മൈക്രോസോഫ്റ്റിൽ നിന്നും 30,000 കോടി മൂല്യമുള്ള കമ്പനിയുടെ തലപ്പത്ത്! ഇതൊരു മലയാളി വിജയഗാഥ
"A key hire for Microsoft Azure was Joseph Sirosh, who I recruited from Amazon. Joseph had been passionately working on Machine Learning for all his professional career, and he brought that passion to his new role at Microsoft. Now our cloud not only could store and compute massive amount of data, it could also analyse and learn from the data."
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ വിഖ്യാത പുസ്തകം ‘ഹിറ്റ് റിഫ്രഷി’ന്റെ രണ്ടാം അധ്യായത്തിൽ നിറഞ്ഞുനിൽക്കുന്ന ജോസഫ് സിരോഷ് നമ്മുടെ നാട്ടുകാരനാണ്, തൃശൂർ കാളത്തോട് സ്വദേശി. മൈക്രോസോഫ്റ്റ് ക്ലൗഡിനെ ശതകോടികളുടെ ബിസിനസാക്കി മാറ്റുന്നതിൽ സിരോഷിന്റെ പങ്ക് ബിൽ ഗേറ്റ്സ് ആമുഖമെഴുതിയ ഈ പുസ്തകത്തിലുണ്ട്.
കൃത്രിമബുദ്ധി ഉപയോഗിച്ച് സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങളെക്കുറിച്ച് 12–ാം വയസ്സിൽ മനോരമയിൽ വായിച്ച ലേഖനത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തേക്കു വന്ന സിരോഷ് ചെന്നെത്തിയത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, സത്യ നാദെല്ല എന്നിവരുടെ ടീമുകളിൽ. ആമസോൺ വൈസ് പ്രസിഡന്റ് ആൻഡ് ചീഫ് ടെക്നോളജി ഓഫിസർ, മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേധാവി തുടങ്ങിയ സ്ഥാനങ്ങളിൽ വരെയെത്തിയ സിരോഷ് മാസങ്ങൾക്കു മുൻപാണ് 30,000 കോടി രൂപ മൂല്യമുള്ള യുഎസ് ടെക്നോളജി റിയൽ എസ്റ്റേറ്റ് കമ്പനിയായ കോംപസിന്റെ ചീഫ് ടെക്നോളജി ഓഫിസറായത്.
യുഎസിനു പുറത്ത് കോംപസിന്റെ ആദ്യ ടെക്നോളജി സെന്റർ ഉടൻ കൊച്ചിയിലെത്തിയേക്കും; ഒപ്പം ഹൈദരാബാദിലും കോംപസ് സോഫ്റ്റ്‌വെയർ കേന്ദ്രം പരിഗണിക്കുന്നതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തുള്ളവർക്കു ശുഭവാർത്ത.
ഫ്രം തൃശൂർ ടു യുഎസ്
തൃശൂർ എൻജിനീയറിങ് കോളജിൽ ബിടെക്കിനു ചേർന്ന് ഒരു വർഷത്തിനുള്ളിലാണു സിരോഷിന് ഐഐടി മദ്രാസിൽ പ്രവേശനം ലഭിച്ചത്. ഐഐടി കഴിഞ്ഞ് 1999ൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ. എംസിഡി ഫെലോഷിപ്പോടെ അവിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്യൂറൽ നെറ്റ്‍വർക്സിൽ പിഎച്ച്ഡി.
ബെസോസിന്റെ ബോട്ട്ഹൗസ്
2004ലായിരുന്നു ആമസോണിലേക്കുള്ള സിരോഷിന്റെ എന്‍ട്രി. ഇന്റർവ്യു ചെയ്തത് സ്ഥാപകൻ ജെഫ് ബെസോസ് നേരിട്ട്. ബെസോസിന്റെ വീടിനോടു ചേർന്നുള്ള അതിമനോഹരമായ ബോട്ട് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മെഷീൻ ലേണിങ്ങുമായി ബന്ധപ്പെട്ടുള്ള കരിയർ വെല്ലുവിളികളെക്കുറിച്ചായിരുന്നു ചോദ്യങ്ങളിലേറെയും.
ഒടുവിൽ ആമസോണിനോട് വിടപറയുമ്പോൾ സിരോഷിന് ബെസോസ് എഴുതി– ‘ജോസഫ്, യൂ ആർ വണ്ടർഫുൾ, തിരിച്ചുവരണമെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ മടിക്കേണ്ട, യു വിൽ ബി മോസ്റ്റ് വെൽകം.’
ആമസോണിൽ സാധനങ്ങൾ വിൽക്കുന്ന സെല്ലേഴ്സ് ആദ്യകാലങ്ങളിൽ നടത്തിയിരുന്ന തട്ടിപ്പ് പിടികൂടാൻ ഫ്രോഡ് പ്രിവൻഷൻ എഐ അൽഗോരിതം വികസിപ്പിച്ചത് കമ്പനിയിൽ സെൻട്രൽ മെഷീൻ ലേണിങ് ടീം രൂപീകരിച്ചതും സിരോഷാണ്. ഇതിനു പുറമേ ആമസോണിന്റെ മെഷീൻ ലേണിങ് സെന്റർ ഓഫ് എക്സലൻസിന്റെ സ്ഥാപകനും സിരോഷ് തന്നെ.
നാദെല്ലയുടെ റിക്രൂട്ട്
ക്ലൗഡ് സാങ്കേതികവിദ്യ കത്തിക്കയറുന്ന സമയത്തു നാദെല്ലയാണു സിരോഷിനെ മൈക്രോസോഫ്റ്റിലേക്കു റിക്രൂട്ട് ചെയ്യുന്നത്. അന്നു നാദെല്ല സെർവർ ആൻഡ് ടൂൾസ് പ്രസിഡന്റായിരുന്നു. ആഷർ മെഷീൻ ലേണിങ് പ്ലാറ്റ്ഫോം വികസിപ്പിച്ചത് ജോലിയിൽ പ്രവേശിച്ച് 9 മാസത്തിനുള്ളിൽ. രണ്ടു വർഷത്തിനുള്ളിൽ ബിഗ് ഡേറ്റ, മെഷീൻ ലേണിങ് ടീമുകളുടെ ചുമതലയുള്ള കോർപറേറ്റ് വൈസ് പ്രസിഡന്റായി. പിറ്റേ വർഷം ക്ലൗഡ് എഐ പ്ലാറ്റ്ഫോമിന്റെ മേധാവിയും. അന്ധരായ വ്യക്തികൾക്ക് എഐ ഉപയോഗിച്ച് സഞ്ചരിക്കാനുള്ള ടൂളുകൾ മൈക്രോസോഫ്റ്റ് വികസിപ്പിച്ചത് ഈ സമയത്താണ്. ഒടുവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം ചീഫ് ടെക്നോളജി ഓഫിസർ സ്ഥാനത്ത് നിന്നാണു കോംപസിലേക്കു ചുവടുമാറിയത്.
വീട് വിൽക്കാനും എഐ
റിയൽ എസ്റ്റേറ്റ് ലിസ്റ്റിങ് സൈറ്റുകൾ ഏറെയുണ്ടെങ്കിലും കോംപസിനെ യുഎസിലെ അതിവേഗ വളർച്ചയുള്ള കമ്പനിയായി മാറ്റുന്നതിനു പിന്നിലെ രഹസ്യം ടെക്നോളജിയാണ്. ആമസോണിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതുപോലെ, യുഎസിൽ വീടും സ്ഥലവും വാങ്ങാം. ഏറ്റവും ഡിമാൻഡുള്ള വീടുകൾ, മതിപ്പുവില, സമാനമായ മറ്റു വീടുകൾ എന്നിവ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കണക്കാക്കുന്നു. റോഡ് കണക്ടിവിറ്റി, സ്കൂളിന്റെ സാമീപ്യം, വീടിന്റെ പഴക്കം, ഇന്റീരിയർ, ഫ്രണ്ടേജ് തുടങ്ങി ആയിരക്കണക്കിന് ഡേറ്റാപോയിന്റുകൾ കണക്കാക്കും. രണ്ടു വർഷത്തിനുള്ളിൽ ലോകമെങ്ങും കോംപസ് വ്യാപിപ്പിക്കാനാണു പദ്ധതി. ആയിരക്കണക്കിന് എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുമെന്നർഥം.
തൃശൂര്‍ കാളത്തോട് സ്വദേശികളായ പി.ജെ സഖറിയയുടെയും കെ.ഐ മറിയാമ്മയുടെയും മകനാണ് സിരോഷ്. ഭാര്യ: ദീപ വര്‍ഗീസ്. മക്കള്‍: രോഹിത്, താര, നോവ.