ആദ്യ വർഷം കിട്ടിയില്ലെങ്കിലെന്ത് ? റിപ്പീറ്റിലൂടെ റാങ്ക് വരെ നേടാമെന്ന് തെളിയിച്ച് ഇതാ രണ്ടു പേർ
നീറ്റ് ആദ്യ അവസരത്തിൽ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയില്ല. വിട്ടുകൊടുക്കാതെ രണ്ടാം വർഷം വീണ്ടും പൊരുതിയപ്പോൾ സുവർണനേട്ടം കൊയ്ത സന്തോഷത്തിലാണ് കേരളത്തിൽ രണ്ടാമതതെത്തിയ ഹൃദ്യ ലക്ഷ്മി ബോസും മൂന്നാമതെത്തിയ വി.പി.അശ്വിനും. നീറ്റിന് ദേശീയതലത്തിൽ 687 മാർക്കോടെ ഹൃദ്യ 31ാം റാങ്ക് നേടിയപ്പോൾ 686 മാർക്കോടെ അശ്വിൻ 33 ാം റാങ്ക് നേടി. മികച്ച മെഡിക്കൽ കോളജിൽ അഡ്മിഷൻ ലഭിക്കാനുള്ള റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര മുന്നിലെത്തുമെന്നു പ്രതീക്ഷിച്ചില്ലെന്നു രണ്ടു പേരും പറയുന്നു.
മോക് ടെസ്റ്റുകൾ
തുടർച്ചയായ മോക് ടെസ്റ്റുകളാണു ഹൃദ്യയെയും അശ്വിനെയും വിജയത്തിലെത്തിച്ചത്. ഒഎംആർ ഷീറ്റിൽ സമയം പാലിച്ച് ഉത്തരം നൽകി പരിശീലിച്ചതുകൊണ്ടാണ് എൻട്രൻസിനും ഉദ്ദേശിച്ച വേഗത്തിൽ ഉത്തരങ്ങളെഴുതാനായതെന്ന് അശ്വിൻ പറയുന്നു. നീറ്റ് ഉച്ചയ്ക്കു ശേഷമായിരുന്നു. മോക് ടെസ്റ്റുകളും ഉച്ചയ്ക്കു ശേഷം തന്നെ ചെയ്തു.
പരീക്ഷയുടെ തൊട്ടുമുൻപുള്ള ഒരാഴ്ച എൻസിഇആർടി പുസ്തകങ്ങൾ മാത്രമാണു വായിച്ചിരുന്നതെന്ന് ഹൃദ്യ പറയുന്നു. ഒറ്റനോട്ടത്തിൽ അപ്രധാനമെന്നു തോന്നുന്ന പല കാര്യങ്ങളും പരീക്ഷയ്ക്കു ചോദിക്കും. പേജുകളുടെ വശത്തു ബോക്സുകളിൽ കാണുന്ന സംഗതികൾ വരെ പ്രാധാന്യമുള്ളവയാണ്. ഇവയെല്ലാം വായിച്ചു മനസ്സിലാക്കിയതു കൊണ്ടാണു നല്ല മാർക്ക് നേടാനായത്.
ബയോളജി,ഫിസിക്സ്
ബയോളജിയാണ് ഹൃദ്യയെ ബുദ്ധിമുട്ടിച്ചത്. ചില ഭാഗങ്ങൾ എത്ര പഠിച്ചാലും മറന്നുപോകുന്ന സ്ഥിതിയുണ്ടായിരുന്നു. എങ്കിലും തുടർച്ചയായി റിവൈസ് ചെയ്യുന്നതിലൂടെ അവ ഹൃദ്യസ്ഥമാക്കാനായി. ഒരു തവണയോ രണ്ടു തവണയോ പഠിച്ചതുകൊണ്ടായില്ല, തുടർച്ചയായി അവ റിവൈസ് ചെയ്യണമെന്നു ഹൃദ്യ പറയുന്നു.
ഫിസിക്സിലെ പാഠഭാഗങ്ങളാണ് അശ്വിനെ ബുദ്ധിമുട്ടിച്ചത്. അവ പഠിക്കാൻ ഒട്ടേറെ സമയമെടുത്തു. എങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ പരീക്ഷ എളുപ്പമായിരുന്നു.
തളരാതെ മുന്നേറുക
പ്ലസ് ടു പഠനത്തോടൊപ്പം തന്നെ നീറ്റ് എഴുതി നല്ല റാങ്ക് നേടുന്നതാണു നല്ലതെന്നു അശ്വിൻ പറയുന്നു. എന്നാൽ, ആദ്യ ചാൻസിൽ നല്ല റാങ്ക് നേടിയില്ലെങ്കിലും വിഷമിക്കേണ്ട കാര്യമില്ല. ഉറച്ച ലക്ഷ്യബോധമുണ്ടെങ്കിൽ വീണ്ടും എഴുതിയെടുക്കാം. ഒരു വർഷം പൂർണമായി അതിനുവേണ്ടി മാറ്റിവയ്ക്കണം. സമൂഹ മാധ്യമങ്ങളുൾപ്പെടെ മാറ്റിവച്ചു പഠിക്കാൻ സമയം കണ്ടെത്തണം.
എയിംസ്, ജിപ്മെർ എൻട്രൻസുകളുടെ ഫലം കൂടി വരാൻ കാത്തിരിക്കുകയാണ് ഹൃദ്യ.
ജിപ്മെറിൽ പഠിക്കാൻ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ. ഇല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളജിൽ പഠിക്കും. എയിംസ് എൻട്രൻസിൽ നല്ല റാങ്ക് നേടിയില്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കാനാണ് ആഗ്രഹമെന്ന് അശ്വിൻ പറയുന്നു.
കാസർകോട് മധുർ– മന്നിപ്പാടിയിൽ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശികളായ ടി.പി.ബോസിന്റെയും ജെമിനിയുടെയും മകളാണ് ഹൃദ്യ ലക്ഷ്മി. ആനന്ദ് സഹോദരൻ.
മലപ്പുറം താനൂർ സ്വദേശികളായ വി.പി.ബിനോയിയുടെയും പി.സിന്ധുവിന്റെയും മകനാണ് അശ്വിൻ. അദിത്ത് സഹോദരൻ.