അവസരങ്ങൾ എപ്പോൾ ഏതു രൂപത്തിലാണ് നമ്മുടെ മുന്നിലൂടെ കടന്നുവരുന്നതെന്നു മുൻകൂട്ടി പ്രവചിക്കാനാവില്ല. ചില അവസരങ്ങൾ തേടി നാം പോകുമ്പോൾ മറ്റു ചില അവസരങ്ങൾ നമ്മുടെ കൺമുന്നിലൂടെ കടന്നുവരും. ലഭ്യമായ അവസരങ്ങളെ കണ്ടെത്തി അവയെ ഫലപ്രദമായി ഉപയോഗിക്കുന്നവർ വിജയത്തിലെത്തുന്നു. ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറാൻ പൊട്ടിപ്പൊളിയാറായ ഒരു കമ്പനിയിൽ കൂലിവേല ചെയ്തു പിന്നീട് അതേ കമ്പനിയുടെ ഉടമ ആയി കോടാനുകോടികളുടെ വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ അസാമാന്യ വ്യക്തിയാണ് സുദീപ് ദത്ത.

1972ൽ പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ ജനിച്ച സുദീപിന്റെ പിതാവ് ഇന്ത്യൻ കരസേനയിലെ ഒരു സൈനികനായിരുന്നു. 1971ലെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത പിതാവിന് വെടിയേറ്റതുമൂലം ശരീരം തളർന്നുപോയിരുന്നു. മൂത്ത ജ്യേഷ്ഠന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. എന്നാൽ ജ്യേഷ്ഠനും പിന്നീട് പിതാവും രോഗത്തെ തുടർന്നു മരിച്ചതോടെ നാലു സഹോദരങ്ങൾ അടങ്ങുന്ന കുടുംബത്തിന്റെ ഭാരം സുദീപിന്റെ ചുമലിലായി. പതിനാറാമത്തെ വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടതായി വന്നു. ദാരിദ്ര്യത്തെ അതിജീവിക്കാൻ മുമ്പിൽ രണ്ടു മാർഗങ്ങൾ തെളിഞ്ഞുവന്നു. ഒന്നുകിൽ സൈക്കിൾ റിക്ഷ ചവിട്ടുക അല്ലെങ്കിൽ ഹോട്ടൽ വെയിറ്ററായി ജോലി ചെയ്യുക. എന്നാൽ മൂന്നാമതൊരു മാർഗ്ഗമാണ് സുദീപ് തിരഞ്ഞെടുത്തത്. സ്വപ്നനഗരമായ ബോംബെയിലേക്കു വണ്ടി കയറുക. അമിതാഭ് ബച്ചൻ കഥാപാത്രങ്ങളോടുള്ള ആരാധനയും സുഹൃത്തുക്കളുടെ പ്രചോദനവുമായിരുന്നു ബോംബെയിലേക്കു തിരിക്കാൻ പ്രചോദനമായത്. സ്വപ്നനഗരിയിലെത്തിയ സുദീപിനു ലഭിച്ചതാകട്ടെ പ്രതിദിനം 15 രൂപ മാത്രം ലഭിക്കുന്ന കൂലിവേല.

1988ൽ പാക്കിങ് സാമഗ്രികൾ നിർമിക്കുന്ന ഒരു ചെറുകിട നിർമാണ യൂണിറ്റിൽ തൊഴിലാളി ആയി തുടക്കംകുറിച്ച സുദീപ് പടിപടിയായി ആ മേഖലയെക്കുറിച്ചുള്ള അറിവും പരിജ്ഞാനവും ആർജ്ജിച്ചു. താമസ സ്ഥലത്തെ അവസ്ഥ പരിതാപകരമായിരുന്നു. 20 പേർ കഴിഞ്ഞിരുന്ന ഒരു മുറിയിലെ ക്ലേശകരമായ ജീവിതം. 1991ൽ സാമ്പത്തിക പ്രതിസന്ധിമൂലം സുദീപ് ജോലി ചെയ്തിരുന്ന കമ്പനി ഉടമ സ്ഥാപനം അടച്ചുപൂട്ടാനൊരുങ്ങി. എന്നാൽ സുദീപ് ധൈര്യസമേതം കമ്പനി ഏറ്റെടുത്തു. അന്നേവരെ സമ്പാദിച്ച 16,000 രൂപയും രണ്ടു വർഷത്തെ മുഴുവൻ ലാഭവും നൽകാമെന്ന കരാറിലായിരുന്നു ഏറ്റെടുക്കൽ. 12 തൊഴിലാളികളും തകർന്നടിഞ്ഞ ഒരു കമ്പനിയുമായി പിന്നീടൊരു ജീവൻമരണ പോരാട്ടമായിരുന്നു.

മരുന്നുകൾ പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന അലുമിനിയം ഫോയിലുകൾ നിർമിക്കുന്നതിൽ ശ്രദ്ധയൂന്നിയ സുദീപിന്റെ എസ്സ് ഡീ അലുമിനിയം കമ്പനി ആദ്യമാദ്യം ചെറുകിട മരുന്നുനിർമാണ യൂണിറ്റുകളുടെ ഓർഡറുകൾ നേടിയെടുത്തു. പിന്നീട് സൺ ഫാർമപോലെ പ്രമുഖ കമ്പനികളുടെ ഓർഡർ ലഭിച്ചുതുടങ്ങിയതോടെ വളർച്ച ത്വരിതഗതിയിലായി. കഠിനാധ്വാനത്താലും മികച്ച ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചും വൻകിട കമ്പനികളുടെ മൽസരത്തെ അതിജീവിച്ചു. 2004ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയും 2006ൽ പബ്ലിക് ലിമിറ്റഡ് കമ്പനി ആയും റജിസ്റ്റർ ചെയ്തു. 2008ൽ അതിശക്ത എതിരാളി ആയിരുന്ന ഇന്ത്യാ ഫോയിൽസ് 130 കോടി രൂപ മുടക്കി ഏറ്റെടുത്തു. 

2009 ൽ ഫോർബ്സ് മാസിക സുദീപിനെ വിശേഷിപ്പിച്ചത് മരുന്നു പാക്കിങ് രംഗത്തെ മുടിചൂടാ മന്നൻ എന്നാണ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും റജിസ്റ്റർ ചെയ്ത കമ്പനിക്കിപ്പോൾ 12 നിർമാണ യൂണിറ്റുകളും 1600 കോടി രൂപയുടെ ആസ്തിയുമുണ്ട്. സുദീപ് നേതൃ‍ത്വം നൽകുന്ന സുദീപ് ദത്ത ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്.