വീട് വിറ്റ് പഠിപ്പിച്ച അച്ഛന് മകന്റെ സമ്മാനം സിവിൽ സർവീസ് റാങ്ക്
കൊമേഴ്സ് ബിരുദം കഴിഞ്ഞ് ചേട്ടനെ പോലെ ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറണം. പെട്രോൾ പമ്പ് ജീവനക്കാരനായ പിതാവിനെ കുടുംബം നോക്കാൻ സഹായിക്കണം. അതിൽ കവിഞ്ഞ സ്വപ്നങ്ങളൊന്നും സ്കൂളിൽ പഠിക്കുമ്പോൾ പ്രദീപ് സിങ്ങിന് ഉണ്ടായിരുന്നില്ല.
എന്നാൽ എട്ട് വർഷം മുൻപ് മരണക്കിടക്കയിൽ കിടന്നു കൊണ്ട് പ്രദീപിന്റെ മുത്തച്ഛൻ കൊച്ചുമകനോട് ഒരു കാര്യം ആവശ്യപ്പെട്ടു. ജീവിതത്തിൽ സമൂഹത്തിന് പ്രയോജനപ്പെടുന്ന, പ്രചോദനാത്മകമായ എന്തെങ്കിലും ചെയ്യണം. അന്ന് മനസ്സിൽ മൊട്ടിട്ടതാണ് സിവിൽ സർവീസ് മോഹം. പ്രദീപിന്റെ പഠന മികവ് അറിയാവുന്ന പിതാവും മൂത്ത സഹോദരനും പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.
ബിരുദ പഠനശേഷം സിവിൽ സർവീസ് പരിശീലനത്തിനായി പ്രദീപിനെ ഡൽഹിയിലേക്കും അയച്ചു. പഠനച്ചെലവിന് പണമുണ്ടാക്കാൻ പിതാവ് മനോജ് സിങ്ങ് തന്റെ പേരിൽ ആകെയുള്ള വീട് വിറ്റ് വാടക വീട്ടിലേക്ക് താമസം മാറ്റി. വീട് വിറ്റ് തന്നെ പഠിപ്പിച്ച പിതാവിനുള്ള സമ്മാനവും മുത്തച്ഛന് നൽകിയ വാക്ക് പാലിക്കലുമായി സിവിൽ സർവീസ് പരീക്ഷയിൽ പ്രദീപ് നേടിയ 93-ാം റാങ്ക്.
ബീഹാറിൽ നിന്ന് രണ്ട് ദശാബ്ദക്കാലം മുൻപ് ഇൻഡോറിലേക്ക് കുടിയേറിയവരാണ് മനോജ് സിങ്ങും കുടുംബവും. രണ്ട് വർഷം മുൻപാണ് മനോജ് സിങ്ങ് പ്രദീപിന്റെ പഠനാവശ്യത്തിനായി വീട് വിറ്റത്. വീട്ടിലെ പ്രശ്നങ്ങൾ പ്രദീപിന്റെ പഠനത്തെ ബാധിക്കാതിരിക്കാൻ കുടുംബം പ്രത്യേകം ശ്രദ്ധിച്ചു. പരീക്ഷാ കാലത്ത് അമ്മയ്ക്ക് അസുഖം പിടിച്ചു കിടപ്പായപ്പോൾ അക്കാര്യം പോലും പ്രദീപിനോട് മറച്ചു വച്ചു.
സ്കൂൾ കാലം മുതൽ തന്നെ മികച്ച വിദ്യാർത്ഥിയായിരുന്നു പ്രദീപെന്ന് സഹോദരൻ സന്ദീപ് സിങ്ങ് പറയുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും അതൊന്നും അനിയന്റെ പഠനത്തിലുള്ള ശ്രദ്ധയെ ബാധിച്ചില്ലെന്നും അഭിമാനത്തോടെ ഈ ചേട്ടൻ കൂട്ടിച്ചേർക്കുന്നു.