രണ്ടാം ക്ലാസില്‍ കാഴ്ച നഷ്ടം; വെല്ലുവിളികൾ മറികടന്നു നേടിയത് സിവില്‍ സര്‍വീസ്!
ഒരു ഓപ്പറേഷനില്‍ ഡോക്ടര്‍മാര്‍ക്കു സംഭവിച്ച കൈപ്പിഴ നഷ്ടമാക്കിയതു രണ്ടാം ക്ലാസുകാരി തപസ്വിനി ദാസിന്റെ കാഴ്ചശക്തിയായിരുന്നു. പക്ഷേ, വിധി കവര്‍ന്നെടുത്ത കണ്ണിലെ വെളിച്ചം സ്വപ്‌നങ്ങള്‍ കൈയ്യെത്തി പിടിക്കുന്നതില്‍ നിന്നു തപസ്വിനിയെ ഒരിക്കലും പിന്തിരിപ്പിച്ചില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം കാഴ്ച പരിമിതര്‍ക്കുള്ള പ്രത്യേക സംവരണമൊന്നുമില്ലാതെ ഒഡീഷ സിവില്‍ സര്‍വീസിലേക്കു ചുവട് വയ്ക്കുകയാണ് ഈ 23കാരി.
ഒഡീഷ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ 161-ാം റാങ്കാണ് അകക്കണ്ണിന്റെ വെളിച്ചത്തില്‍ തപസ്വിനി നേടിയത്. യുപിഎസ്‌സി പരീക്ഷയിലെ പോലെ കാഴ്ച പരിമിതിയുള്ളവര്‍ക്കു പ്രത്യേക സംവരണമില്ലാത്തതിനാല്‍ ജനറല്‍ വിഭാഗത്തില്‍ എഴുതിയാണ് തപസ്വിനിയുടെ ഈ നേട്ടം.
ഭുവനേശ്വറിലെ ഉത്കല്‍ സര്‍വകലാശാലയില്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാർഥിനിയാണ് തപസ്വിനി. രണ്ടാം ക്ലാസില്‍ വച്ചു മകള്‍ക്കു കാഴ്ച നഷ്ടമായപ്പോള്‍ തകര്‍ന്നു പോയ തപസ്വിനിയുടെ മാതാപിതാക്കളായ അരുണ്‍ കുമാര്‍ ദാസും കൃഷ്ണപ്രിയ മോഹന്തിയും അവളെ അന്ധവിദ്യാലയത്തില്‍ ചേര്‍ത്തു. ബ്രെയില്‍ ലിപി ഉപയോഗിച്ചു പഠിച്ചു പത്താം ക്ലാസും, പന്ത്രണ്ടാം ക്ലാസും ബിരുദവുമെല്ലാം ഉന്നത മാര്‍ക്കോടെ തപസ്വിനി പാസ്സായി.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണു സിവില്‍ സര്‍വീസുകാരിയാകണമെന്ന ആഗ്രഹം മനസ്സില്‍ കയറിയത്. ഓഡിയോ ബുക്‌സ് ഉപയോഗിച്ചായിരുന്നു പ്രധാനമായും പഠനം. 161-ാം റാങ്കായതിനാല്‍ ഒഡീഷ ടാക്‌സ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസിലേക്കാണു തപസ്വിനിക്ക് പ്രവേശനം ലഭിക്കുക.
പക്ഷേ, ഇവിടം കൊണ്ടു തന്റെ സ്വപ്‌നങ്ങള്‍ക്കു പൂര്‍ണ്ണവിരാമമിടാന്‍ തപസ്വിനി ഉദ്ദേശിക്കുന്നില്ല. കാഴ്ച പരിമിതിയുള്ളവര്‍ക്കു സംവരണം അടക്കമുള്ള ഇളവുകള്‍ നല്‍കുന്ന യുപിഎസ്‌സി പരീക്ഷയെഴുതി ജയിച്ച് അഖിലേന്ത്യ സിവില്‍ സര്‍വീസിലേക്കു പ്രവേശനം നേടണമെന്നതാണ് ലക്ഷ്യം.