‘‘ഇക്കണോമിക്സ് നന്നായി പഠിക്കുന്നവർക്ക് ഐഇഎസിനുവരെ ശ്രമിക്കാം’’ – പത്താം ക്ലാസിൽ ടീച്ചർ പറഞ്ഞുകേട്ട ഈ വാചകത്തിൽനിന്നാണ് രേഷ്മ രാജീവന്റെ മനസ്സിൽ ‘ഇന്ത്യൻ ഇക്കണോമിക് സർവീസ്’ എന്ന മോഹം കൂടുകൂട്ടിയത്. കഴിഞ്ഞ ഐഇഎസ് പരീക്ഷയിൽ രേഷ്മ നേടിയത് 17–ാം റാങ്ക്. സിലക്‌ഷൻ കിട്ടിയ 32 പേരിലെ ഏക മലയാളി. 

കൊല്ലം എസ്എൻ വനിതാ കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും തിരുവനന്തപുരം കാര്യവട്ടത്തുനിന്നു പിജിയും യൂണിവേഴ്സിറ്റി ഒന്നാം റാങ്കോടെ നേടുമ്പോഴെല്ലാം സ്കൂളിൽനിന്നു കേട്ട ആ വാചകം രേഷ്മയുടെ മനസ്സിലുണ്ടായിരുന്നു. മാതാപിതാക്കളായ കൊല്ലം മുണ്ടയ്ക്കൽ ശ്രീ ഭവനിൽ പ്രിയംവദയും രാജീവനും പൂർണ പിന്തുണയുമായി ഒപ്പം നിന്നു. 

കാര്യവട്ടം ക്യാംപസിൽ എംഫിൽ ചെയ്യുന്ന സമയത്ത്, കഴിഞ്ഞ ജനുവരിയിലാണ് ഐഇഎസ് പരിശീലനം ആരംഭിച്ചത്. തനിയെയായിരുന്നു പഠനം. ഒപ്പം, തിരുവനന്തപുരത്തുള്ള ഒരു അധ്യാപകൻ നടത്തുന്ന മോക് ടെസ്റ്റുകളിൽ പങ്കെടുത്തു; ഓൺലൈനായും മോക് ടെസ്റ്റുകൾ ചെയ്തു. 

രേഷ്മയുടെ സ്റ്റഡി പ്ലാൻ ഇങ്ങനെ:

∙ എന്തു തിരക്കുണ്ടെങ്കിലും പരിശീലനത്തിനു ദിവസവും കുറച്ചുസമയം മാറ്റിവച്ചു. 

∙ സിലബസ് കൃത്യമായി പഠിച്ചു. പഴയ ചോദ്യക്കടലാസുകൾ ചെയ്തുനോക്കി.

∙ വിവരണാത്മക പരീക്ഷയായതിനാൽ എഴുതിത്തന്നെ പഠിച്ചു; ഒപ്പം മോക് ടെസ്റ്റുകളും.

∙ ഒട്ടേറെ തവണ റിവിഷൻ ചെയ്തു. എല്ലാം കൃത്യമായി ഓർക്കാൻ സഹായിച്ചത് ഇതാണ്.

∙ മുൻപ് ഐഇഎസ് നേടിയ ഒരാളുമായി ഇന്റർവ്യൂവിനു മുൻപ് ഫോൺ മുഖേന മോക് ഇന്റർവ്യൂ ചെയ്തു പരിശീലിച്ചു. 

എംഫിൽ കഴിഞ്ഞ് ഇപ്പോൾ കാര്യവട്ടത്തു പിഎച്ച്ഡി ചെയ്യുകയാണു രേഷ്മ. 

30 വയസ്സ് വരെയാണ് ഐഇഎസിന് അപേക്ഷിക്കാവുന്നത്. ഇക്കണോമിക്സിൽ പിജി വേണം. ജൂൺ 26നു നടക്കുന്ന ആദ്യഘട്ട പരീക്ഷയ്ക്ക് വരുന്ന മാർച്ച് 25 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT