എൻഐടിയിൽ പഠിച്ച് ക്യാംപസ് സെലക്ഷനിൽ ജോലി; എങ്കിലും 'സർബത്ത്' വിട്ടുള്ള കളിക്ക് ഇവരില്ല
കോഴിക്കോട് എൻഐടിയിൽനിന്ന് പഠിച്ചിറങ്ങാനൊരുങ്ങുന്ന മൂന്നു കൂട്ടുകാർ. ഇന്ത്യയിലെ ഏറ്റവും മികച്ച 3 കമ്പനികളിലേക്ക് മികച്ച ശമ്പളത്തോടെ ക്യാംപസ് സെലക്ഷൻ നേടി നിൽക്കുന്നവർ. അവർ കോഴിക്കോട്ടങ്ങാടിയിലൊരു കട തുടങ്ങി. ഒരു കുഞ്ഞു സർബത്തുകട! നറുനീണ്ടി സർബത്ത് കട. ആ കൂട്ടുകാരുടെ കയ്യിൽനിന്ന് കുഞ്ഞു മൺകുടത്തിൽ തണുപ്പുള്ള സർബത്തു വാങ്ങിക്കുടിച്ചവർ പറയുന്നു..‘‘കിടുക്കാച്ചി..കിടുകിടാച്ചി !’’
നാലാംവർഷ എൻജിനീയറിങ് വിദ്യാർഥികളായ അമീർ സുഹൈൽ,ജോയൽ ചുള്ളി, അനന്തു.ആർ.നായർ എന്നിവരാണ് രുചിയുടെ എൻജിനീയറിങ് പരീക്ഷിക്കുന്നത്.
ചാലക്കുടിക്കാരനായ ജോയൽ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. കായംകുളംകാരനായ അനന്തു മെക്കാനിക്കൽ എൻജിനീയറിങ്ങും തൃശൂരുകാരനായ അമീർ കംപ്യൂട്ടർസയൻസും പഠിക്കുന്നു. ജോയലും അനന്തുവും ജോലി നേടിയത് എംആർഎഫിൽ. അമീർ ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ കമ്പനിയിലും.
അമീറാണ് കൂട്ടത്തിലെ ‘സർബത്ത് ഷമീർ’. തൃശൂർ എംജിറോഡിലെ നറുനീണ്ടി സർബത്ത് കുടിച്ചുകുടിച്ചാണ് സ്വന്തമായൊരു കട തുടങ്ങിയാലോ എന്ന സ്വപ്നം മൊട്ടിടുന്നത്. കൂട്ടുകാരും കട്ടയ്ക്ക് നിന്നതോടെ കട തുടങ്ങാൻ തീരുമാനിച്ചു.
ബീഫ് ബിരിയാണിക്ക് പ്രസിദ്ധമായ, കോഴിക്കോട് രണ്ടാം ഗേറ്റിലെ റഹ്മത്ത് ഹോട്ടലിലേക്ക് ആളുകൾ ഒഴുകിവരും. അവർ ബിരിയാണി കഴിച്ചിറങ്ങുമ്പോൾ ഒരു സർബത്തു കുടിക്കുമെന്ന് ഉറപ്പ്.
ഈ ചിന്തയാണ് കടയുടെ സ്ഥലം റഹ്മത്തിനടുത്തു തിരഞ്ഞെടുക്കാനുണ്ടായ കാരണം. സ്ഥലം കിട്ടിയതോടെ പെയിന്റടിയും ലൈറ്റ് പിടിപ്പിക്കലും മുതൽ സകല പരിപാടിയും ചെയ്തതു മൂവർ സംഘം തനിയെ.
ജോലിക്കു ചേരുന്നതോടെ കട എന്തുചെയ്യുമെന്നാണ് പലരും ചോദിക്കുന്നത്. പക്ഷേ, ജൂനിയേഴ്സിൽ പലരും കടയിൽ കണ്ണുവയ്ക്കുന്നുണ്ടെന്ന് ചെറുചിരിയോടെ ജോയൽ പറയുന്നു. ആരെ വേണമെങ്കിലും ജോലിക്കുനിർത്താം, പക്ഷേ കട കൈവിട്ടുള്ള കളിയില്ല എന്ന് അമീറും അനന്തുവും ഉറപ്പിക്കുന്നു. രുചി നാവിൻതുമ്പിൽ കയറിപ്പറ്റിയാൽ കോഴിക്കോട്ടുകാർ കൈവിടില്ല എന്ന് ഇവർക്ക് അറിയാമല്ലോ.