പെണ്‍കുട്ടി വേണ്ടെന്ന് പറഞ്ഞവരോടുള്ള ശ്വേതയുടെ മധുരപ്രതികാരം: ഐആര്‍എസ്, ഐപിഎസ്, ഒടുവില്‍ ഐഎഎസ്
ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ഭദ്രേശ്വറില്‍ 28 പേരടങ്ങുന്ന ഒരു കൂട്ടു കുടുംബത്തിലാണു ശ്വേത ജനിക്കുന്നത്. ആണ്‍കുട്ടിക്ക് വേണ്ടി പ്രാർഥിച്ചു കൊണ്ടിരുന്ന കുടുംബക്കാരുടെ ഇടയിലേക്ക് ഒരു പെണ്‍കുട്ടി പിറന്നു വീണപ്പോള്‍ ശ്വേതയുടെ മാതാപിതാക്കള്‍ ഒഴികെ ആര്‍ക്കും അത്ര സന്തോഷമൊന്നും ഉണ്ടായില്ല. കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ടു കൊണ്ടു പോകാന്‍ ഒരു ആണ്‍കുട്ടി വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു വീട്ടിലുള്ളവരെല്ലാവരും. പക്ഷേ, ശ്വേതയുടെ മാതാപിതാക്കള്‍ തങ്ങളുടെ ഓമനമകളെ നെഞ്ചോട് അടുക്കി പിടിച്ച് ഇത്തരം എതിര്‍പ്പുകള്‍ക്കെതിരെ കരുത്തോടെ പിടിച്ചു നിന്നു.
ശ്വേത വലുതായപ്പോള്‍ കുട്ടിയുടെ പഠിപ്പിനെ ചൊല്ലിയായി കുടുംബക്കാരുടെ എതിര്‍പ്പ്. എന്നാല്‍ എതിര്‍പ്പുകളെ എല്ലാം തരണം ചെയ്ത് ശ്വേത ആദ്യം ബിരുദധാരിയായി. പിന്നീട് ബിരുദാനന്തരബിരുദവും എംബിഎയും നേടി. ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിയും നേടി. അവിടെയും തീര്‍ന്നില്ല കഥ. സിവില്‍ സര്‍വീസ് പരീക്ഷയെഴുതി മൂന്നു തവണ വിജയം നേടി. ആദ്യം ഐആര്‍എസ്, പിന്നീട് ഐപിഎസ് ഒടുവില്‍ ഐഎഎസ്. കുടുംബ പാരമ്പര്യം കാക്കാന്‍ ആണ്‍കുട്ടി വേണമെന്നു ശഠിച്ചവരുടെ മുന്നില്‍ പെണ്‍മഹിമയുടെ പ്രൗഢിയുമായി തലയുയര്‍ത്തി പിടിച്ചു നില്‍ക്കുകയാണ് ഇന്ന് ശ്വേത അഗര്‍വാള്‍ ഐഎഎസ്.
ഒന്നുകില്‍ ഒരു ആണ്‍കുട്ടിക്കു കൂടി ജന്മം നല്‍കണം. അല്ലെങ്കില്‍ ഒരാണ്‍കുട്ടിയെ ദത്തെടുക്കണം. ഇതായിരുന്നു ശ്വേതയുടെ മാതാപിതാക്കള്‍ക്കു മുന്നിലുള്ള കുടുംബക്കാരുടെ അന്ത്യശാസനം. വഴങ്ങാതായപ്പോള്‍ അതിന്റെ ദേഷ്യം കുടുംബക്കാരില്‍ നിന്നു ശ്വേതയുടെ അമ്മയ്ക്കും അച്ഛനും നേരിടേണ്ടി വന്നു. പക്ഷേ, അവര്‍ പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. സ്‌കൂളില്‍ വിടാനുള്ള സമയമായപ്പോള്‍ കോണ്‍വെന്റ് സ്‌കൂളില്‍ വിട്ടു തന്നെ പഠിപ്പിച്ചു.
165 രൂപയായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു കോണ്‍വെന്റ് സ്‌കൂളിലെ ഫീസ്. കൂലിവേല ചെയ്തും പലചരക്കു കട നടത്തിയുമെല്ലാം ശ്വേതയുടെ പിതാവ് ഈ തുക സംഘടിപ്പിച്ചു. ബന്ധുക്കളുടെയും മറ്റും വീടുകളില്‍ പോകുമ്പോള്‍ കുട്ടികള്‍ക്കു സമ്മാനമായി അഞ്ചു രൂപയൊക്കെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. കുടുംബത്തിലെ മറ്റു കുട്ടികള്‍ ഇതു കൊണ്ടു മിഠായി വാങ്ങി തിന്നപ്പോള്‍ ശ്വേത അതെല്ലാം തന്റെ ഫീസ് ചെലവിലേക്കായി അമ്മയെ ഏല്‍പ്പിച്ചു. തന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടിനു നന്നായി പഠിച്ചു കൊണ്ടാണു ശ്വേത പ്രതിഫലം നല്‍കിയത്. ശ്വേത പത്താം ക്ലാസ് പാസ്സായപ്പോഴേക്കും പിതാവിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടു. പക്ഷേ, കുടുംബക്കാരുടെ മുറുമുറുപ്പു മാറിയിട്ടുണ്ടായിരുന്നില്ല.
