തക്കാളിപ്പെട്ടികളിലും മുന്തിരിപ്പെട്ടികളിലും നിറയെ ഈ 2 സഹോദരിമാരുടെ സ്വപ്നങ്ങളാണ്. അതിനായി അവർ ചിന്തുന്ന വിയർപ്പാണ്. ആണിയിൽ ചുറ്റികകൊണ്ടടിച്ച് ഇടയ്ക്കു ചിന്തുന്ന ചോരയാണ്. വിദ്യാർഥിനികളായ ഇവർക്ക് മൊബൈൽ മുതൽ ബുള്ളറ്റ് വരെ നീളുന്ന സ്വപ്നങ്ങളുണ്ട്. 

അച്ഛനെയും അമ്മയെയും ആശ്രയിക്കാതെ മരമില്ലിൽ മരത്തടികളോടു മല്ലിട്ട് ആണിയും ചുറ്റികയുമെടുത്തു പോരാടി ഇവർ ആ സ്വപ്നങ്ങൾക്കു സ്വയം പണം കണ്ടെത്തുന്നു. 

ഇത് ആമ്പല്ലൂർ മടവാക്കര കൊറ്റായി വീട്ടിൽ ഉണ്ണികൃഷ്ണന്റെ മക്കളായ ഗീതുവും നിഷയും.  അരണാട്ടുകര ജോൺ മത്തായി സെന്ററിൽ എംബിഎ അവസാന വർഷ വിദ്യാർഥിയാണ് ഗീതു. 

ജേണലിസം കോഴ്സ് പാസായ നിഷ, പിജിക്ക്‌ പഠിക്കാനുള്ള തയാറെടുപ്പിലാണ്. അച്ഛൻ ഉണ്ണിക്കൃഷ്ണനും അമ്മ ഷൈലജയും കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. ഇവരുടെ മൂത്ത മകൾ നീതുവിന്റെ വിവാഹം കഴിഞ്ഞു. 

ആറിൽ തുടങ്ങിയ പണി
ചെറുപ്പം മുതൽ കഷ്ടപ്പാടറിഞ്ഞു ജീവിച്ച ഈ കുട്ടികൾ  ആറാംക്ലാസിൽ തുടങ്ങിയതാണ് പണിയെടുക്കാൻ. ഒഴിവു ദിവസങ്ങളിൽ അച്ഛനോടൊപ്പം പെട്ടി അടിക്കാൻ പോയിട്ടായിരുന്നു സഹോദരിമാർ ജോലിക്ക് തുടക്കം കുറിച്ചത്. തക്കാളി, മുന്തിരി പെട്ടികൾ നിർമിക്കുന്ന പലകപ്പെട്ടി ആണിയടിച്ചുണ്ടാക്കിത്തുടങ്ങിയപ്പോൾ ആദ്യമൊക്കെ കൊച്ചു കൈകളിൽ  ചോരപൊടിയുമായിരുന്നു. ചതഞ്ഞവിരൽ ബലമായൊന്നു കടിച്ചു വേദനയടക്കി അവർ വീണ്ടും ആണിയും ചുറ്റികയുമെടുക്കും. തങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ അച്ഛനുമമ്മയ്ക്കും അത്രയേറെ പണമില്ലെന്നറിയാം.

പ്ലസ് വൺ ആയതോടെ ക്ലാസ് കഴിഞ്ഞാൽ ഒഴിവ് കിട്ടുന്ന വേളയിലെല്ലാം ജോലി ചെയ്തുതുടങ്ങി. മൊബൈൽ വാങ്ങുന്നതടക്കം സ്വകാര്യ സ്വപ്നങ്ങൾ പൂവണിയാൻ തുടങ്ങിയതോടെ ജോലി വാശിയായി ഏറ്റെടുത്തു. പലപ്പോഴും ക്ലാസ് കട്ട് ചെയ്ത് ജോലിക്കെത്തിയിട്ടുണ്ടെന്ന് ഇവർ പറയുന്നു. 

കാശുകുടുക്കയിലെ  സ്വപ്നങ്ങൾ
ഓരോ വർഷവും ഓരോ ആഗ്രഹങ്ങൾക്ക് വേണ്ടിയാണ് ഇവർ ജോലിക്കിറങ്ങാറ്. ഇതിനുവേണ്ടി കാശ്കുടുക്ക സഹോദരിമാർ കരുതിയിട്ടുണ്ട്. ഓരോ ദിവസവും പണി കഴിഞ്ഞ് വരുമ്പോൾ ഇവർ കുടുക്കയിൽ കൂലി ഇടും. ആഗ്രഹങ്ങൾ നേടാനാവശ്യമായ പണം ആയെന്ന് ബോധ്യമായാൽ കുടുക്ക തുറക്കും. ഈ വർഷം ലാപ്ടോപ്പ് വാങ്ങുകയായിരുന്നു സ്വപ്നം. പ്രളയം മൂലം പണി കുറഞ്ഞതോടെ ഈ സ്വപ്നം പൂവണിഞ്ഞില്ല.

ഇന്ത്യ കറങ്ങണം
ബുള്ളറ്റിനോടു രണ്ടുപേർക്കും അടങ്ങാത്ത ഇഷ്ടമാണ്. ഏറ്റവും വലിയ സ്വപ്നം ഏതെന്നു ചോദിച്ചാൽ മറുപടി ഇങ്ങനെ: ബുള്ളറ്റ് വാങ്ങി ഇന്ത്യ മുഴുവൻ  ചുറ്റിക്കറങ്ങണം. 

എന്നിട്ട് യാത്രാവിവരണം എഴുതണം. ഉത്തരം കേട്ട് ഞെട്ടേണ്ട. ഇതിനുള്ള ഒരുക്കങ്ങളും ഇവർ ആരംഭിച്ചു കഴിഞ്ഞു. ദീർഘദൂര യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന ഹെറിറ്റേജ് ബുള്ളറ്റ് ഗ്രൂപ്പിൽ ഇവർ അംഗങ്ങളായിക്കഴിഞ്ഞു.