പ്രാരബ്ധം മൂലം പഠനം ഉപേക്ഷിച്ചു, ജെഎൻയുവിലെ സെക്യൂരിറ്റിയായി; ഇനി അവിടുത്തെ വിദ്യാർഥിയും!
രാംജൽ മീന ഇനി മുതൽ ജഹവർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി മാത്രമല്ല, അവിടുത്തെ വിദ്യാർഥി കൂടിയാണ്. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ പഠിച്ച് ജെ.എൻ.യുവിലെ പ്രവേശനപരീക്ഷ വിജയിച്ചിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ ഈ മിടുക്കൻ. റഷ്യൻ ഭാഷയിൽ ബിരുദമെടുക്കാനുള്ള പ്രവേശനപരീക്ഷയാണ് രാംജൽ എന്ന മുപ്പത്തിമൂന്നുകാരൻ ജയിച്ചത്.
2014 മുതൽ ജെഎൻയുവിലെ സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ് രാംജൽ. പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും ജീവിതപ്രാരാബ്ധം കൊണ്ട് പത്താംക്ലാസിന് ശേഷം സ്കൂളിൽ പോകാൻ പറ്റിയില്ല. മുപ്പതു കിലോമീറ്റർ അകലെയായിരുന്നു കോളജ്. പഠിക്കാൻ പോയാൽ അച്ഛനെ ജോലിയിൽ സഹായിക്കാൻ ആരുമില്ലാതാകും. അതിനാൽ ആ മോഹം രാംജൽ ഉപേക്ഷിക്കുകയായിരുന്നു.
ജെ.എൻ.യുവിൽ എത്തുന്നതിന് മുൻപു ദിവസക്കൂലിക്ക് ജോലി ചെയ്താണ് അദ്ദേഹം മൂന്നു സഹോദരിമാരുടെയും വിവാഹം നടത്തിയത്. ഇതിനിടയ്ക്ക് വിദൂരവിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയമീമാംസ, ചരിത്രം, ഹിന്ദി എന്നീ വിഷയങ്ങളിൽ ബിരുദം നേടി. എന്നാലും ഒരു കോളജിൽ പോയി പഠിക്കണമെന്നുള്ള സ്വപ്നം മനസിൽ അണയാതെ കിടന്നു. ജെ.എൻ.യുവിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായതോടെ മോഹം വീണ്ടും വളർന്നു. രാംജലിന്റെ ആഗ്രഹമറിഞ്ഞ വിദ്യാർഥികളും അധ്യാപകരും വേണ്ട പ്രോത്സാഹനങ്ങൾ നൽകി. 15000 രൂപ ശമ്പളത്തിൽ നിന്നു മിച്ചംപിടിച്ചാണ് പഠനസാമിഗ്രികൾ രാംജൽ വാങ്ങിയത്.
ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയാണ് രാംജൽ. അതുകൊണ്ട് ജോലി ഉപേക്ഷിക്കാൻ സാധിക്കില്ല. പകൽ സമയത്തു ക്ലാസിലിരുന്നു പഠിച്ച ശേഷം രാത്രി ജോലി ചെയ്യാനാണു തീരുമാനം. സിവിൽസർവീസാണ് തന്റെ അടുത്ത ലക്ഷ്യമെന്നും രാംജൽ പറയുന്നു.