ശ്വേത കോളജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊണ്ടൊരു പ്രയോജനവുമില്ലെന്ന് അമ്മാവന്‍ പറഞ്ഞു. പക്ഷേ, എതിര്‍പ്പുകളെ സധൈര്യം നേരിടാന്‍ ആ മാതാപിതാക്കളും മകളും ഈ സമയം കൊണ്ടു പഠിച്ചിരുന്നു. വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ടു പ്രമുഖ കോളജായ സെന്റ് സേവ്യേഴ്‌സില്‍ നിന്ന് ഒന്നാം ക്ലാസോടെ ശ്വേത സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. ആദ്യ 15 റാങ്കുകാരില്‍ ഒരാളായിരുന്നു ശ്വേത. അതിനു ശേഷം ബിരുദാനന്തരബിരുദവും എംബിഎയും നേടി. ഡെലോയിറ്റ് ഇന്ത്യയിലൂടെ കോര്‍പ്പറേറ്റ് ലോകത്തിലേക്ക് എത്തി.
വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ ദൂരത്തുള്ള പോലീസ് സ്റ്റേഷന്‍ ശ്വേതയുടെ ബാല്യകാല സ്മരണകളില്‍ നിറഞ്ഞു നിന്നിരുന്നു. ഒരു ദിവസം കാക്കിയണിയണമെന്ന സ്വപ്നം അന്നേ മനസ്സില്‍ കയറിയിരുന്നു. തനിക്ക് ആകെയുണ്ടായിരുന്ന കളിപ്പാട്ടമായ കളിത്തോക്കെടുത്തു പോലീസ് ആയി അഭിനയിക്കുക പതിവായിരുന്നു അന്ന്. എന്നാല്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നപ്പോഴുണ്ടായ ദുരനുഭവം മറ്റൊരു ലക്ഷ്യം ശ്വേതയുടെ മനസ്സില്‍ കുറിച്ചു. 45 മിനിട്ടോളം ഓഫീസിന്റെ പല മേശകളിലായി തന്നെ ഇട്ടു വട്ടം കറക്കിയ ജീവനക്കാരോടു താനൊരു നാള്‍ ജില്ലാ കളക്ടറാകുമെന്നു ശ്വേത പ്രഖ്യാപിച്ചു.
കാക്കിയണിഞ്ഞ പോലീസുകാരി, ജില്ല ഭരിക്കുന്ന കളക്ടര്‍. കുട്ടിക്കാലത്തെ ഈ സ്വപ്നങ്ങള്‍ കൈയ്യെത്തി പിടിക്കാന്‍ കോര്‍പ്പറേറ്റ് ജീവിതം ഉപേക്ഷിക്കാന്‍ ശ്വേത തീരുമാനിച്ചു. 13 മാസത്തെ ജോലിക്കു ശേഷം ഡെലോയിറ്റ് വിടുമ്പോള്‍ മേലധികാരി ശ്വേതയോട് ഇങ്ങനെ ചോദിച്ചു: 'അഞ്ചു ലക്ഷം പേരില്‍ 90 പേര്‍ മാത്രം വിജയിക്കുന്ന ഒരു പരീക്ഷയ്ക്കായി എന്തിനാണു കയ്യിലുള്ള ജോലി രാജിവയ്ക്കുന്നത് ?' താന്‍ ആ 90 പേരില്‍ ഒരാളാകുമെന്ന ആത്മവിശ്വാസം നിറഞ്ഞ മറുപടിയാണ് ശ്വേത അതിനു നല്‍കിയത്.
പക്ഷേ, ഭദ്രേശ്വറില്‍ തിരികെ എത്തിയപ്പോള്‍ കാര്യങ്ങള്‍ അത്ര സുഗമമല്ലായിരുന്നു. നല്ലൊരു ജോലിയും കളഞ്ഞു സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തിയ മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍ മാതാപിതാക്കള്‍ക്ക് മേല്‍ സമ്മർദ്ദം കനത്തു. പരിശീലനത്തിനായി കോച്ചിങ് ക്ലാസില്‍ ചേര്‍ന്നെങ്കിലും കുറച്ചു ക്ലാസുകള്‍ക്കു ശേഷം ശ്വേത അത് അവസാനിപ്പിച്ചു. മുന്‍പു സിവില്‍ സര്‍വീസ് കടമ്പ കടന്നവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചു തനിയെ പഠിക്കാന്‍ തുടങ്ങി. എന്നാല്‍ വീട്ടിലെ അവസ്ഥ പഠനത്തിന് അനുകൂലമായിരുന്നില്ല. അതില്‍ മനം മടുത്തു പരീക്ഷയെഴുതേണ്ട എന്നു കരുതി. അപ്പോഴും മാതാപിതാക്കള്‍ പ്രോത്സാഹനവുമായി എത്തി. അങ്ങനെ ഒരു തവണ പ്രിലിമിനറി പരീക്ഷയെഴുതിയെങ്കിലും അതില്‍ വിജയിക്കാനായില്ല.
