"ഇതു കിട്ടിയാൽ പിയു കോളജ് തുടങ്ങാൻ എളുപ്പമാകുമോ?" പത്മശ്രീ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ ദക്ഷിണ കന്നഡ ഹരേക്കള ന്യൂപദുപ്പിലെ ഹജ്ജബ്ബയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.

സാധനം വാങ്ങാൻ റേഷൻ കടയിൽ നിൽക്കുമ്പോഴാണ് നാരങ്ങാ വിൽപനക്കാരൻ ഹജ്ജബ്ബയുടെ ജീവിതം മാറ്റി മറിച്ച ആ ഫോൺ വിളി വന്നത്. അങ്ങേത്തലയ്ക്കൽ നിന്നു സംസാരം ഹിന്ദിയിലും ഇംഗ്ലിഷിലും. രണ്ടും അറിയാത്ത ഹജ്ജബ്ബ ഫോൺ സമീപത്തെ ഓട്ടോ ഡ്രൈവർ അബ്ബാസിനു കൈമാറി. മറുതലക്കൽ നിന്നു കേട്ട വാക്കുകൾ ആദ്യം അബ്ബാസിനു വിശ്വസിക്കാനായില്ല. അബ്ബാസ് പറഞ്ഞപ്പോൾ ആദ്യം ഹജ്ജബ്ബയും നാട്ടുകാരും വിശ്വസിച്ചില്ല– ഹജ്ജബ്ബയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച വിവരം അറിയിക്കാൻ കേന്ദ്ര ഭരണ സിരാകേന്ദ്രത്തിൽ നിന്നുള്ള വിളിയായിരുന്നു അത്.

ബസ് സ്റ്റാൻഡിൽ മധുരനാരങ്ങ വിറ്റ‌ു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നു മിച്ചം പിടിച്ച് തന്റെ ഗ്രാമത്തിൽ സ‌്കൂളെന്ന സ്വപ്നം യാഥാർഥ്യമാക്കിയ ഹജ്ജബ്ബയെ തേടി രാജ്യത്തെ പരമോന്നത പുരസ‌്കാരം എത്തിയപ്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരം എന്നതിലുപരി നന്മമനസ്സിനുള്ള പ്രോൽസാഹനമായി. 'ഒരുപാട‌് സന്തോഷമുണ്ട‌്. ഈ ബഹുമതി എന്റെ സ‌്കൂളിന‌് സമർപ്പിക്കുന്നു.'– പുരസ്കാര നേട്ടത്തെ കുറിച്ച് ഹജ്ജബ്ബയുടെ പ്രതികരണം ഇതാണ്.

  പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത നാരങ്ങാ വിൽപനക്കാരൻ ഹജ്ജബ്ബയെ പത്മശ്രീയിലെത്തിച്ച മാറ്റങ്ങളുടെ തുടക്കം 20 വർഷം മുൻപാണ‌്. മംഗളൂരു ഹംമ്പൻകട്ടെ ജംക്‌ഷനിൽ രണ്ട‌് വിദേശികൾ നാരങ്ങ വാങ്ങാനെത്തി. അവർ ഇംഗ്ലിഷിൽ പറഞ്ഞതൊന്നും ഹജ്ജബ്ബയ‌്ക്ക‌് മനസ്സിലായില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഹജ്ജബ്ബ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

ദരിദ്രർ മാത്രമുള്ള  ഗ്രാമത്തിൽ വിദ്യാഭ്യാസമെന്നത‌് ഹജ്ജബ്ബയെ പോലുള്ളവർക്കു ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു. എന്നാൽ വരും തലമുറയ്ക്ക് ഈ അവസ്ഥ ഉണ്ടാകരുതെന്ന് അന്നു തീരുമാനിച്ചു. 

തുടർന്നു ന്യൂപദുപ്പിലെ മുസ്‌ലിം പള്ളിയുടെ ഒരു മുറി തരപ്പെടുത്തിയ ഹജ്ജബ്ബ 1999ലാണു സ്കൂളിനു തുടക്കം കുറിക്കുന്നത്. പ്രദേശത്തെ സ്കൂളിൽ പോകാതെ ബീഡി തെറുക്കാനും മറ്റും പഠിക്കുന്ന ഏതാനും കുട്ടികളെ കണ്ടെത്തി അവിടെ എത്തിച്ചു. ഒരു അധ്യാപകനെയും നിയമിച്ചു. അധ്യാപകന്റെ ശമ്പളവും സ‌്കൂളിന്റെ മറ്റ‌് ചിലകളുമെല്ലാം നാരങ്ങാ വിറ്റു കിട്ടുന്ന തന്റെ വരുമാനത്തിൽ നിന്നു കണ്ടെത്തി.

ഭ്രാന്താണെന്നു വരെ പറഞ്ഞ് ആദ്യമൊക്കെ പലരും നിരുത്സാഹപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തെങ്കിലും പിന്നീട് അവരെല്ലാം ഹജ്ജബ്ബയുടെ പിന്തുണയായി മാറി. കുട്ടികളുടെ എണ്ണം കൂടി. പള്ളിയിൽ നിന്നു പള്ളിക്കൂടം വാടക കെട്ടിടത്തിലേക്കു മാറി. നിരന്തര ശ്രമ ഫലമായി സ‌്കൂളിന‌് സർക്കാർ ഭൂമി അനുവദിച്ചു. പലരിൽ നിന്നും കടവും സംഭാവനയും ഒക്കെ വാങ്ങി സ്വന്തം കെട്ടിടം പണിതു.

സ്കൂൾ പിന്നീട‌് സർക്കാരിനു കൈമാറി ദക്ഷിണ കന്നട ജില്ലാ പഞ്ചായത്ത‌് ഹയർ പ്രൈമറി സ‌്കൂളായി മാറി. തുടർന്ന് ഇത് ഹൈസ്കൂൾ ആക്കുന്നതിനായി ഹജ്ജബ്ബയുടെ ശ്രമം. അതും സാധിച്ചു. ഇനി പ്ലസ്ടു (പിയുസി) കൂടി ആരംഭിച്ചു കിട്ടാനുള്ള ശ്രമത്തിലാണു ഹജ്ജബ്ബ.

  കേരളത്തിലെ പത്താം ക്ലാസ് സാമൂഹികപാഠത്തിൽ അധ്യായം 10 പൗരബോധത്തിൽ പ്രവേശക പ്രവർത്തനത്തിൽ ഉൾപ്പെടുത്തി ഹജ്ജബ്ബയെ പരിചയപ്പെടുത്തുന്നുണ്ട്. ശിവമോഗയിലെ  കൂവേമ്പു സർവകലാശാല, ധാർവാഡിലെ കർണാടക സർവകലാശാല, മംഗളൂരു സർവകലാശാല എന്നിവിടങ്ങളിലും ഹജ്ജബ്ബ പാഠ്യവിഷയമാണ്.