റെയില്‍വേ ടിക്കറ്റ് കലക്ടറിൽ നിന്ന് ജില്ലാ കലക്ടറിലേക്ക്! പ്രചോദനമാണ് ഈ ജീവിതകഥ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണി ക്രിക്കറ്റിലേക്ക് ഇറങ്ങും മുന്‍പ് റെയില്‍വേ ടിക്കറ്റ് കളക്ടറായിരുന്നു എന്ന് നമുക്കറിയാം. 2010 ബാച്ചിലെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനായ ഗന്ധാം ചന്ദ്രുഡുവിനും പറയാനുള്ളത് സമാനമായ കഥയാണ്.
ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ കൊടപാടു ഗ്രാമത്തിലെ കര്‍ഷക തൊഴിലാളികളുടെ കുടുംബത്തിലാണ് ഗന്ധാം ജനിച്ചത്. കുടുംബത്തില്‍ തന്നെ സ്കൂളിലും കോളജിലുമൊക്കെ പോയ ആദ്യ തലമുറയില്‍പ്പെട്ടയാള്‍. സിവില്‍ സര്‍വീസ് പരീക്ഷ പാസ്സാകും മുന്‍പ് പത്ത് വര്‍ഷത്തോളം ദക്ഷിണ മധ്യ റെയില്‍വേ സോണില്‍ ടിക്കറ്റ് കളക്ടറായിരുന്നു ഇദ്ദേഹം. ഗന്ധാമിന് ഈ ജോലി കിട്ടും മുന്‍പ് കുടുംബത്തില്‍ ആര്‍ക്കും ഒരു ഗവണ്മെന്റ് ജോലി കൂടി ഉണ്ടായിട്ടില്ല. നിലവില്‍ അനന്തപൂര്‍ കളക്ടറാണ് ഗന്ധാം.
അഞ്ചാം ക്ലാസ് വരെ അടുത്തുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു പഠനം. പിന്നീട് ജവഹര്‍ നവോദയ വിദ്യാലയത്തിലേക്കുള്ള പ്രവേശന പരീക്ഷ വിജയിച്ച് കുര്‍ണൂലിലെ ബനവസിയിലുള്ള നവോദയ വിദ്യാലയത്തിലെത്തി. പത്താം ക്ലാസ് വരെ ഇവിടെ പഠനം. ശേഷം പ്ലസ് വണ്‍, പ്ലസ് ടു തൊഴിലധിഷ്ഠിത വൊക്കേഷണല്‍ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷ വിജയിച്ചു. സെക്കന്ദരാബാദിലെ റയില്‍വേ ജൂനിയര്‍ കോളജില്‍ നിന്ന് അങ്ങനെ പഠനം പൂര്‍ത്തിയാക്കിയ ഉടനെ റെയില്‍വേയില്‍ ടിക്ക്റ്റ് കളക്ടറായി ജോലി ലഭിച്ചു. 2000ല്‍ ഈ ജോലി ലഭിക്കുമ്പോള്‍ 18 വയസ്സാകുന്നതേയുണ്ടായിരുന്നുള്ളൂ.
റെയില്‍വേയിലെ ജോലിക്കിടെ ഇഗ്നോയുടെ വിദൂര വിദ്യാഭ്യാസത്തിലൂടെ ഗന്ധാം കൊമേഴ്സില്‍ ബിരുദവും പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടി. റെയില്‍വേയിലെ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് സഹോദരന്റെ പഠനവും ഗന്ധാം നടത്തി. വിജയവാഡയിലെ ഒരു കോളജില്‍ അസിസ്റ്റന്റ് പ്രഫസറാണ് ഇന്ന് സഹോദരന്.
പ്രഫഷണലായി നോക്കുമ്പോള്‍ റെയില്‍വേ ടിക്കറ്റ് കളക്ടര്‍ ജോലി ഗന്ധാമിന് ഒട്ടും സംതൃപ്തി നല്‍കിയില്ല. അങ്ങനെയാണ് ഒന്‍പത് വര്‍ഷത്തെ റെയില്‍വേ ജോലിക്ക് ശേഷം സിവില്‍ സര്‍വീസ് പരീക്ഷ ഗൗരവമായി എഴുതാന്‍ തുടങ്ങിയത്. നവോദയ വിദ്യാലയത്തില്‍ നിന്ന് ലഭിച്ച പഠനത്തിലെ അടിത്തറയും റെയില്‍വേയിലെ സ്ഥിര ജോലി തന്നെ സാമ്പത്തിക സ്വാന്ത്ര്യവും തന്റെ സിവില്‍ സര്‍വീസ് വിജയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതായി ഗന്ധാം കരുതുന്നു. ഓരോ ഘട്ടത്തിലും സകല പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു.
പഠനത്തിനായി അധികം അവധി എടുക്കാന്‍ കഴിയില്ലായിരുന്നു. തിരക്ക് കുറവുള്ള രാത്രികാല ഷിഫ്റ്റുകള്‍ നല്കാന് സൂപ്പര്‍വൈസറോട് അഭ്യര്‍ത്ഥിച്ചു. ജോലിക്കിടെ കിട്ടിയ ഒഴിവ് നേരങ്ങളില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി പഠിച്ചു. ഒരു വര്‍ഷത്തോളം ദിവസവും എട്ട് ഒന്‍പത് മണിക്കൂറുകള്‍ പഠനത്തിനായി മാറ്റിവച്ചു. ഒടുവില്‍ അഖിലേന്ത്യ പരീക്ഷയില്‍ 198-ാം റാങ്കോടെ ഐഎഎസിലേക്ക് പ്രവേശനം.