മുമ്പ് വാച്ചു നിർമ്മാണ തൊഴിലാളി, ഇന്ന് 70000 കോടിയുടെ കമ്പനി ഉടമ, ഇത് ജോ കൺഫേയ്
ഫോർബ്സ് മാസികയുടെ കണക്കുപ്രകാരം ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മുൻനിരക്കാരിയാണ് ചൈനയിൽ ജനിച്ചുവളർന്ന ജോ കൺഫേയ് (Zhou Qunfei). സ്വന്തം പ്രയത്നത്താൽ സഹസ്രകോടിപതിയായ വനിതകളിൽ ഒന്നാം സ്ഥാനത്തുള്ള ജോയുടെ സമ്പാദ്യമാകട്ടെ ആയിരം കോടി ഡോളർ. അതായത് ഏകദേശം എഴുപതിനായിരം കോടി രൂപ. സ്മാർട്ട്ഫോണുകളിലും ടാബ്‍ലറ്റുകളിലും മറ്റും ഉപയോഗിക്കുന്ന ടച്ച് സ്ക്രീൻ നിർമ്മിക്കുന്ന ലെൻസ് ടെക്നോളജീസിന്റെ സ്ഥാപകയാണ് ജോ കൺഫേയ്. ലോകത്തെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാണ കമ്പനികൾക്കായി ടച്ച് സ്ക്രീനുകൾ നിർമ്മിക്കുന്നത് ലെൻസ് ടെക്നോളജീസാണ്.
1970ൽ മധ്യ ചൈനയിൽ ജനിച്ച ജോയുടെ പിതാവ് ഒരു സൈനികനായിരുന്നു. ജോ ജനിക്കുന്നതിനു മുൻപ് ഒരു ഫാക്ടറിയപകടത്തിൽപെട്ട പിതാവിന്റെ ഒരു കൈവിരൽ നഷ്ടപ്പെടുകയും ഭാഗികമായി അന്ധത ബാധിക്കുകയും ചെയ്തു. ജോയ്ക്ക് 5 വയസുള്ളപ്പോൾ മാതാവ് മരിച്ചു. വളരെ ദരിദ്രമായ ബാല്യകാലത്തിൽ പന്നികളെയും കോഴികളെയും വളർത്തി ജോ ഏതാനും നാണയത്തുട്ടുകൾ സമ്പാദിച്ചു തുടങ്ങി. പഠിക്കാൻ സമർത്ഥ ആയിരുന്നെങ്കിലും പതിനാറാമത്തെ വയസ്സിൽ സാമ്പത്തിക ക്ലേശം മൂലം സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടതായി വന്നു. കുടുംബാംഗങ്ങളോടൊപ്പം ഷെൻചെൻ പട്ടണത്തിലേക്ക് കുടിയേറിയ ജോ അവിടെ ഒരു വാച്ചുനിർമ്മാണ ഫാക്ടറിയിൽ തൊഴിലാളിയായി. വളരെ പരിതാപകരമായ തൊഴിൽ സാഹചര്യങ്ങളിൽ ദിവസേന 12 മുതൽ 16 മണിക്കൂർ വരെ പണിയെടുത്ത അവർ കഠിനപ്രയത്നത്താൽ കുറേശ്ശെ പണം സമ്പാദിച്ചു തുടങ്ങി. 6 വർഷക്കാലത്തെ ഫാക്ടറി ജോലിക്കിടെ വാച്ചുകളുടെ ലെൻസുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് സമ്പാദിക്കാനായി.
ഇതിനിടെ ഷെൻചെൻ സർവകലാശാലയിൽ നിരവധി ഹ്രസ്വകാല കോഴ്സുകൾ ചെയ്ത ജോ അക്കൗണ്ടിങ്ങിലും കമ്പ്യൂട്ടർ ഓപ്പറേഷനിലും കസ്റ്റംസ് പ്രോസസ്സിങ്ങിലുമുള്ള സർട്ടിഫിക്കറ്റുകൾ നേടി. കൂടാതെ കൊമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസും സമ്പാദിച്ചു. ആറു വർഷക്കാലംകൊണ്ടു സ്വരൂപിച്ച മൂവായിരം ഡോളർ മൂലധനം കൊണ്ട് ഇരുപത്തിരണ്ടാമത്തെ വയസ്സിൽ വാച്ചുകളുടെ ലെൻസുകളുണ്ടാക്കുന്ന ഒരു കമ്പനി തുടങ്ങി. മേൻമയേറിയ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിൽ മികവു കാട്ടിയ ജോയുടെ കമ്പനി സ്മാർട്ട് ഫോണുകളുടെ കടന്നുവരവോടെ അത്യപൂർവ്വ വിജയക്കുതിപ്പിനു തുടക്കമിട്ടു. 2001ൽ മൊബൈൽ ഫോൺ നിർമാതാക്കളായ TCL കോർപറേഷനിൽ നിന്നും 2003ൽ മോട്ടറോള കമ്പനിയിൽ നിന്നും ടച്ച് സ്ക്രീനുകൾക്കുള്ള ഓർഡറുകൾ ലഭിച്ചതോടെയാണു വളർച്ചയുടെ തുടക്കമാരംഭിക്കുന്നത്.
അധികം താമസിക്കാതെ ആപ്പിൾ ഐഫോണും, സാംസങ്ങും, വാവേയും അടക്കമുള്ള മുൻനിര കമ്പനികളുടെ ഓർഡറുകൾ ലഭിച്ചു തുടങ്ങി. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള പരിജ്ഞാനവും കാലാനുസൃതമായ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിൽ കാണിച്ച മിടുക്കുമാണ് ലെൻസ് ടെക്നോളജീസിനെ ഒരു ലോകോത്തര കമ്പനി ആക്കി മാറ്റുവാൻ ജോ കൺഫേയിക്കു സാധിച്ചത്. ‘‘നന്നായി മുന്നൊരുക്കങ്ങൾ നടത്തുക, ദിനംപ്രതി പഠനം തുടരുക, ഒരിക്കലും വിട്ടുകൊടുക്കാതെയും തളരാതെയും സ്വപ്നത്തെ അനുഗമിക്കുക’’. ഉന്നത വിജയങ്ങൾ ആഗ്രഹിക്കുന്നവർക്കായി ജോ കൺഫേയിയുടെ ഉപദേശം ഇതാണ്. ലെൻസ് ടെക്നോളജീസിനിപ്പോൾ 32 ഫാക്ടറികളും 90,000 തൊഴിലാളികളുമുണ്ട്.