അഖിലേന്ത്യാ എൻജിനീയറിങ് പ്രവേശനപരീക്ഷ, ജെഇഇ മെയിനിന്റെ അന്തിമ ഫലം വന്നപ്പോൾ കേരളത്തിന് ഇരട്ടിമധുരം. അഖിലേന്ത്യാ രണ്ടാം റാങ്കും കർണാടകയിലെ ഒന്നാം റാങ്കും നേടിയതു ബെംഗളൂരുവിലുള്ള കണ്ണൂർ ഇരിട്ടി സ്വദേശി കെവിൻ മാർട്ടിൻ. ഇടുക്കി സ്വദേശി വിഷ്ണു വിനോദ് കേരളത്തിൽ ഒന്നാമനായി. 

360ൽ 355 മാർക്കുള്ള കെവിൻ 100 പെർസന്റൈൽ നേടിയപ്പോൾ വിഷ്ണു 99.99 പെർസന്റൈൽ നേടി. ഇരുവരുടെയും നേട്ടം ജനുവരിയിലെ ആദ്യഘട്ട പരീക്ഷയിൽ. ഐഐടിയിലേക്കുള്ള അടുത്ത കടമ്പയായ ജെഇഇ അഡ്വാൻസ്ഡിന് ഒരുങ്ങുന്ന രണ്ടു പേരുടെയും വിജയപാഠങ്ങൾ ഇതാ.

കെവിൻ മാർട്ടിൻ
ബെംഗളൂരു ജയനഗറിലെ നെഹ്റു സ്മാരക വിദ്യാലയ വിദ്യാർഥിയാണു കെവിൻ. ഇരിട്ടി വെളിമാനം സ്വദേശികളായ മാർട്ടിൻ പുവ്വക്കുളത്തിന്റെയും ലിനിയുടെയും മകൻ. 

റാങ്കിലേക്കെത്തിച്ച തയാറെടുപ്പ് 
രണ്ടു വർഷത്തെ കഠിനപരിശീലനം തന്നെ. സ്കൂൾ പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനവും മുന്നോട്ടുകൊണ്ടുപോയി. ദിവസം ശരാശരി 8 മണിക്കൂർ പഠനം. എൻസിഇആർടി പാഠപുസ്തകങ്ങൾ വായിക്കുന്നതിനും പ്രാധാന്യം കൊടുത്തു.

മോക് ടെസ്റ്റുകൾ എത്രത്തോളം
മോക് ടെസ്റ്റുകളാണു വിജയത്തിലെത്തിച്ചത്. പരിശീലന കേന്ദ്രത്തിലും അല്ലാതെയുമുള്ള ടെസ്റ്റ് മെറ്റീരിയലുകൾ സഹായിച്ചു. ഒാൺലൈൻ പരീക്ഷയ്ക്കു മുൻകൂട്ടി തയാറെടുത്തതും ഗുണം ചെയ്തു. 

ബുദ്ധിമുട്ടിച്ച ഭാഗം
ഇനോർഗാനിക് കെമിസ്ട്രിയാണു ബുദ്ധിമുട്ടിച്ച വിഷയം. പാഠഭാഗങ്ങൾ കാണാതെ പഠിക്കേണ്ടി വന്നു.

ലക്ഷ്യമിടുന്ന കോഴ്സ്
ഐഐടി ബോംബെയിലോ മദ്രാസിലോ കംപ്യൂട്ടർ സയൻസ് കോഴ്സ്. കോഡിങ്ങിൽ താൽപര്യമുണ്ട്.

നൂതന സാങ്കേതികവിദ്യകൾ ശ്രദ്ധിക്കാറുണ്ടോ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക് ചെയിൻ തുടങ്ങിയ സാങ്കേതിക വിദ്യകളിലെ മാറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിക്കാറുണ്ട്. ഇനി ഇവയെക്കുറിച്ചു കൂടുതൽ പഠിക്കണം.

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം 
സമൂഹ മാധ്യമങ്ങളിലൊന്നും ഇതുവരെ അക്കൗണ്ടില്ല. അധികം താൽപര്യം തോന്നിയിട്ടില്ല.

