മോഡൽ, യുവസംരംഭക, ഇപ്പോഴിതാ മിസ് കേരള ഇൻ ഫിറ്റ്നസ്.. ജിനി ഗോപാലിന് പേരിനൊപ്പം അഭിമാനത്തോടെ ചേർത്തുവയ്ക്കാനുള്ള മേൽവിലാസങ്ങൾ നീളുകയാണ്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തെ ശരാശരി കുടുംബത്തിൽനിന്നു വരുന്ന പെൺകുട്ടിക്ക് അത്രയെളുപ്പമല്ലായിരുന്നു ഈ ഉയരങ്ങൾ കീഴടക്കാൻ. ജിമ്മിൽ പോക്കും സിക്സ് പായ്ക്കും ആണുങ്ങൾക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലെന്നു പുതിയ കാല പെൺകുട്ടികൾക്കറിയാം. മസിൽ പെരുപ്പിച്ച് വരുന്നവരുടെ മുൻപിൽ പുഷ്പം പോലെ പുഷ് അപ്പും പുൾ അപ്പും സ്ക്വാട്ടും ഡംബൽസും ഒക്കെ പരീക്ഷിച്ചുവിജയിച്ചാണ് ജിനി മിസ് ഫിറ്റ്നസ് കേരളാ പട്ടം പോക്കറ്റിലാക്കിയത്. 

∙ പ്ലസ്ടുവിലെ തോൽവി
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും പ്ലസ്ടു പരീക്ഷാഹാളിൽ കുഴഞ്ഞുവീണതു കാരണം ഒരു പരീക്ഷ എഴുതാനായില്ല. മറ്റെല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങിയ ജിനി ആ വിഷയത്തിൽ മാത്രം തോറ്റു. ഡോക്ടറാകണമെന്നു സ്വപ്നം കണ്ട ജിനി മറ്റുള്ളവരുടെ മുന്നിൽ ബോധക്കേടിന്റെ കാര്യം പറഞ്ഞു മടുത്തപ്പോൾ ജീവിതം വീട്ടിനകത്തെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കി. തോറ്റ വിഷയം വീണ്ടും എഴുതിയെടുക്കാമെന്നു തീരുമാനിച്ച് ഒരു വർഷത്തെ ഇടവേളയിൽ എറണാകുളത്ത് കിറ്റക്സിൽ ജോലിക്കു ചേർന്നതാണു ജീവിതത്തിൽ വഴിത്തിരിവായത്. 

∙ ഡിസൈനിങ്ങിലേക്ക്
കിറ്റക്സിലെ ജോലിക്കാലത്ത് ഡിസൈനിങ്ങിനോടുള്ള താൽപര്യം സ്വയം തിരിച്ചറിഞ്ഞ് ഫാഷൻ ടെക്നോളജിയിൽ ബിരുദം സ്വന്തമാക്കി. ആദ്യം കൊച്ചിയിലെയും പിന്നീട് ബാംഗ്ലൂരിലെയും ഫാഷൻ സ്ട്രീറ്റുകളിലേക്കു വണ്ടി കയറി. മറ്റാരുടെയോ വസ്ത്ര സങ്കൽപങ്ങൾ തുന്നിക്കൂട്ടുകയല്ല തന്റെ നിയോഗമെന്ന്  തിരിച്ചറിഞ്ഞ ജിനി സ്വന്തമായി ഡിസൈനിങ് ആരംഭിച്ചു. 

സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകൾ ചേർത്തുവച്ച് കൊച്ചിയിലെ വാടകമുറിയിൽ കുറച്ച് തയ്യൽമെഷീനും രണ്ട് ജീവനക്കാരുമായി ആദ്യ വസ്ത്രനിർമാണസംരംഭം തട്ടിക്കൂട്ടി. ‘ആറ്റിറ്റ്യൂഡ് ദ് അറ്റയർ ഡിസൈനറി’. ആഡംബര വസ്ത്രങ്ങൾക്കു പകരം സാധാരണക്കാർക്ക് നിത്യേന ഉപയോഗിക്കാവുന്ന മിതമായ വിലയിലുള്ള വസ്ത്രങ്ങളാണ് ജിനി ഡിസൈൻ ചെയ്യുന്നത്. 

