ഫുട്ബോളിലെ മിശിഹാ എന്നറിയപ്പെടുന്ന മെസ്സിയുടെ കടുത്ത ആരാധകനായ വിഷ്ണു വിനോദിന് കൂട്ടുകാരിട്ടൊരു ഓമനപ്പേരുണ്ട്, റാങ്കുകളിലെ മിശിഹാ. ഒന്നാം ക്ലാസ്സു മുതൽ ക്ലാസിൽ ഒന്നാം സ്ഥാനം ശീലമാക്കിയ വിഷ്ണു ഏറ്റവും ഒടുവിൽ കരസ്ഥമാക്കിയത് ജോയിന്റ് എൻട്രൻസ് എക്സാമിൽ (ജെഇഇ മെയിന്‍) കേരളത്തിലെ ഒന്നാം റാങ്കാണ്.

ഗോളടിക്കുന്നതിൽ മെസ്സി പുലർത്തുന്ന കൃത്യതയെയും കടത്തിവെട്ടും റാങ്ക് മേടിക്കുന്നതിൽ വിഷ്ണു. 99.99 ശതമാനം കൃത്യത. ഇടുക്കി അണക്കര ശങ്കരമംഗലം വിനോദ്കുമാറിന്റെയും ചാന്ദ്നിയുടെയും മകനാണ് വിഷ്ണു. 

അനിയൻ വിശ്വനാഥും വിഷ്ണുവിനൊപ്പം മാന്നാനം കെഇ സ്കൂളിലാണ് പഠിക്കുന്നത്. വിഷ്ണുവിന്റെ പഠനത്തിനായി ഇവർ 2 വർഷം മുൻപാണ് ഗാന്ധിനഗറിലേക്ക് താമസം മാറി യത്. ജെഇഇ ഒന്നാം ഘട്ടത്തിൽ തന്നെ ഒന്നാമതെത്തിയ വിഷ്ണു റാങ്ക് ഉറപ്പിച്ചിരുന്നെങ്കിലും കേരളത്തിൽ ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം. വായനയും സിനിമയും ഇഷ്ടപ്പെടുന്ന വിഷ്ണു ചെറുകഥ രചനയ്ക്ക് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇനി ഐഐടി മദ്രാസിൽ പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിഷ്ണു.