സംസാരിക്കുമ്പോൾ വിക്കുണ്ട്, കോമാളിയുടേതുപോലുള്ള മുഖമാണ്, സൗന്ദര്യവുമില്ല– അവസരങ്ങൾ ചോദിച്ചു ചെല്ലുന്ന ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നെല്ലാം ആ ചെറുപ്പക്കാരനെ പുറത്താക്കാൻ ഇതുപോലെ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. എങ്കിലും സിനിമാ മോഹവും തലയിലേറ്റി ഷൂട്ടിങ് സെറ്റുകളിൽ നിന്നു സെറ്റുകളിലേക്ക് അയാൾ സഞ്ചരിച്ചുകൊണ്ടേയിരുന്നു. എല്ലാവരും അവനെ അപമാനിച്ചു പുറത്താക്കി. പക്ഷേ, അവസാനം തന്റെ എല്ലാ കഴിവുകേടുകളെയും ഒരുമിച്ചുചേർത്ത് ഒരു കഥാപാത്രത്തെ അയാൾ സൃഷ്ടിച്ചു; മിസ്റ്റർ ബീൻ. കോമാളിയുടെ മുഖമുള്ള, സംസാരിക്കാത്ത, സൗന്ദര്യമില്ലാത്ത ഒരു കഥാപാത്രം. തെരുവുകളിലും വേദികളിലും തന്റെ കഥാപാത്രവുമായി അദ്ദേഹം കയറിയിറങ്ങി. പതിയെ ആ കഥാപാത്രത്തെ ലോകം സ്വീകരിച്ചു. ടെലിവിഷൻ പരമ്പരകളായും സിനിമകളായും ആ‌ കഥാപാത്രം പ്രേഷകകോടികളുടെ മനം കവർന്നു. മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതും ജീവൻ നൽകിയതും റൊവാൻ അറ്റ്കിൻസൺ എന്ന പ്രതിഭയാണ്. മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി എന്നാണ് റൊവാൻ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. 

ഇംഗ്ലണ്ടിലെ സമ്പന്നമായ ഒരു കർഷക കുടുംബത്തിൽ നാലാമത്തെ മകനായി 1955 ജനുവരി ആറിനായിരുന്നു ജനനം. വിഡ്ഢിയെപ്പോലെയാണു തന്റെ മുഖം എന്ന അപകർഷതാബോധം കുട്ടിക്കാലം മുതൽ റൊവാനെ വല്ലാതെ അലട്ടിയിരുന്നു. ഇംഗ്ലണ്ടിൽ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അന്തർമുഖനെങ്കിലും പഠനത്തിൽ മിടുക്കനായിരുന്നു. ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 

ചെറുപ്പം മുതൽ അദ്ദേഹത്തോടൊപ്പം വളർന്ന മോഹമായിരുന്നു അഭിനയം. എന്നാൽ ഒരു സിനിമാ താരമാകാനുള്ള സൗന്ദര്യമോ കഴിവോ തനിക്കില്ലെന്നു കൊച്ചു റൊവാൻ വിശ്വസിച്ചു. അവന്റെ ആഗ്രഹം കേട്ടവരെല്ലാം കളിയാക്കി. അതുകൊണ്ടുതന്നെ തന്റെ സ്വപ്നത്തെ അദ്ദേഹം ഉള്ളിൽ ഒതുക്കി. ഓക്സ്ഫഡിലെ പഠനകാലത്ത് അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹം വീണ്ടും തലയുയർത്തി. എന്നാൽ അവസരം ചോദിച്ചു ചെന്നിടത്തുനിന്നെല്ലാം കിട്ടിയത് നിരാശമാത്രം. ഹാസ്യം തനിക്കു വഴങ്ങും എന്ന് റൊവാന് ഉറപ്പായിരുന്നു. അങ്ങനെ ഒരു കോമിക് ഗ്രൂപ്പിൽ അംഗമായി. അവിടെയും വിക്ക് വില്ലനായി. 

തനിക്കു വിജയിക്കാനുള്ള ലോകം സ്വയം സൃഷ്ടിക്കേണ്ടിയിരിക്കുന്നു എന്ന ചിന്ത റൊവാനിൽ രൂപപ്പെട്ടു. അക്കാലത്താണ് റിച്ചാർഡ് കർടിസ് എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം ചേർന്ന് ബിബിസിക്കു വേണ്ടി ‘ദി അറ്റ്കിൻസൺസ് പീപ്പിൾ’ എന്ന പരിപാടി 1978ൽ ചെയ്തു. 1979 ൽ ‘നോട്ട് ദ് 9 ഒ ക്ലോക്ക് ന്യൂസ്’ എന്ന ടെലിവിഷൻ കോമഡിയിലൂടെ അദ്ദേഹം ജനശ്രദ്ധ നേടി. 1990ൽ ഓക്സ്ഫഡിൽ പഠിച്ചു കൊണ്ടിരിക്കെയാണ് മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തിന് ജന്മം കൊടുക്കുന്നത്. വാക്കുകളേക്കാൾ, ശരീര ഭാഷകൊണ്ടാണ് മിസ്റ്റർ ബീൻ സംസാരിക്കുന്നത്.16 എപ്പിസോഡുകളുള്ള സീരീസായും 2 ഫീച്ചർ സിനിമകളായും മിസ്റ്റർ ബീൻ പുറത്തിറങ്ങി. ഒരക്ഷരം പോലും ഉരിയാടാതെ സ്വന്തം ശരീര ചലനങ്ങൾ മാത്രം ഉപയോഗിച്ച് കഥാപാത്രത്തെ അനശ്വരമാക്കിയ റൊവാൻ അറ്റ്കിൻസൺ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളാണ്. ചാർലി ചാപ്ലിനു ശേഷം ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു ഹാസ്യതാരം ഇല്ലെന്നുതന്നെ പറയാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT