അന്ധനെന്നു പറഞ്ഞു അവസരം നിഷേധിച്ചു; ഇന്ന് നേട്ടങ്ങളുടെ നെറുകയിൽ
കണ്ണുകൊണ്ടു കാണാത്തതിനെ ഇച്ഛാശക്തികൊണ്ട് നേടിയെടുത്തവനെന്നാകും കാർത്തിക് സാഹ്നി എന്ന മിടുക്കനെ ചരിത്രം ഓർക്കുക. നേട്ടങ്ങളുടെ ഘോഷയാത്രയെന്ന് ജന്മനാ അന്ധനായ കാർത്തിക്കിന്റെ ജീവിതത്തെ ഒറ്റ വാചകത്തിൽ ചുരുക്കാം. അവൻ പൊരുതി നേടിയതൊന്നിനെയും പക്ഷേ ചുരുക്കിക്കാണാനും കഴിയില്ല. അന്ധത മൂലം തന്നെ മാറ്റി നിർത്തിയ അധികാര കേന്ദ്രങ്ങളോട് കലഹിച്ച് അവൻ എത്തിനിൽക്കുന്ന ഇടം ഇന്ന്, ശാരീരിക കുറവുകളുള്ളവരുടെ ആവേശത്തിന്റെ ഇടംകൂടിയാണ്.
പത്താം ക്ലാസ് പാസായ ശേഷമാണ് ഡൽഹി സ്വദേശിയായ കാർത്തിക്കിന്റെ പോരാട്ടജീവിതം തുടങ്ങുന്നത്. സയൻസായിരുന്നു കാർത്തിക്കിന്റെ ഇഷ്ടവിഷയം. അക്കാലത്ത് അന്ധരായ വിദ്യാർഥികൾക്ക് പ്ലസ്ടുവിന് സയൻസ് വിഷയത്തിൽ സിബിഎസ്ഇ പ്രവേശനം അനുവദിച്ചിരുന്നില്ല.
9 മാസത്തെ നിയമ പോരാട്ടത്തിനൊടുവിൽ എല്ലാ അന്ധരായ വിദ്യാർഥികളും ഹയർ സെക്കൻഡറിയിൽ സയൻസ് വിഷയം പഠിക്കാൻ യോഗ്യരാണെന്ന അനുകൂല വിധി അവൻ നേടിയെടുത്തു. കാർത്തിക്കിനു നേരെയുള്ള വിദ്യാഭ്യാസ നിഷേധം അവിടെയും തീർന്നില്ല. പ്ലസ് ടുവിനു ശേഷം ഐഐടി(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)ൽ ഉപരിപഠനം നടത്തണമെന്ന് ആഗ്രഹിച്ച കാർത്തിക്കിന് പിന്നെയും പ്രതിബന്ധങ്ങളുടെ കാലമായിരുന്നു.
3 വർഷത്തോളം നിരന്തരം കത്തുകൾ എഴുതിയും നിവേദനം നൽകിയും ശ്രമം തുടർന്നെങ്കിലും നിരാശയായിരുന്ന ഫലം. ഇതോടെ, ഇന്ത്യയിൽ തന്റെ വിദ്യാഭ്യാസം അത്ര എളുപ്പമല്ലെന്ന് കാർത്തിക് തിരിച്ചറിഞ്ഞു. ഇന്ത്യക്കു പുറത്തേക്ക് അവൻ അവസരങ്ങൾ തിരഞ്ഞു. അങ്ങനെ, കാർത്തിക്കിനെ ഞെട്ടിച്ചുകൊണ്ട് ലോകപ്രശസ്തമായ സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കാൻ ഇരുകയ്യും നീട്ടി അവനെ സ്വാഗതം ചെയ്തു. തന്നെപ്പോലെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികൾക്ക് ശാസ്ത്ര പഠനത്തിനുള്ള പദ്ധതികൾക്കും കാർത്തിക് ഇതോടൊപ്പം തുടക്കമിട്ടു.
സ്റ്റെം ആക്സസ്, നെക്സ്റ്റ് ബില്യൺ തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികളെ അണിനിരത്തി വൈകല്യങ്ങളുള്ള കുട്ടികൾക്ക് ശാസ്ത്ര പഠനം ഉറപ്പാക്കുന്ന വലിയ യജ്ഞത്തിനു പിന്നിലും കാർത്തിക്കിന്റെ ബുദ്ധിതന്നെ. കോമൺവെൽത്ത് രാജ്യങ്ങളിലെ യുവപ്രതിഭകൾക്കു നൽകുന്ന ബ്രിട്ടനിലെ ‘ക്യൂൻസ് യങ് ലീഡേഴ്സ് അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ കാർത്തിക്കിനെ തേടിയെത്തിയിട്ടുണ്ട്.