രാജസ്ഥാനിലെ  കുഗ്രാമത്തിൽ ദരിദ്രകുടുംബത്തിൽ ജനിച്ച് സിവിൽ സർവീസ് വരെയെത്തിയ ജീവിതം പറയുന്നു, ടിക്കാറാം മീണ...


രാജസ്ഥാനിലെ ഒരു കുഗ്രാമത്തിലെ മൺകുടിലിനു മുന്നിൽ ചെറിയൊരു കല്യാണപ്പന്തൽ. വരനും സംഘവുമെത്തി. സൈക്കിളിന്റെ പിൻസീറ്റിലിരുത്തിയാണു ചെറുക്കനെ ബന്ധുക്കൾ കൊണ്ടുവന്നത്. വരനു പ്രായം 16 ! വധുവിനു പതിനാലും. ആഹാ.. ശൈശവ വിവാഹമാണ് അല്ലേയെന്നു ചോദിച്ചാൽ ആ വധൂവരന്മാർ ഇന്നു ചിരിക്കും.‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയും ധോലിയുമാണ് അന്നു വിവാഹിതരായത്.

∙ ധോലിയെ രണ്ടു തവണ കെട്ടി 
‘വിവാഹപ്രായമായെന്നു മാതാപിതാക്കൾ പറഞ്ഞാൽ മക്കൾ കല്യാണത്തിനു നിന്നുകൊടുക്കണം. അതാണു നാട്ടുനടപ്പ്. ഞങ്ങളും അതനുസരിച്ചു. അവരുടെ അനുഗ്രഹവും ഉപദേശങ്ങളും ഇന്നും തുടരുന്നു. അതുകൊണ്ട് ജീവിതത്തിൽ നന്മയേ ഉണ്ടായിട്ടുള്ളൂ.’– ടിക്കാറാം മീണ പറയുന്നു. 

‘മൺവീടുകളാണു ഗ്രാമത്തിലധികവും. സഞ്ചരിക്കാൻ ബസോ കാറോ ഒന്നുമില്ല. കൂട്ടുകാരൻ കാലുറാം ഖുർജറിന്റെ സൈക്കിളിലാണ് പെണ്ണുകെട്ടാൻ പോയത്. കല്യാണദിവസമാണു പെണ്ണിനെ ആദ്യമായി കണ്ടത്. പരസ്പരം മിണ്ടാൻ കഴിഞ്ഞില്ല. ചടങ്ങു കഴിഞ്ഞപ്പോൾ വധു വീടിനകത്തേക്കു പോയി. ഞാൻ വീട്ടിലേക്കും. ആചാരപ്രകാരം നടന്ന ആ ആദ്യവിവാഹത്തിനുശേഷം ഞങ്ങൾ വീണ്ടും വിവാഹിതരായി. ബിഎയ്ക്കു പഠിക്കുമ്പോഴായിരുന്നു അത്. അന്നു മുതൽ ഞങ്ങളൊന്നായി ജീവിതം തുടങ്ങി’. ധോലി നാലാം ക്ലാസു വരയേ പഠിച്ചിട്ടുള്ളൂ. മീണ എംഎംയ്ക്കു പഠിക്കുമ്പോൾ അവർക്ക് ആദ്യത്തെ കുട്ടി ജനിച്ചു. പിന്നീടു മൂന്നു മക്കൾ കൂടി ജനിച്ചു.

∙ അച്ഛന്റെ ഐഎഎസ് വഴിയെ മകളും
ടിക്കാറാം മീണയുടെ മകൾ സോണിയയും ഐഎഎസ് ഓഫിസറാണ്. അച്ഛന്റെ ധീരതയും സാഹസികതയും മകൾക്കുമുണ്ട്. മധ്യപ്രദേശിൽ ഛത്തർപൂരിൽ സബ് കലക്ടറായിരിക്കെ മണൽ മാഫിയയെ പിടിക്കാൻ പോയി വലിയൊരു ആക്രമണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. സോണിയയെ തോക്കിനു മുന്നിൽ നിർത്തി മാഫിയ വിലപേശിയെങ്കിലും ഒന്നും നടന്നില്ല. കുറ്റവാളികൾ അകത്താകുക തന്നെ ചെയ്തു.

