15-ാം വയസ്സില്‍ വീടു വിട്ടിറങ്ങുമ്പോള്‍ ചിനു കാലയുടെ പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് 300 രൂപയായിരുന്നു. മാറിയുടുക്കാന്‍ രണ്ടു ജോടി ഉടുപ്പും കാലില്‍ ഒരു ജോഡി സ്ലിപ്പറും. വിശാലമായ ലോകത്തേക്ക് ഒറ്റയ്ക്കിറങ്ങി വന്ന ഈ പെണ്‍കുട്ടിയുടെ കൈമുതല്‍ അതിജീവിക്കുമെന്നുള്ള ചങ്കുറപ്പു മാത്രമായിരുന്നു. വീടു തോറും നടന്നു കത്തിയും മറ്റു ചെറിയ വീട്ടുപകരണങ്ങളും വില്‍ക്കുന്ന വില്‍പനക്കാരിയായിട്ടായിരുന്നു തൊണ്ണൂറുകളുടെ അവസാനം ചിനു തന്റെ ജീവിതം ആരംഭിച്ചത്. തുടര്‍ന്നു ഹോട്ടലിലെ വെയ്റ്ററസ് അടക്കം പല ജോലികളും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നു പ്രതിവര്‍ഷം ഏഴര കോടി രൂപയുടെ ടേണോവറുള്ള കമ്പനിയുടെ ഉടമയാണ് ചിനു കാല.

വില്‍പനയ്ക്കായി ചെന്നപ്പോള്‍ തന്റെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളായിരുന്നു ചിനുവിന്റെ ഈ സ്വപ്‌ന സമാനമായ വളര്‍ച്ചയ്ക്കുള്ള ഊര്‍ജ്ജം. വീടു വിട്ടിറങ്ങിയ ചിനു ആദ്യം താമസിച്ചതു ദിവസം 20 രൂപ വാടക നല്‍കേണ്ടുന്ന ഒരു ഡോര്‍മിറ്ററിയിലായിരുന്നു. ആദ്യം കിട്ടിയ വില്‍പന ജോലി കൊണ്ടു ദിവസം 20 മുതല്‍ 60 രൂപ വരെയായിരുന്നു സമ്പാദ്യം. അക്കാലമായിരുന്നതിനാല്‍ ഏതു വീട്ടിലും വില്‍പനയ്ക്കായി ധൈര്യമായി ചെന്നു ബെല്ലടിക്കമായിരുന്നു. പക്ഷേ, ചിലയിടത്തു തന്റെ മുന്നില്‍ കൊട്ടിയടക്കയ്ക്കപ്പെട്ട വാതിലുകള്‍ ഈ 15കാരിയെ കൂടുതല്‍ കൂടുതല്‍ കരുത്തയാക്കി.

ഒരു വര്‍ഷം കൊണ്ടു ചിനു മൂന്നു പെണ്‍കുട്ടികളുടെ പരിശീലകയായ സൂപ്പര്‍വൈസറായി ഉയര്‍ന്നു. ശമ്പളവും അല്‍പം കൂടി. അക്കാലമായിരുന്നു ചിനുവിന്റെ സെയില്‍സ് പരിശീലനത്തിന്റെ തുടക്കം. അന്നു മുതൽ തന്നെ ഒരു സംരംഭകയാകണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു.   

ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാത്ത ചിനുവിന്റെ സ്കൂളും സർവകലാശാലയുമെല്ലാം പുറം ലോകമായിരുന്നു. സെയിൽസ് ജോലിക്കൊപ്പം വൈകുന്നേരം 6 മുതൽ 11 മണി വരെ ഒരു ഹോട്ടലിലെ വെയിറ്റ്റസായും ചിനു പണിയെടുത്തു. ഓരോ ജോലിയും അക്ഷീണം ചെയ്ത് ചിനു പതിയെ വളർന്നു. മൂന്നു വർഷം കൊണ്ട് സാമ്പത്തികമായി സ്ഥിരത നേടി.

