്ക് സിവിൽ സർവീസ് പരീക്ഷാ വിജയം ആഘോഷിച്ചത്. ഒരു പക്ഷേ സിവിൽ സർവീസ് പരീക്ഷ ഫലങ്ങളുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാകും ഒരാളുടെ വിജയ മധുരം കാമുകിയുമായി പങ്കുവയ്ക്കപ്പെടുന്നത്.

സമൂഹ മാധ്യമമായ ട്വിറ്ററിൽ വൻ കയ്യടിയാണു കനിഷ്കിന്റെ ഈ പരാമർശത്തിന് ലഭിച്ചത്. നമ്മടെ നാടും പുരോഗമിക്കുന്നുണ്ടെന്ന അടിക്കുറിപ്പോടെയാണു പലരും ഈ വാർത്ത  പങ്കുവച്ചത്. സിവിൽ സർവീസ് പഠിത്തക്കാർക്കും കാമുകിയോ എന്നു ചിലർ അദ്ഭുതം കൂറി. പരീക്ഷയ്ക്കു പഠിക്കുന്നവർക്കു പ്രണയ ബന്ധങ്ങളോ സൗഹൃദങ്ങളോ ആവശ്യമില്ലെന്നു കരുതുന്ന ചില മാതാപിതാക്കൾ കനിഷ്കിന്റെ നന്ദി പറച്ചിൽ കേട്ടെങ്കിലും മാറി ചിന്തിച്ചു തുടങ്ങുമെന്നും ചിലർ അഭിപ്രായപ്പെട്ടു.

രാജസ്ഥാൻ സ്വദേശിയായ കനിഷ്ക് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ഡേറ്റാ സയന്റിസ്റ്റാണ്. അതിനു മുൻപ് ഒന്നര വർഷത്തോളം ദക്ഷിണ കൊറിയയിൽ സാംസങ് ഇലക്ട്രോണിക്സിന്റെ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തു.

2010 ലെ ജെഇഇ പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കനിഷ്ക് ഐഐടി ബോംബെയിലാണ് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയത്. കോളജ് പഠന കാലത്ത് പ്ലേസ്മെന്റ് ടീം അംഗമായിരുന്നു.

ജയ്പൂരിലെ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ സൻവാർ മാൽ വർമ്മയാണ് പിതാവ്. അമ്മാവൻ കൈലാഷ് ചന്ദ് വർമ്മയും ഐഎഎസ് ഉദ്യോഗസ്ഥനാണ്.