അച്ഛൻ ഐപിഎസ് ഉദ്യോഗസ്ഥൻ. അമ്മ ഐആർഎസ് ഉദ്യോഗസ്ഥ. ഉദ്യോഗസ്ഥ കുടുംബത്തിന്റെ പതിവു തെറ്റിക്കാതെ മകൻ അക്ഷത് ജയിനിനു സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക്. 

രണ്ടാം റാങ്കു പോയിട്ടു തന്റെ പേരു തന്നെ ലിസ്റ്റിൽ കാണുമോ എന്ന കാര്യത്തിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് 23-കാരനായ അക്ഷത് പറയുന്നു. തന്റെ അഭിമുഖ പരീക്ഷ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ലെന്നും അതു കൊണ്ടാണ് അമിത പ്രതീക്ഷ പുലർത്താതിരുന്നതെന്നും അക്ഷത് പറയുന്നു.

അക്ഷതിന്റെ പിതാവ് ഡി.സി. ജെയിൻ സിബിഐ യിൽ ജോയിന്റ് ഡയറക്ടറാണ്. അമ്മ സിമ്മി ജെയിൻ ജയ്പൂരിലെ നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് ആൻഡ് നർകോടിക്സിൽ എഡിജിയാണ്. 

ജയ്പൂരിലെ ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച അക്ഷതിനു പന്ത്രണ്ടാം ക്ലാസിൽ 94 % മാർക്കുണ്ടായിരുന്നു. ശേഷം ഗുവാഹത്തി ഐഐടിയിൽ നിന്നു ബാച്ച്‌ലർ ഓഫ് ഡിസൈൻ പഠിച്ചു. ഐഐടിയിലെ മൂന്നാം വർഷത്തിൽ തന്നെ സിവിൽ സർവീസാണ് തന്റെ മാർഗ്ഗം എന്ന് തീരുമാനമെടുത്തു. മാതാപിതാക്കൾ തന്നെയായിരുന്നു പ്രചോദനം.പഠന ശേഷം 2017ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും പ്രിലിമിനറി കടമ്പ പോലും കടന്നില്ല. പക്ഷേ അത് കൂടുതൽ തയ്യാറെടുപ്പോടെ പഠിക്കാൻ പ്രചോദനമായി.

പഠനവും ഹോബികളുമെല്ലാം ബാലൻസ് ചെയ്തു പോകുന്ന സമീപനമാണ് അക്ഷത് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. സിവിൽ സർവീസ് പരീക്ഷാ തയ്യാറെടുപ്പിൽ നോട്ടുകൾ ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അക്ഷത് ഊന്നിപ്പറയുന്നു. ധാരാളം പുസ്തകങ്ങളൊന്നും ഇതിനു വേണ്ടി അക്ഷത് വായിച്ചിട്ടില്ല. പക്ഷേ വായിച്ചവ കമ്പോട് കമ്പ് വായിച്ച് കൺസെപ്റ്റുകൾ എല്ലാം വ്യക്തമായി മനസ്സിൽ പതിപ്പിച്ചു. 

ടെസ്റ്റ് പേപ്പറുകളും മോക്ക് ടെസ്റ്റുകളും മുൻ ചോദ്യപേപ്പറുകളുമെല്ലാം നിരന്തരം ചെയ്തു പഠിക്കണമെന്നും ഈ രണ്ടാം റാങ്കുകാരൻ ഉപദേശിക്കുന്നു. മറ്റുള്ളവരുടെ പരീക്ഷാ പരിശീലന രീതി അന്ധമായി പിന്തുടരാതെ സ്വയം വിലയിരുത്തി പരിശീലന പദ്ധതി തയ്യാറാക്കണമെന്ന പിതാവിന്റെ ഉപദേശവും അക്ഷതിന് തുണയായി. അക്ഷതിന്റെ ഇളയ സഹോദരൻ അമേരിക്കയിൽ കോളജ് പഠനം നടത്തുന്നു.