27–ാം വയസ്സിൽ ജോലിക്കു കയറിയ കമ്പനിയിൽ 57–ാം വയസ്സിൽ സിഇഒ! പ്രചോദനമാണ് ഈ വിജയകഥ
പ്രഫഷനൽ എന്നതിനെക്കാളുപരി ഗവേഷകൻ എന്ന നിലയിൽ സ്വന്തം കരിയർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ ? സ്വകാര്യ കമ്പനികൾ ആർ & ഡി മേഖലയ്ക്ക് (റിസർച് & ഡവലപ്മെന്റ്) ഏറെ മുൻഗണന നൽകുന്ന ഇക്കാലത്ത് ഐബിഎം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അരവിന്ദ് കൃഷ്ണയുടെ ജീവിതകഥ നിങ്ങൾക്കു പ്രചോദനമാകും.
ഗവേഷണത്തിൽ അതീവ തൽപരനായ അരവിന്ദിന് 15 പേറ്റന്റുകളുണ്ട്. ഡെറാഡൂണിലെ സ്കൂൾ പഠനത്തിനു ശേഷം ഐഐടി കാൻപുരിൽനിന്ന് 1985ലാണ് അരവിന്ദ് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം നേടിയത്. തുടർന്ന്, അക്കാലത്തെ പല ഐഐടിക്കാരെയും പോലെ യുഎസിലേക്ക്. പ്രശസ്തമായ ഇലിനോയ് സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയ ശേഷം 1990ൽ ഐബിഎമ്മിൽ.
100 % ഐബിഎം
പല കമ്പനികളിൽ മാറി മാറി ജോലി ചെയ്ത് കരിയർ ഗ്രാഫ് ഉയർത്തുന്ന പുതുകാല രീതിക്കു കടകവിരുദ്ധമാണ് അരവിന്ദിന്റെ പ്രൊഫൈൽ. 27–ാം വയസ്സിൽ ജോലിക്കു കയറിയ കമ്പനിയിൽ 57–ാം വയസ്സിൽ സിഇഒ.
ഐബിഎമ്മിന്റെ ഗവേഷണവിഭാഗത്തിന്റെയും അതിനൂതന സങ്കേതമായ ക്ലൗഡ് ആൻഡ് കോഗ്നിറ്റീവ് യൂണിറ്റിന്റെയും ചുമതല വഹിച്ചു. ഓപ്പൺ സോഴ്സ് ടെക്നോളജി ദാതാക്കളായ റെഡ്ഹാറ്റിനെ 2019ൽ ഐബിഎം ഏറ്റെടുത്തത് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ്–3400 കോടി ഡോളർ. ക്ലൗഡ് സാങ്കേതികവിദ്യയിൽ ഐബിഎമ്മിനെ കാതങ്ങൾ മുന്നോട്ടെത്തിച്ച ആ കരാറിനു പിന്നിൽ അരവിന്ദ് ആയിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഹൈബ്രിഡ് മൾട്ടിക്ലൗഡ് സാങ്കേതികവിദ്യയിലേക്കും ഐബിഎം ചുവടുവച്ചത്. അരവിന്ദിന്റെ ഗവേഷണമികവ് ഐബിഎമ്മിനു സമ്മാനിച്ചത് ഭാവിയിലേക്കുള്ള കുതിപ്പ്. ‘കമ്പനിക്ക് അടുത്ത യുഗത്തിലേക്ക് ഏറ്റവും അനുയോജ്യനായ സിഇഒ’ എന്ന് അരവിന്ദിനെക്കുറിച്ച് സ്ഥാനമൊഴിയുന്ന സിഇഒ ഗിന്നി റോമറ്റി പറയാൻ കാരണമാണിത്.
ത്രിമൂർത്തികൾ പറയുന്നത്
ലോകത്തെ 10 മുൻനിര ടെക് കമ്പനികളുടെ സിഇഒമാരിൽ മൂന്നുപേരും ഇന്ത്യക്കാർ എന്ന വസ്തുതയാണ് അരവിന്ദ് കൃഷ്ണയുടെ നേട്ടത്തിനൊപ്പം ചർച്ചയായത്. മറ്റു രണ്ടുപേർ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ലയും (52) ആൽഫബെറ്റിന്റെ സുന്ദർ പിച്ചൈയും (47).
എന്നാൽ പ്രധാനമായ മറ്റൊരു വിലയിരുത്തൽ കൂടിയുണ്ട്- മാനേജീരിയൽ മികവിനേക്കാൾ സാങ്കേതികവിദ്യയിലുള്ള മേൽക്കയ്യാണ് ടെക് കമ്പനികളുടെ തലപ്പത്തേക്കുള്ള വളർച്ചയുടെ അളവുകോൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ക്ലൗഡ് കംപ്യൂട്ടിങ്ങും ബ്ലോക്ചെയിനുമെല്ലാം കൊടികുത്തിവാഴാൻ പോകുന്ന ഭാവിയിലെ ഐടി രംഗം നയിക്കാൻ ഇങ്ങനെയുള്ളവർ വേണമത്രേ.
ക്വാണ്ടം കാലത്തേക്ക്
അരവിന്ദ് കൃഷ്ണയുടെ വരവോടെ സാങ്കേതിക രംഗത്ത് ഉയരുന്ന ആകാംക്ഷ ക്വാണ്ടം കംപ്യൂട്ടിങ്ങിനെ സംബന്ധിച്ചാണ്. വേഗത്തിന്റെ കാര്യത്തിൽ സൂപ്പർ കംപ്യൂട്ടറുകളെയും കടത്തിവെട്ടുന്ന ക്വാണ്ടം കംപ്യൂട്ടിങ് 5 വർഷത്തിനകം യാഥാർഥ്യമാകുമെന്ന് അരവിന്ദ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ഇപ്പോഴുള്ളതിലും 1000 മടങ്ങ് ശേഷിയുള്ള ബാറ്ററികളും ഭാരം കുറഞ്ഞ വിമാനങ്ങളുമൊക്കെ വരും. ഗൂഗിളും ഏറെ താൽപര്യമെടുക്കുന്ന ഈ രംഗത്ത് ഐബിഎം എത്രത്തോളം വിജയം നേടുമെന്ന് വരുംകാലം വ്യക്തമാക്കും. അരവിന്ദിന്റെ ഫെയ്സ്ബുക് പ്രൊഫൈലിന്റെ കവർചിത്രം പോലും ക്വാണ്ടം കംപ്യൂട്ടിങ്ങിനെക്കുറിച്ചാണ്.