∙ ദാരിദ്ര്യം വേട്ടയാടിയ കുടുംബം
കർഷക കുടുംബമായിരുന്നു. അച്ഛനും അമ്മയും അക്ഷരാഭ്യാസമില്ല. 6 മക്കളിൽ മീണയ്ക്കും ജ്യേഷ്ഠനും മാത്രമാണ് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞത്. വീട്ടിലെ ദാരിദ്ര്യമാണ് പഠനം മുടക്കിയത്. പശുക്കളെ ആശ്രയിച്ചാണു കുടുംബം മുന്നോട്ടുപോയതെന്നു മീണ പറയുന്നു.

‘പശുവിനെ മേയ്ക്കാൻ അടുത്തുള്ള കാട്ടിലേക്കു പോകും. അവിടെ മരച്ചുവട്ടിലിരുന്നു പഠിക്കും. ഹൈസ്കൂളിലായപ്പോൾ പുഴ കടന്നുവേണം പോകാൻ. വള്ളമില്ല. പുസ്തകങ്ങൾ വസ്ത്രത്തിൽ പൊതിഞ്ഞ് കൈയിലുയർത്തിപ്പിടിച്ച് നീന്തി അക്കരെയെത്തും. 

∙ ഭൂമിക്കുവേണ്ടി പോരാട്ടം
കേരളത്തിലും രാജസ്ഥാനിലും ഭൂപരിഷ്കരണം നടപ്പാക്കിയത് ഒരേ കാലത്താണ്. ജന്മിമാരിൽ നിന്നും ഞങ്ങൾക്ക് അവകാശപ്പെട്ട ഭൂമി  വിട്ടുകിട്ടാൻ 20 വർഷത്തോളം അവരുമായി മല്ലടിക്കേണ്ടിവന്നു. സർക്കാരും പൊലീസും ജന്മികളുടെ പക്ഷത്ത്. അച്ഛൻ മറുവശത്ത്. ഒട്ടേറെ തവണ ദേഹോപദ്രവം ഏൽക്കേണ്ടിവന്നു. ജീവനു ഭീഷണിയുണ്ടായെങ്കിലും അച്ഛൻ പിന്മാറിയില്ല. 

∙ സത്യത്തിന് എന്നും വിജയം
സത്യം കൂടെയുണ്ടെങ്കിൽ ഏതു തിന്മയെയും പരാജയപ്പെടുത്താനാകുമെന്നു പഠിപ്പിച്ചത് അച്ഛനാണ്. സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടയിൽ മരിക്കുകയാണെങ്കിൽ അത് അഭിമന്യുവിന്റെ മരണം പോലെ ധീരമായിരിക്കും. എന്റെ ഔദ്യോഗിക ജീവിത്തതിലും ഈ വാക്കുകളാണ് ആധികാരികം. 

∙ നിലത്തിരുന്നുണ്ണുമ്പോൾ ഞാൻ മനുഷ്യനാകുന്നു !
അവധിക്കാലത്ത് ഉന്നത ഉദ്യോഗസ്ഥരൊക്കെ വിദേശത്തേക്കു യാത്ര പോകുമ്പോൾ മീണയും കുടുംബവും രാജസ്ഥാനിലെ ഗ്രാമത്തിലേക്കാണു പോകുന്നത്. അവിടെ വീട്ടുകാർ ഇപ്പോഴും കാർഷിക വേലയിൽ തന്നെയാണ്. 

‘അവിടെയെത്തിയാൽ ഞാൻ ഗ്രാമീണനായി മാറും. പാടത്തും പറമ്പിലുമൊക്കെ വിയർത്തു പണിയെടുക്കും. പശുക്കളെ മേയ്ക്കും. പുഴയിൽ നീന്തും. വീട്ടുകാർക്കൊപ്പം നിലത്തിരുന്ന് ആഹാരം കഴിക്കും. കടന്നുവന്ന വഴികളെക്കുറിച്ചൊക്കെ ഓർക്കും. അതു മറക്കാതിരിക്കാൻ  അവസരം കിട്ടുമ്പോഴെല്ലാം നിലത്തിരുന്നുതന്നെ കഴിക്കുന്നതാണ് എന്റെ ശീലം.’

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT