എൻട്രൻസിനായി പാഠഭാഗങ്ങൾ നന്നായി പഠിച്ചു. വിഷയങ്ങൾ അടിസ്ഥാനപരമായി മനസ്സിലാക്കിയാൽ പിന്നെ ബോർഡ് പരീക്ഷ ഉൾപ്പെടെ ഒന്നിനും ബുദ്ധിമുട്ടില്ല – പഠനത്തോടുള്ള തന്റെ സമീപനം ശരിയായിരുന്നുവെന്ന് കൊച്ചി കടവന്ത്ര സ്വദേശി അതുൽ മനോജ് ‘നീറ്റ്’ ഫലം വന്നപ്പോൾ തെളിയിച്ചു. 

പ്ലസ് ടുവിനു ലഭിച്ചത് 96.6 % മാർക്ക്. ‘നീറ്റി’ന് 688 മാർക്ക്, അഥവാ 99.9979 പെർസന്റൈൽ. ദേശീയ തലത്തിൽ 29 ാം റാങ്ക്. ഇരു പരീക്ഷകളിലും ഒരേ പോലെ മികച്ച പ്രകടനത്തിനുള്ള കാരണം ചോദിച്ചാൽ വളരെ പഴയ ആ ഉത്തരം തന്നെയാണ് അതുലിനും പറയാനുള്ളത് – പഠിപ്പിക്കുന്നത് അന്നന്നു തന്നെ പഠിച്ചു. 

പക്ഷേ അതു മാത്രമായിരുന്നില്ല. ഓരോ ദിവസവും പഠിച്ചതുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ ലെവൽ ചോദ്യങ്ങളും പരിശീലിച്ചു. പതിനൊന്നാം ക്ലാസ് മുതൽ രണ്ടു വർഷവും ഇങ്ങനെ മുന്നോട്ടുപോയതിന്റെ മെച്ചം റാങ്കിലും പ്രതിഫലിച്ചു. 

ബുദ്ധിമുട്ടിച്ചത് ഫിസിക്സ്
പഠിക്കുന്ന സമയത്തും പരീക്ഷയിലും ബുദ്ധിമുട്ടിച്ചതു ഫിസിക്സാണ്. എങ്കിലും മോക് ടെസ്റ്റുകളിലൂടെയും മുൻവർഷ ചോദ്യപ്പേപ്പറുകളുടെ പരിശീലനം വഴിയും അതു മറികടന്നു. ഇടയ്ക്ക് ഉഴപ്പാതെ തുടർച്ചയായി പഠിച്ചാലേ ഇത്തരം വിഷയങ്ങൾക്കു മാർക്ക് നേടാനാകൂ. ഫിസിക്സിലെ കണക്കുകളും സമവാക്യങ്ങളും പഠിക്കാനാണു കൂടുതൽ സമയം ചെലവഴിച്ചത്. എൻസിഇആർടി പുസ്തകങ്ങളും വായിച്ചു.

സോഷ്യൽ മീഡിയ ഔട്ട്
ഫെയ്സ്ബുക്, വാട്സാപ് തുടങ്ങിയവ ഉപയോഗിക്കുമെങ്കിലും പഠിക്കുന്ന കാലയളവിൽ അവ ഒഴിവാക്കി. അതുകൊണ്ടു തന്നെ പഠിക്കാനായി കൂടുതൽ സമയം ലഭിച്ചു. പരീക്ഷ കഴിഞ്ഞ ശേഷം സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമായിട്ടുണ്ട്. 

എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ പഠിച്ച അതുലിനു വെല്ലൂർ മെഡിക്കൽ കോളജിലോ തിരുവനന്തപുരം മെഡിക്കൽ കോളജിലോ എംബിബിഎസ് പഠിക്കണമെന്നാണ് ആഗ്രഹം. എയിംസ് എൻട്രൻസിന്റെ ഫലം കൂടി വരാനുണ്ട്. കൊച്ചി സ്വദേശികളായ എം.പി.മനോജിന്റെയും ദീപ എസ്.നായരുടെയും മകനാണ്. അർണവ്          സഹോദരനാണ്.