അന്ന് മുംബൈയിലെ ചേരിയിൽ പട്ടിണിയോട് മല്ലിട്ടു; ഇന്ന് അമേരിക്കയിൽ ശാസ്ത്രജ്ഞൻ!
മുംബൈയിലെ കുര്‍ള ചേരിയിലുള്ള ചെറു വീട്ടിലാണു ജയകുമാര്‍ വൈദ്യയെന്ന യുവാവിന്റെ കഥ തുടങ്ങുന്നത്. അച്ഛനും അച്ഛന്റെ വീട്ടുകാരും ഉപേക്ഷിച്ചപ്പോള്‍ ജയകുമാറിനെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയതാണ് അമ്മ നളിനി. ദാരിദ്ര്യമായിരുന്നു കുഞ്ഞുനാളില്‍ ജയകുമാറിന്റെ കൂടെപ്പിറപ്പ്. വടപാവും, സമൂസയും ബ്രഡും ചായയും മാത്രം ഒരു നേരം കഴിച്ച് തള്ളിനീക്കിയിരുന്ന ദിനങ്ങള്‍. അമ്മ വന്നു ഫീസ് അടയ്ക്കും വരെ പരീക്ഷയുടെ ഫലം തടഞ്ഞു വച്ച സ്കൂള്‍ അധികൃതര്‍. പ്രതികൂല സാഹചര്യങ്ങള്‍ നിരവധിയുണ്ടായിട്ടും ഈ അമ്മയും മകനും പൊരുതി നിന്നു. ഇന്ന് അമേരിക്കയിലെ വിര്‍ജീനിയ സര്‍വകലാശാലയില്‍ തന്റെ ഡോക്ടറേറ്റ് പഠനത്തിലാണ് ഈ യുവ ശാസ്ത്രജ്ഞന്. യൂണിവേഴ്സിറ്റിയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വകുപ്പില്‍ നാനോടെക്നോളജി, നാനോ ഓസിലേറ്റേഴ്സ്, നാനോ സ്കെയില്‍ ഡിവൈസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍ പഠിക്കുകയാണ് ജയകുമാര്‍. ഈ യുവാവിന്റെ സ്വപ്ന സമാനമായ വളര്‍ച്ചയുടെ മുഴുവന്‍ ക്രെഡിറ്റും അമ്മ നളിനിക്കു മാത്രം അവകാശപ്പെട്ടതാണ്.
ഒന്‍പതു വര്‍ഷം നീണ്ട നിയമവ്യവഹാരങ്ങള്‍ക്ക് ഒടുവിലാണ് നളിനിക്കു വിവാഹമോചനം ലഭിക്കുന്നത്. ഇനിനിടെ നളിനിയുടെ അമ്മ രോഗിയായി കിടപ്പിലായി. ഇതോടെ നളിനിക്കു സ്വന്തമായുണ്ടായിരുന്ന ക്ലറിക്കല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു. പിന്നെ ചെറിയ ചെറിയ ജോലികള്‍ ചെയ്താണു നളിനി മകനെയും തന്റെ അമ്മയെയും പോറ്റിയത്. അടുത്തുള്ള ക്ഷേത്ര ട്രസ്റ്റ് പഴയ തുണികളും അല്പം റേഷനുമൊക്കെ നല്കി സഹായിച്ചു. മകന്റെ പഠനത്തിനായി പല എന്‍ജിഒകളുടെയും സഹായത്തിനായി അമ്മ കയറിയിറങ്ങി. ചിലരൊക്കെ മകനെ ഡ്രൈവറാക്കാന്‍ വിട് എന്ന മട്ടില്‍ നളിനിയെ പരിഹസിച്ചു. പക്ഷേ, മകനു വേണ്ടി ആരുടെ മുന്നിലും കൈനീട്ടാന്‍ അമ്മ മടിച്ചില്ല.
മറ്റുള്ളവരുടെ വീട്ടില്‍ പോയി കണ്ട സ്പേസ് സിനിമകളും ഡിസ്കവറി ചാനലുമൊക്കെയാണു ജയകുമാറില്‍ ശാസ്ത്രത്തോടുള്ള കൗതുകത്തിനു വിത്തുപാകിയത്. അല്പക്കത്ത് ഗ്രഹണങ്ങളെ പറ്റിയും ജ്യോതിഷത്തെ കുറിച്ചുമൊക്കെ നടക്കുന്ന ചര്‍ച്ചകളും ജയകുമാറിലെ ശാസ്ത്ര ബോധത്തെ ഉണര്‍ത്തി. അവരുടെ അശാസ്ത്രീയമായ ചര്‍ച്ചകള്‍ക്കു പകരം കാര്യങ്ങള്‍ സംഭവിക്കുന്നതിനെ പറ്റിയുള്ള ശരിയായ കാരണങ്ങളാണ് അവന് തേടിയതെന്ന് മാത്രം.