ആദ്യ ശ്രമത്തില്‍ തോല്‍വി പറ്റിയെങ്കിലും ഈ പരീക്ഷ കഠിനാധ്വാനത്തിലൂടെ വിജയിക്കാനാകുമെന്നു ശ്വേതയ്ക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ, വീട്ടില്‍ നിന്നാല്‍ നടക്കില്ല. അതു കൊണ്ടു ശ്വേത കൊല്‍ക്കത്തയില്‍ ഒരു ഒറ്റമുറി ഫ്‌ളാറ്റിലേക്കു തനിയെ താമസം മാറി. അപ്പോഴും ചുറ്റുമുള്ളവര്‍ പ്രശ്‌നമുണ്ടാക്കി. 'ജോലിയോ ചെയ്യുന്നില്ല. പിന്നെന്തിനു വിവാഹപ്രായമായ പെണ്‍കുട്ടിയെ ഒറ്റയ്ക്കു ജീവിക്കാന്‍ വിടണം' എന്നതായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ വിമര്‍ശകരോടു തന്നെ വിശ്വസിക്കാനും താനൊരിക്കല്‍ ഒരു ഐഎഎസ് ഓഫീസറാകുമെന്നും ശ്വേത കട്ടായം പറഞ്ഞു.
2013ല്‍ സിവില്‍ സര്‍വീസ് നോട്ടിഫിക്കേഷന്‍ വന്നു. സിലബസ് ആകെ മാറി. ചുറ്റുമുള്ളവരൊക്കെ പരിഭ്രാന്തരായി. എന്നാല്‍ ശ്വേതയ്ക്ക് ഇളക്കമൊന്നുമുണ്ടായില്ല. അഖിലേന്ത്യ തലത്തില്‍ 497-ാം റാങ്കോടെ ശ്വേത അത്തവണ പാസ്സായി. ഇന്ത്യന്‍ റവന്യൂ സര്‍വീസ് എന്ന ഐആര്‍എസ് ആയിരുന്നു കിട്ടിയത്. ലക്ഷ്യത്തിലേക്ക് ഒരു ചുവട് അടുത്തെങ്കിലും ഐഎഎസ് കിട്ടാതെ വിശ്രമമില്ല എന്നു ശ്വേത ഉറപ്പിച്ചു. അങ്ങനെ വീണ്ടും ഒന്നില്‍ നിന്നു പരിശീലനം തുടങ്ങി.
തന്നെ കല്യാണം കഴിപ്പിക്കാന്‍ ധൃതി കൂട്ടിയവരോടു തനിക്കു നിശ്ചിത പ്രായം വരെ മാത്രമേ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ സാധിക്കൂ, പക്ഷേ, കല്യാണം എപ്പോള്‍ വേണമെങ്കിലും ആകാമല്ലോ എന്നു ശ്വേത പറഞ്ഞു. കുടുംബക്കാര്‍ തത്ക്കാലത്തേക്ക് അടങ്ങി.
2015ലെ സിവില്‍ സര്‍വീസ് ഫലം വന്നപ്പോള്‍ 141-ാം റാങ്കോടെ ശ്വേത ഇന്ത്യന്‍ പോലീസ് സര്‍വീസിലെത്തി. 10 മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് ഐഎഎസ് സ്വപ്നം പൊലിഞ്ഞത്. പക്ഷേ, അപ്പോഴും കാക്കിയിടണമെന്ന ആദ്യ ആഗ്രഹം സഫലമായി. എന്നാലും ഐഎഎസ് ആകണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായി വീണ്ടും എഴുതി. 2016 മെയ് 10ന് ഐപിഎസ് പരിശീലനത്തിന്റെ ഭാഗമായി ഇന്‍ഡോറിലേക്ക് പോകാനായി ഫ്ലൈറ്റ് കയറാന്‍ നില്‍ക്കേ ശ്വേത കാത്തിരുന്ന ആ ഫോണ്‍ കോളെത്തി. 'ശ്വേത-അഖിലേന്ത്യ റാങ്ക് 19' എന്ന സുഹൃത്തിന്റെ അറിയിപ്പോടെ സന്തോഷം അണപൊട്ടി. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ആനന്ദ സമാപ്തി.
പശ്ചിമ ബംഗാള്‍ സംസ്ഥാനത്തെ തന്നെ സിവില്‍ സര്‍വീസ് ടോപ്പറായാണു ശ്വേത ഐഎഎസിലേക്കു നടന്നു കയറിയത്. ഇതു തന്റെ വിജയത്തിലുപരി തന്നെ വിശ്വസിച്ച, തനിക്കു വേണ്ടി കഠിനാധ്വാനം ചെയ്ത, തനിക്കു വേണ്ടി ഒട്ടേറെ പഴി കേട്ട മാതാപിതാക്കളുടെ വിജയമാണെന്നു ശ്വേത അഗര്‍വാള്‍ പറയുന്നു.