പ്ലസ്ടുവിനു ശേഷം പിഎസ്‌സി പരിശീലനം; സ്വന്തമാക്കിയത് പത്തിലേറെ ജോലികൾ
പ്ലസ്ടു വിജയത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനത്തിനിറങ്ങിയതാണ് പി.വി. വിബിൻ കുമാർ. തിരിച്ചു കയറിയതാകട്ടെ കൈനിറയെ റാങ്കുമായും. ഒന്നിനുപിറകെ ഒന്നായി 20ൽ അധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച സ്ഥാനം, 10ൽ അധികം നിയമന ശുപാർശകൾ. അങ്ങനെ പോകുന്നു വിബിന്റെ നേട്ടങ്ങൾ. പിഎസ്‌സി പരീക്ഷാ പരിശീലനത്തിന് ഇപ്പോഴും സമയം കണ്ടെത്തുന്ന വിബിൻ ഇടുക്കി നെടുങ്കണ്ടം ബ്ലോക്കിലെ സേനാപതി പഞ്ചായത്തിൽ വില്ലേജ് എക്സ്ടെൻഷൻ ഒാഫിസറാണ്.
പ്ലസ്ടുവിനു ശേഷം ഒരു ജോലി അത്യാവശ്യമായതോടെയാണ് വിബിൻ പിഎസ്‌സി പരീക്ഷാ പരിശീലനത്തിനിറങ്ങിയത്. സുഹൃത്തുക്കളുമൊത്തുള്ള കംബൈൻഡ് സ്റ്റഡിയിലായിരുന്നു തുടക്കം. ഒരു വർഷത്തെ കൃത്യമായ പഠനത്തിനൊടുവിൽ പിഎസ്‌സി ലിസ്റ്റുകളിൽ ഉൾപ്പെട്ടു തുടങ്ങിയപ്പോൾ ആത്മവിശ്വാസം കൂടി. ഇതിനിടെ വിദൂര വിദ്യാഭ്യാസം വഴി ബിഎ ഇക്കണോമിക്സ് പഠനവും ആരംഭിച്ചു. പിഎസ്‌സി പരീക്ഷാ പരിശീലനത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറുമായിരുന്നു.
വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, വിഇഒ, കെഎസ്ആർടിസി റിസർവ് കണ്ടക്ടർ, സിവിൽ എക്സൈസ് ഒാഫിസർ, ഫയർമാൻ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, സിവിൽ പൊലീസ് ഒാഫിസർ, സർവകലാശാല അസിസ്റ്റന്റ്, എക്സൈസ് ഇൻസ്പെക്ടർ, അഗ്രോ മെഷിനറി കോർപറേഷനിൽ വർക്ക് അസിസ്റ്റന്റ്, ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ, ബെവ്കോ അസിസ്റ്റന്റ്, എക്സൈസ് പ്രിവന്റീവ് ഒാഫിസർ തുടങ്ങിയവയാണ് വിബിൻ കുമാർ ഉൾപ്പെട്ട പ്രധാന റാങ്ക് ലിസ്റ്റുകൾ. സബ് ഇൻസ്പെക്ടർ തസ്തികയുടെ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും പരിശീലനം നടത്താതെ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്തതിനാൽ വിജയിച്ചില്ല. പിന്നീട് കായിക്ഷമതാ പരീക്ഷയ്ക്കായി നന്നായി തയാറെടുത്തതോടെ സിവിൽ എക്സൈസ് ഒാഫിസർ ഉൾപ്പെടെയുള്ള റാങ്ക് ലിസ്റ്റുകളിലും ഉൾപ്പെട്ടു.
ഇടുക്കി സന്യാസിയോട പുള്ളുവേലിൽ വിദ്യാധരന്റെയും ബീനയുടെയും മകനാണ്. ഭാര്യ സൗമ്യയും പിഎസ്‌സി പരീക്ഷാപരിശീലന രംഗത്ത് സജീവമാണ്. കെഎഎസ് ആണ് വിബിന്റെ അടുത്തലക്ഷ്യം. സ്ട്രീം 2ൽ അപേക്ഷ നൽകിയിട്ടുണ്ട്. ജോലിക്കിടെ ലഭിക്കുന്ന സമയം പാഴാക്കാതെ പരീക്ഷാ പരിശീലനത്തിനു വിനിയോഗിക്കുന്നു. വർഷങ്ങളായി നേടിയ അറിവുകൾ കെഎഎസ് പരീക്ഷയിൽ പ്രയോജനം ചെയ്യുമെന്നുതന്നെയാണ് വിബിന്റെ വിശ്വാസം.
‘‘പിഎസ്‌സി സൈറ്റിൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കാതിരുന്ന കാലത്ത് ശനിയാഴ്ച എഴുതിയ പിഎസ്‌സി പരീക്ഷയിലെ ഉത്തരങ്ങൾ ഉറപ്പാക്കാൻ തിങ്കളാഴ്ച ഇറങ്ങുന്ന തൊഴിൽവീഥിക്കായി കാത്തിരിക്കുമായിരുന്നു. വിവിധ പരീക്ഷകളോടനുബന്ധിച്ച് തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കുന്ന മോഡൽ ചോദ്യപേപ്പറുകൾ ബബിൾ ചെയ്തുതന്നെ പരിശീലിക്കാറുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എഴുതി പൂർത്തിയാക്കാൻ ഇതുവഴി കഴിഞ്ഞു’’.