അമ്മയാണു പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജയകുമാറിനെ പ്രചോദിപ്പിച്ചത്. പിക്നിക്കിനു പോകാനോ കൂട്ടുകാരോടൊപ്പം പുറത്തു പോകാനോ ഒന്നും പണമില്ലാതെ അവന് തന്റെ സ്കൂള്‍ കാലഘട്ടം തള്ളി നീക്കി. അതേ കോളനിയില്‍ താമസിക്കുന്ന അകന്ന ബന്ധുക്കളൊന്നും അവിടേക്കു തിരിഞ്ഞു നോക്കിയില്ല. പക്ഷേ, കഠിനാധ്വാനം കൊണ്ടു നാളെ ഒരു മികച്ച ഭാവിയുണ്ടാക്കാമെന്ന് അമ്മയും മകനും ഉറച്ചു വിശ്വസിച്ചു. മെസ്കോ ട്രസ്റ്റാണ് ജയകുമാറിന്റെ സ്കൂളിലെ ഫീസിന്റെ ഒരു ഭാഗം അടച്ചതും കോളജിലെ എന്‍ജിനീയിറിങ് പഠനത്തിന് വായ്പ നല്‍കിയുമൊക്കെ. ടാറ്റാ ട്രസ്റ്റ്, ഇന്ത്യ ഡവലപ്മെന്റ് ഫൗണ്ടേഷന് പോലുള്ള സ്ഥാപനങ്ങളും ചില വ്യക്തികളും ചില്ലറ സഹായങ്ങള്‍ നല്കി.
എപ്പോഴും എല്ലാവരുടെയും സഹായം വാങ്ങുന്നതു ജയകുമാറിന് ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ഒരു ടിവി റിപ്പയര്‍ ഷോപ്പില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് മാസം 4000 രൂപ സമ്പാദിച്ചു. കുര്‍ളയിലെ ഒരു തുണിക്കടയില്‍ ജോലി ചെയ്തും മറ്റ് വിദ്യാർഥികള്‍ക്കായി അസൈന്മെന്റുകള് ചെയ്തു നല്‍കിയും അവന് പണമുണ്ടാക്കി. അങ്ങനെ വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ജയകുമാര്‍ കെജെ സോമയ്യ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പാസ്സായി. കോളജ് പഠനകാലത്ത് റോബോട്ടിക്സില്‍ മൂന്ന് ദേശീയ അവാര്‍ഡും നാലു സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. ഇതിലൂടെ ലാര്സണ് ആന്‍ഡ് ടര്‍ബോയില്‍ ഇന്റേണ്‍ഷിപ്പും ജയകുമാര്‍ സ്വന്തമാക്കി.
തുടര്‍ന്നാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഗവേഷകനായി ചേരുന്നത്. 30,000 രൂപയായിരുന്നു പ്രതിമാസം പ്രതിഫലം. ഈ തുക കൊണ്ടു ജയകുമാര്‍ വീടൊക്കെ മോടി പിടിപ്പിക്കുകയും ഒരു എസി വാങ്ങുകയും ചെയ്തു. ഒപ്പം ജിആര്‍ഇ, ടോഫല്‍ പരീക്ഷകള്‍ക്കായി അപേക്ഷിക്കുകയും ചെയ്തു. ഇതിനു നല്ലൊരു തുക ചെലവായി. ഈ തുകയുണ്ടാക്കാന്‍ ജയകുമാര്‍ ഓണ്‍ലൈനായി രാജ്യാന്തര വിദ്യാർഥികള്‍ക്കു പരിശീലനം നല്കാന് തുടങ്ങി.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു വര്‍ഷ ഗവേഷണത്തിനിടെ ജയകുമാര്‍ രണ്ടു ശാസ്ത്ര പേപ്പറുകള്‍ സയന്റിഫിക്ക് ജേണലുകളില്‍ പ്രസിദ്ധീകരിച്ചു. ഇവയാണ് വിര്‍ജീനിയ സര്‍വകലാശാലയിലേക്കുള്ള വഴി തുറന്നത്. ഗ്രാജുവേറ്റ് റിസര്‍ച്ച് അസിസ്റ്റന്റായി ചേരാനായിരുന്നു ക്ഷണം. തന്റെ ഓണ്‍ലൈന്‍ പരിശീലനം കൊണ്ട് അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റിനുള്ള തുക ജയകുമാറിന് കണ്ടെത്താനായി. ഇതിലൂടെ അമേരിക്കയില്‍ ലഭിച്ച പരിചയങ്ങളും സഹായകമായി.
2000 ഡോളറാണ് ജയകുമാറിന് പ്രതിമാസം ലഭിക്കുന്ന സ്റ്റൈപ്പന്‍ഡ്. 500 ഡോളര്‍ ഹോസ്റ്റല്‍ ഫീസിനും തന്റെ ചെലവുകള്‍ക്കുമായി എടുത്ത ശേഷം ശേഷിക്കുന്ന തുക അമ്മയ്ക്ക് അയച്ചു കൊടുക്കും. ഡോക്ടറേറ്റ് പഠനത്തിന് ശേഷം ഒരു ജോലി, അതിനു ശേഷം ഇന്ത്യയില്‍ ഒരു ഹാര്‍ഡ് വെയര്‍ ടെക്നോളജി കമ്പനി. ഇതൊക്കെയാണ് ജയകുമാറിന്റെ ലക്ഷ്യങ്ങള്‍. അമ്മയെ അമേരിക്കയിലേക്ക് കൊണ്ടു വരണമെന്നും ആഗ്രഹമുണ്ട്. ഹാര്‍ഡ് വെയര്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ സ്വാശ്രയത്വം കൈവരിക്കണമെന്നാണ് ജയകുമാറിന്റെ സ്വപ്നം.