2004ൽ അമിത് കാല എന്നയാളെ വിവാഹം ചെയ്ത ചിനു ബാംഗ്ലൂരിലേക്ക് പോയി. രണ്ടു വർഷത്തിനു ശേഷം ഗ്ലാഡ്റാഗ്സിന്റെ മിസ്സിസ്സ് ഇന്ത്യ സൗന്ദര്യ മത്സര വേദിയിൽ സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം ചിനു എത്തി.

ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലമൊക്കെയുള്ള സൂപ്പർ മോഡലുകൾക്കിടയിൽ തന്റെ അനുഭവപാഠങ്ങളുടെ കരുത്തുമായി ചിനു നിന്നു.മത്സരത്തിലെ ഫൈനലിസ്റ്റുകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഫാഷൻ ലോകത്ത് നിരവധി അവസരങ്ങൾ ചിനുവിനെ തേടിയെത്തി.

ഫാഷൻ മേഖലയിൽ മോഡലായി ജോലി ചെയ്യവേയാണ് നല്ല ഫാഷൻ ആഭരണങ്ങളുടെ അഭാവം ചിനു കണ്ടെത്തുന്നത്. ചിനുവിലെ ബിസിനസ്സുകാരി ഉണരുകയും അതിനെ ഒരു അവസരമാക്കി മാറ്റുകയും ചെയ്തപ്പോൾ റൂബൻസ് എന്ന ഫാഷൻ ആക്സസറി ബ്രാൻഡ് പിറന്നു. തന്റെ അത്രയും കാലത്തെ സമ്പാദ്യമെല്ലാം ഇതിനായി ചിനു ഉപയോഗിച്ചു.

ബാംഗ്ലൂരിൽ വിൽപനയ്ക്കായി ഒരു റീട്ടെയിൽ ഇടം ലഭിക്കാൻ ആദ്യമൊക്കെ വിഷമിച്ചു. മാൾ ഉടമകൾക്കു അത്ര വിശ്വാസം പോരായിരുന്നു.ആറു മാസത്തോളം നടന്ന ശേഷം ഒടുവിൽ കോറമംഗലയിലെ ഫോറം മാളിൽ റൂബൻസ് കട തുടങ്ങി.

229 മുതൽ 10,000 രൂപ വരെ വില വരുന്ന എത്തിനിക്, പാശ്ചാത്യ ആഭരണങ്ങളാണ് റൂബൻസ് ഇറക്കിയത്. ബാംഗ്ലൂരിൽ തുടങ്ങിയ സ്ഥാപനത്തിന് ഇപ്പോൾ കൊച്ചിയിലും ഹൈദരാബാദും ശാഖകളുണ്ട്.

2016-17ൽ 56 ലക്ഷം രൂപയായിരുന്നു വരുമാനം. അടുത്ത വർഷം 3.5 കോടിയിലേക്കും അതിനടുത്ത വർഷം 7.5 കോടി രൂപയിലേക്കും വിൽപന വരുമാനം വർദ്ധിച്ചു. 25 പേരോളം ചിനുവിന്റെ കീഴിൽ ഇന്നു ജോലി ചെയ്യുന്നു.

ജോലിയുടെ ഓരോ ദിവസവും പുതുതായി എന്തെങ്കിലും വളർച്ച-വരുമാനത്തിന്റെയോ പഠനത്തിന്റെയോ ആശയത്തിന്റെയോ രൂപത്തിൽ ഉണ്ടാകണം എന്നതാണു ചിനു കാലയുടെ വിശ്വാസപ്രമാണം. താൻ എവിടെ തുടങ്ങിയെന്നുള്ളത് ഒരിക്കലും മറക്കില്ലെന്നും ആ തുടക്കം നൽകിയ കഷ്ടപ്പാടുകളാണ് ഇന്നും തളരാതെ തന്നെ നയിക്കുന്നതെന്നും ഈ 37 കാരി കൂട്ടിച്ചേർക്കുന്നു.