പഠനം തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ മികച്ച റാങ്കോടെ ലിസ്റ്റിൽ മുന്നിലെത്തിയ മിടുക്കിയാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി വി. മ‍ഞ്ജു. ടീച്ചറാകുക എന്ന ആഗ്രഹം മുൻനിർത്തി നടത്തിയ കഠിനപരിശ്രമം വെറുതെയായില്ല. എൽപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്കും യുപി സ്കൂൾ അസിസ്റ്റന്റ്  ലിസ്റ്റിൽ 16–ാം റാങ്കും നേടിയാണ്  മഞ്ജു തന്റെ ആഗ്രഹം സഫലമാക്കിയത്. യുപിഎസ്എ ലിസ്റ്റിൽ നിന്നു ലഭിച്ച നിയമന ശുപാർശ പ്രകാരം മണ്ണാർക്കാട് തെങ്കര ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് മഞ്ജു ഇപ്പോൾ. ഈ ലിസ്റ്റുകൾക്കു പുറമെ പൊലീസ് കോൺസ്റ്റബിൾ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ബവ്റിജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക്, സെയിൽസ്മാൻ തുടങ്ങി പത്തോളം  ലിസ്റ്റുകളിലും മഞ്‍ജു ഇടംപിടിച്ചിട്ടുണ്ട്.

ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയിട്ടുള്ള മഞ്ജു പാലക്കാട് ഫോക്കസ് അക്കാദമിയിലാണ് പിഎസ്‌സി പരിശീലനം നടത്തിയത്. രാവിലെ പരിശീലന കേന്ദ്രത്തിലെ ക്ലാസിനു ശേഷം വീട്ടിലെത്തിയും പഠനം തുടരും.

മക്കൾ തീരെ ചെറുതായതിനാൽ ചിട്ടയായ പഠനമൊന്നും നടന്നിരുന്നില്ലെന്നു മഞ്ജു പറയുന്നു. എങ്കിലും കിട്ടുന്ന ഒഴിവുസമയമെല്ലാം പരമാവധി വിനിയോഗിക്കാറുണ്ട്. പഠിക്കുന്ന സമയം പൂർണമായും ശ്രദ്ധ പഠനത്തിൽ തന്നെയായിരുന്നു.  രാത്രി 12 മണിവരെ ഇരുന്നാണ് മിക്കവാറും ദിവസങ്ങളിൽ പഠിച്ചിരുന്നത്. 

സെറ്റ് പരീക്ഷ ജയിച്ചിട്ടുള്ളതിനാൽ ഇനി ഹയർസെക്കൻഡറി അധ്യാപക ജോലിയാണ് അടുത്ത ലക്ഷ്യം. ഇതോടൊപ്പം നെറ്റ് പരീക്ഷയും എഴുതിയെടുക്കാനുള്ള ശ്രമത്തിലാണ് മ‍ഞ്ജു. പിഎസ്‌സി പരീക്ഷയിൽ വിജയിക്കാനുള്ള പ്രധാന തന്ത്രം ഗണിതത്തിലും ഇംഗ്ലിഷിലും പരമാവധി മാർക്ക് നേടുകയാണ്.  പഠിക്കുന്ന കാര്യങ്ങളെല്ലാം ഓർത്തുവയ്ക്കാൻ കഴിയുന്ന തരത്തിൽ കോഡുകളായോ  പ്രത്യേക സന്ദർഭങ്ങളായോ ബന്ധിപ്പിക്കുക. പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ പഴയതു മറക്കാനിടയുള്ളതിനാൽ റിവിഷൻ കൃത്യമായി നടത്തണം. പാഠഭാഗങ്ങൾ ആവർത്തിച്ചു പഠിക്കാൻ മറക്കരുത്. പഠിക്കുന്ന സമയം ശ്രദ്ധയോടെ മനസ്സിരുത്തി പഠിക്കാൻ കഴിഞ്ഞാൽ സമയം തികയുന്നില്ലെന്ന പരാതിയുണ്ടാകില്ലെന്നും മഞ്ജു പറയുന്നു. 

മലപ്പുറം വണ്ടൂരിൽ മേലേമഠം വീട്ടിൽ വേലായുധൻ– സ്വർണലത ദമ്പതികളുടെ മകളാണ്. ഭർത്താവ് കെ. എ. ജയകൃഷ്ണൻ തച്ചമ്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ. രണ്ടു പെൺമക്കൾ തന്മയ, പാർവണ.

‘‘പരിശീലനത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് തൊഴിൽവീഥിയാണ്. തൊഴിൽവീഥിയിൽ നൽകിയിരുന്ന എൽപിസ്എ/യുപിഎസ്എ പാഠങ്ങൾ സ്ഥിരമായി പഠിക്കാറുണ്ട്. പരീക്ഷയിൽ ഇത് ഏറെ പ്രയോജനപ്പെട്ടു. ഞാൻ കറന്റ് അഫയേഴ്സും സൈക്കോളജിയും വായിക്കുമ്പോൾ തന്നെ റെക്കോർഡ് ചെയ്തു വയ്ക്കുമായിരുന്നു. ഈ ഓഡിയോ ആവർത്തിച്ചു കേൾക്കും. എല്ലാ സമയവും പരമാവധി വിനിയോഗിക്കാൻ ഇതു സഹായിച്ചു’’.