റാങ്കു നേടുന്ന വിദ്യാർഥികളെ കുറിച്ചുള്ള പൊതുധാരണകള്‍ക്കു പുറത്താണു കരിഷ്മ അരോറ എന്ന 18കാരി. സിബിഎസ്ഇ പ്ലസ് ടു പരീക്ഷയ്ക്ക് 500ല്‍ 499 മാര്‍ക്കോടെ കരിഷ്മ ഒന്നാം റാങ്കു നേടിയതു പാഠപുസ്തകങ്ങളില്‍ മാത്രം തല കുമ്പിട്ടിരുന്നിട്ടല്ല. പഠനവും നൃത്തവും വായനയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള നൃത്താധ്യാപനവുമെല്ലാം ചേരുന്ന സര്‍ഗ്ഗാത്മക ജീവിതം തന്നെയാണ് ഈ ഒന്നാം റാങ്കുകാരിയുടേത്. 

എല്ലാ ഞായറാഴ്ചകളിലും മുസാഫര്‍നഗറില്‍ നിന്നു പിതാവിനൊപ്പം കരിഷ്മ ഡല്‍ഹിയിലെത്തും. സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവ് കഥക് ഗുരു ഗീതാഞ്ജലി ലാല്‍ജിയില്‍ നിന്നു നൃത്ത പാഠങ്ങള്‍ പഠിക്കുന്നതിനായി ആ ദിവസം മുഴുവന്‍ ചിലവിടും. ആറാം ക്ലാസു മുതല്‍ പ്രഫഷണല്‍ കഥക് നൃത്തം അഭ്യസിച്ചു വരുന്ന കരിഷ്മ ദിവസവും ഒന്നര മണിക്കൂര്‍ നൃത്ത പരിശീലനത്തിനായി മാറ്റി വയ്ക്കും. 

താന്‍ പഠിച്ച ചുവടുകള്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാനും കരിഷ്മ സമയം കണ്ടെത്തുന്നു. നൃത്തത്തിനു കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്നൊരു സ്‌കോളര്‍ഷിപ്പും അടുത്തിടെ കരിഷ്മ സ്വന്തമാക്കിയിരുന്നു. നൃത്തം മാത്രമല്ല പുസ്തകങ്ങളോടുള്ള പ്രിയവും കരിഷ്മ കാത്തു സൂക്ഷിക്കുന്നു. ജീവിത വിജയം കൈവരിച്ച മഹത്‌വ്യക്തികളുടെ ആത്മകഥകളാണ് വായിക്കാന്‍ ഏറെയിഷ്ടം. എ.പി.ജെ. അബ്ദുല്‍ കലാമിന്റെയും മലാല യൂസഫ് സായിയുടെയുമൊക്കെ പുസ്തകങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. അത്തരം പുസ്തകങ്ങള്‍ ആ വ്യക്തികളുടെ ജീവിതത്തെ കുറിച്ച് ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നു നല്‍കുമെന്നും വായിക്കുന്നവര്‍ക്കു പ്രചോദമേകുന്നുവെന്നും കരിഷ്മ പറയുന്നു. 

ബിഎ സൈക്കോളജി ഓണേഴ്‌സ് പഠിച്ചു ഡാന്‍സ് തെറാപ്പിയില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ഒരു മനശ്ശാസ്ത്രജ്ഞയാകണമെന്നാണു കരിഷ്മയുടെ മോഹം. തന്റെ പ്രിയപ്പെട്ട വിഷയങ്ങളായ സൈക്കോളജിയും നൃത്തവും സമന്വയിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും കരിഷ്മ കരുതുന്നു.