ജിനി ഡിസൈൻ ചെയ്ത വേഷങ്ങളിൽ സുന്ദരികൾ ലോകം ചുറ്റി.  പ്രമുഖ മാസികകകളുടെ മുഖചിത്രങ്ങളിൽ ഡിസൈനുകൾ സ്ഥാനം പിടിക്കുക കൂടി ചെയ്തതോടെ ജിനി ഫാഷൻ ഡിസൈനിങ് രംഗത്ത് കയ്യൊപ്പു ചാർത്തി. രണ്ടു പേരിൽ നിന്ന് നൂറോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി ആറ്റിറ്റ്യൂഡ് മാറിക്കഴിഞ്ഞു. 

∙ ആത്മവിശ്വാസമാണ് എല്ലാം
കുട്ടിക്കാനത്തെ കൊച്ചുവീട്ടിൽ മുറിയടച്ചിരുത്തിച്ച പരീക്ഷാ തോൽവി മുതൽ പ്രതിസന്ധികൾ ധാരാളമുണ്ടായിരുന്നു ജിനിയുടെ ജീവിതത്തിൽ. അച്ഛന്റെ അമ്പതാമത്തെ വയസ്സിലാണ് ജിനി ജനിക്കുന്നത്. കുട്ടിക്കാലം തൊട്ടേ അച്ഛൻകുട്ടിയായിരുന്നു ജിനി. ബിസിനസ് തുടങ്ങിയ കാലത്താണ് അച്ഛന് ഡിമൻഷ്യ (ഓർമക്കുറവ്) പിടിപെടുന്നത്. 

ബിസിനസ് പാടെ ഉപേക്ഷിച്ച് അച്ഛനെ ശുശ്രൂഷിക്കാൻ മടങ്ങിപ്പോയാലോ എന്നുവരെ ആലോചിച്ചു. അപ്പോഴൊക്കെ ധൈര്യം തന്നത് അച്ഛൻ തന്നെയായിരുന്നു. അമ്മ വാസന്തിയും പിന്തുണയേകി. ബിസിനസിൽ വിജയിച്ചു കാണിക്കാനായതാണ് അച്ഛനു നൽകിയ ഏറ്റവും വലിയ സ്നേഹദക്ഷിണയെന്നാണു ജിനി പറയുന്നത്. 

എങ്കിലും അച്ഛന്റെ മരണം ജിനിയെ വല്ലാതെ ഉലച്ചു. ആ സങ്കടം മറക്കാൻ വേണ്ടി കൂടുതൽ ബിസിനസ് തിരക്കുകളിലേക്ക് മുഴുകി. യാത്രകൾ പോയി. നൃത്തം മുതൽ ഗിറ്റാർ വരെ പരീക്ഷിച്ചു. 

ആ സമയത്താണ് ഫിറ്റ്നസ് സെന്ററിൽ പോയി തുടങ്ങിയത്. മറ്റു സ്ത്രീകൾ ശരീര സംരക്ഷണത്തിനു വേണ്ടി ഫിറ്റ്നസ് സെന്ററുകളിലെത്തിയപ്പോൾ ജിനി അവിടെയും തന്റെ സാധ്യതകൾ തിരഞ്ഞു കണ്ടെത്തി. അങ്ങനെയാണ് ഫിറ്റ്നസ് മൽസരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ദിവസവും 10 മണിക്കൂർ വരെ ജിമ്മിൽ ചെലവഴിച്ചിട്ടുണ്ട്. ഭക്ഷണകാര്യങ്ങളിൽ ഉൾപ്പെടെ കടുത്ത ചിട്ടകൾ പാലിച്ചാണ് ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നത്. 

സ്റ്റേറ്റ് ചാംപ്യൻഷിപ്പ് സ്വന്തമാക്കിയതിന്റെ രഹസ്യം ചോദിച്ചാൽ ഒരു ചെറിയ പുഞ്ചിരിയോടെ ജിനി പറയും..‘അഴകളവുകളെക്കാൾ ആത്മവിശ്വാസത്തിനാണ് സൗന്ദര്യം...അതുണ്ടെങ്കിൽ നിങ്ങൾക്കു സ്വപ്നം കയ്യെത്തിപ്പിടിക്കാം..’