ഹോബികൾ
നോവലുകൾ വായിക്കും, പാട്ടുകൾ കേൾക്കും. ടെന്നിസ് കളിക്കുമായിരുന്നു.

അച്ഛനും അമ്മയും പഠിക്കാൻ നിർബന്ധിക്കുമായിരുന്നോ
അമ്മ പറയുമായിരുന്നു. പഠിക്കാനുള്ള പ്രോത്സാഹനവും അതുതന്നെയായിരുന്നു.

വിഷ്ണു വിനോദ്
കോട്ടയം മാന്നാനം കെഇ സ്കൂൾ വിദ്യാർഥിയാണു വിഷ്ണു. ഇടുക്കി അണക്കര ശങ്കരമംഗലം സ്വദേശികളായ വിനോദ് കുമാറിന്റെയും ചാന്ദ്നിയുടെയും മകൻ.

റാങ്കിലേക്കെത്തിച്ച തയാറെടുപ്പ് 
രണ്ടു തരത്തിലായിരുന്നു പഠനത്തിന്റെ ഷെഡ്യൂൾ. ക്ലാസുള്ള ദിവസങ്ങളിൽ 4 മുതൽ 5 മണിക്കൂർ വരെ പഠിക്കുമായിരുന്നു. അവധി ദിനങ്ങളിലാകട്ടെ, പത്തു മണിക്കൂർ വരെയായിരുന്നു പഠനം.

മോക് ടെസ്റ്റുകൾ എത്രത്തോളം 
ആദ്യം ആഴ്ചയിലൊന്നു വീതം മോക് ടെസ്റ്റുകൾ നടത്തിയിരുന്നു. പരീക്ഷയടുത്തപ്പോഴേക്കും എല്ലാ ദിവസവുമായി. ബുദ്ധിമുട്ടേറിയ മോക് ടെസ്റ്റുകൾ നടത്തിയതു പരീക്ഷ എളുപ്പമാക്കി.

ബുദ്ധിമുട്ടിച്ച ഭാഗം 
ഓർഗാനിക് കെമിസ്ട്രിയിലെ സമവാക്യങ്ങളാണു ബുദ്ധിമുട്ടിച്ചത്. റിവിഷനിലൂടെ ഹൃദ്യസ്ഥമാക്കി.

ലക്ഷ്യമിടുന്ന കോഴ്സ്
ഏതെങ്കിലും ഐഐടിയിൽ കംപ്യൂട്ടർ സയൻസ്. കംപ്യൂട്ടർ രംഗത്ത് അദ്ഭുതങ്ങൾ സംഭവിക്കാനിരിക്കുന്നതേയുള്ളൂ.

നൂതന സാങ്കേതികവിദ്യകൾ ശ്രദ്ധിക്കാറുണ്ടോ 
എല്ലാത്തിനെക്കുറിച്ചും ധാരണയുണ്ടാക്കാൻ ശ്രദ്ധിക്കുന്നു. ബിരുദതലത്തിൽ അടിസ്ഥാനം നേടിയ ശേഷം നൂതന മേഖലകളിലേക്കു തിരിയാനാണു പദ്ധതി.

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം
ഫെയ്സ്ബുക്, വാട്സാപ് തുടങ്ങിയവ ഇല്ല. എന്നാൽ, ഇവയ്ക്ക് എതിരല്ല. ഇനി ചിലപ്പോൾ സജീവമായേക്കാം.

ഹോബികൾ
ഇംഗ്ലിഷ് നോവലുകൾ വായിക്കാറുണ്ട്.

അച്ഛനും അമ്മയും പഠിക്കാൻ നിർബന്ധിക്കുമായിരുന്നോ
നിർബന്ധിക്കില്ലായിരുന്നു, അമ്മ ഒപ്പം വന്നിരിക്കുമായിരുന്നു. പേടിയല്ല, പിന്തുണയാണു മാതാപിതാക്കൾ തന്നത്.